പത്തനംതിട്ട∙ നഗരത്തിൽ റിങ് റോഡ് ഭാഗത്തെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം. 6.5 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്.
നടപ്പാത, ഉചിതമായ ഇടങ്ങളിൽ ഇരിപ്പിടം തുടങ്ങിയവ ഉൾപ്പെടെ സ്ഥാപിക്കും. മുത്തൂറ്റ് ആശുപത്രി ഭാഗം മുതൽ അഴൂർ, സ്റ്റേഡിയം ജംക്ഷൻ, സെന്റ് പീറ്റേഴ്സ് ജംക്ഷൻ വരെയാണ് സൗന്ദര്യവൽക്കരണം.
ഇന്നലെ അബാൻ ജംക്ഷനിൽ നിന്നു സ്റ്റേഡിയം ഭാഗത്തേക്കുള്ള പാതയിൽ അറവുശാലയ്ക്ക് സമീപം റോഡരികിലെ കുറ്റിക്കാടുകൾ നീക്കം ചെയ്തു തുടങ്ങി.
പദ്ധതിപ്രകാരം റോഡരികിൽ സംരക്ഷണ ഭിത്തിയും കെട്ടും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി.
നഗര സൗന്ദര്യവൽക്കരണ പ്രവൃത്തിയുടെ നിർമാണോദ്ഘാടനം മന്ത്രി പി.എം.മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. നഗര റോഡുകളുടെ മുഖഛായ മാറ്റി നവീകരിക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നു മന്ത്രി വ്യക്തമാക്കി.
9 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് നിർദേശം.
നിലവിൽ കുറ്റിക്കാടുകൾ നിറഞ്ഞ നിലയാണ് റിങ് റോഡിൽ പലയിടത്തും. റോഡരികിലെ ഈ സ്ഥിതി കാൽനടയാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.
റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയ്ക്ക് ഇത് കാരണമാകുന്നു.
രാത്രികാലങ്ങളിലും അപകടസാധ്യത കൂടുതലാണ്.
ഇരുളിൽ നിന്നു മോചനം എന്ന്?
രാത്രിയായാൽ അബാൻ ജംക്ഷനിൽ നിന്നു സ്റ്റേഡിയം ഭാഗത്തേക്കുള്ള പാതയിലെ കാൽനടയാത്ര നെഞ്ചിടിപ്പോടെയാണ്. മേൽപാലം പണിയുടെ ഭാഗമായി ഈ ഭാഗത്തെ വൈദ്യുതി ലൈനുകൾ നീക്കം ചെയ്തതാണ് പാത ഇരുട്ടിലാകാൻ കാരണം.
ഭൂഗർഭ കേബിളാണ് പകരം സ്ഥാപിച്ചത്. ഈ ഭാഗത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഉൾപ്പെടെ ഒട്ടേറെപ്പേർ കാൽനടയായി ഈ വഴി ദിവസേന സഞ്ചരിക്കുന്നുണ്ട്.
ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും സാന്നിധ്യമുള്ള ഇവിടെ മൊബൈൽ വെളിച്ചത്തിൽ യാത്ര ചെയ്യേണ്ട
സ്ഥിതിയാണ്. ജനത്തിന്റെ ദുരിതം പരിഹരിക്കാൻ ഉത്തരവാദപ്പെട്ട
കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ ഇക്കാര്യം കണ്ടില്ലെന്ന മട്ടിലാണെന്ന പരാതിയും ശക്തമാണ്. റോഡ് ഫണ്ട് ബോർഡ് തീരുമാനമെടുത്താൽ തെരുവ് വിളക്കുകൾ ഒരു ഭാഗത്ത് സ്ഥാപിക്കാൻ കെഎസ്ഇബിക്ക് കഴിയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

