
മാലിന്യം തള്ളൽ ചെറുക്കാൻ ക്യാമറ ഒന്നല്ല, ഒൻപത് !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ പൂഴിക്കാട് ചിറമുടിയിൽ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നഗരസഭയുടെ ആലോചനകൾക്കെതിരെ പ്രദേശവാസികൾ രംഗത്തെത്തിയത് ഫലത്തിൽ നാടിനു ഗുണമായി. ഇൻസിനറേറ്റർ മറ്റൊരു സ്ഥലത്ത് പരിഗണിക്കാമെന്ന നഗരസഭാ തീരുമാനമാണ് ഒരു ഗുണം. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറകളും വഴിവിളക്കുകളും സ്ഥാപിച്ചതാണ് മറ്റൊന്ന്. പിന്നാലെ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിനോദ സഞ്ചാരപദ്ധതികളും പ്രഖ്യാപിക്കപ്പെട്ടു.
ചിറമുടിയിലെ ഒഴിഞ്ഞ സ്ഥലത്ത് ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള സാധ്യത അധികൃതർ ആലോചിച്ചത് കഴിഞ്ഞ മാസമാണ്. തുടക്കത്തിൽ തന്നെ പ്രദേശവാസികൾ എതിർത്തു. ഈ മാസമാദ്യം ചിറമുടി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മയും നടത്തി. എന്നാൽ, അന്നു അർധരാത്രിയിൽ തന്നെ ചിറമുടിയിലെ തോട്ടിൽ അജ്ഞാതർ ശുചിമുറി മാലിന്യമൊഴുക്കി.
തുടർന്ന്, സമിതി സ്വന്തം നിലയിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചു.ഇതിനിടെ, കഴിഞ്ഞ ദിവസം സ്പോൺസർഷിപ്പിൽ നഗരസഭ 3 ക്യാമറകൾ സ്ഥാപിച്ചു. സംരക്ഷണസമിതി സ്ഥാപിച്ചത് 6 ക്യാമറകളും. രാത്രികാലങ്ങളിലും വാഹനത്തിന്റെ നമ്പർ അടക്കം പകർത്താൻ ശേഷിയുള്ള 2 എഐ ക്യാമറകളും സമിതി സ്ഥാപിച്ചവയിലുണ്ട്. നഗരസഭ വഴിവിളക്കുകളും സ്ഥാപിച്ചതോടെ, ചിറമുടി ഇനി മാലിന്യമുക്തമായി മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഇൻസിനറേറ്ററിനെതിരായി നാട്ടുകാർ രംഗത്തെത്തിയതോടെ, നേരത്തെ പ്രഖ്യാപിച്ചിരുന്ന വിനോദസഞ്ചാര പദ്ധതികൾക്ക് ജീവൻ വച്ചു. കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിൽ വിനോദസഞ്ചാരത്തിനുള്ള സൗകര്യങ്ങളൊരുക്കാൻ 51 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ഇനി ടെൻഡർ നടപടിയാണ്. വിനോദസഞ്ചാര പദ്ധതിക്കായി 3.5 കോടി രൂപ വകയിരുത്തിയിരുന്നെന്നും പ്രാരംഭ ജോലികൾക്കായി 50 ലക്ഷം രൂപ അനുവദിച്ചെന്നും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും നേരത്തെ അറിയിച്ചിരുന്നു.
ക്യാമറ ഉദ്ഘാടനം 31ന്
പന്തളം ∙ചിറമുടി സംരക്ഷണസമിതി സ്ഥാപിച്ച ക്യാമറകളുടെ ഉദ്ഘാടനം 31ന് 4ന് നടക്കും. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബി.പ്രദീപ് കുമാർ അധ്യക്ഷനാകും. ചിറമുടിയിൽ സ്ഥാപിക്കാനായി സമിതി വാങ്ങിയ പൊക്കവിളക്കുകൾ ചടങ്ങിൽ വച്ചു കൈമാറുമെന്ന് സെക്രട്ടറി സുജി ബേബി പറഞ്ഞു.