സന്തോഷ് ജംക്ഷൻ – വാര്യാപുരം റോഡ് വീണ്ടും കുഴിച്ച് പൈപ്പിടൽ: പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തടഞ്ഞു
ഓമല്ലൂർ ∙ പൈപ്പ് ഇടാൻ ജല അതോറിറ്റി സന്തോഷ് ജംക്ഷൻ – വാര്യാപുരം റോഡ് വശം വീണ്ടും കുഴിച്ചത് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ തടഞ്ഞു. ജോലികൾ നിർത്തിവയ്പിച്ച് കുഴിച്ചഭാഗം മണ്ണിട്ടുമൂടിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഉന്നത നിലവാരത്തിൽ നവീകരിച്ച് സന്തോഷ് ജംക്ഷൻ – വാര്യാപുരം റോഡ് കുത്തിപ്പൊളിക്കുന്നത് കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു. റോഡ് നിർമാണം ആരംഭിക്കും മുൻപെ ഇരുവശത്തും പൈപ്പ് ഇട്ടതാണെന്നും നിലവിലെ പൈപ്പിന് ഒരു കേടുപാടും ഇല്ലെന്നും കാണിച്ച് പഞ്ചായത്ത് പ്രസിഡന്റ് പദ്ധതിയുടെ പ്രോജക്ട് എക്സിക്യൂട്ടീവ് എൻജിനീയർക്ക് കത്ത് നൽകിയിരുന്നു.
ഒന്നര വർഷമായി മഴയും വെയിലും ഏറ്റ് റോഡ് വശത്ത് കിടന്ന പൈപ്പുകളാണ് ഇടാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചതിനെ തുടർന്ന് പൈപ്പുകൾ എല്ലാം കരാറുകാർ എടുത്തുകൊണ്ടുപോയി.ഇന്ന് പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുമെന്ന് ജോൺസൺ വിളവിനാൽ പറഞ്ഞു. പദ്ധതിക്ക് എതിരല്ല.
പദ്ധതിക്ക് ആദ്യം വേണ്ടത് ടാങ്കും പ്ലാന്റും ആണ്. ഇതിന്റെ പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല.
ഇവയുടെ നിർമാണം ആരംഭിച്ചശേഷം റോഡ് വെട്ടിപ്പൊളിച്ചാൽ മതിയെന്നും ഇത്തരത്തിൽ വെട്ടിപ്പൊളിച്ച ഒട്ടേറെ റോഡുകൾ പഞ്ചായത്തിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.വൈസ് പ്രസിഡന്റ സ്മിത സുരേഷ്, വാർഡ് അംഗം ഉഷ റോയി എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]