കവിയൂർ ∙ വെണ്ണീർവിള പാടശേഖരത്തിൽ വെള്ളം എത്തുന്നതിനു നിർമിച്ചത് 3 കിലോമീറ്റർ ജലസേചന കനാൽ. ഇപ്പോൾ വെള്ളമെത്തുന്നത് വെറും 30 മീറ്റർ ദൂരം മാത്രം. ഇതോടെ 75 ഏക്കറോളം വരുന്ന പാടശേഖരത്തിൽ 20 ഏക്കറോളം വർഷങ്ങളായി തരിശു കിടക്കുന്നു.
ബാക്കി കൃഷി ചെയ്യുന്ന 55 ഏക്കറോളം ഭാഗത്തു കൃഷിക്ക് വെള്ളം കിട്ടാതെയും കൊയ്ത്തു കാലത്ത് വെള്ളം ഒഴുക്കിവിടാൻ കഴിയാതെയും കൃഷി നഷ്ടത്തിലാകുന്നു. കനാൽ ശരിയാക്കിയില്ലെങ്കിൽ ഈ വർഷം കൃഷി ഇറക്കില്ലെന്ന നിലപാടിലാണു കർഷകർ.
പെരുമ്പടി തോടിനോടു ചേർന്നു പമ്പ് ഹൗസ് നിർമിച്ച് അവിടം മുതൽ തുരുത്ത് വരെ 3 കിലോമീറ്റർ ദൂരമാണു ചെറുകിട
ജലസേചന വകുപ്പ് 20 വർഷം മുൻപു കനാൽ നിർമിച്ചത്. ഇതോടെ പാടശേഖരത്തിൽ എല്ലായിടത്തും വെള്ളം എത്തുകയും കൃഷി ചെയ്യാൻ കഴിയുകയും ചെയ്തിരുന്നു.
കാലാകാലങ്ങളായി അറ്റകുറ്റപണി നടത്താത്തതിനാൽ കനാലിന്റെ തകരാത്ത ഭാഗം എങ്ങുമില്ലെന്ന സ്ഥിതിയാണിപ്പോൾ. പെരുമ്പടി തോട്ടിൽ നിന്നു വെള്ളം പമ്പ് ചെയ്താൽ 30 മീറ്റർ ദൂരം കഴിയുമ്പോഴേക്കും കനാലിന്റെ മുറിഞ്ഞ ഭാഗം വഴി വെള്ളം പാഴാകുകയാണ്.
10 വർഷം മുൻപു കനാൽ അറ്റകുറ്റപണി നടത്തുന്നതിനു കരാർ നൽകിയിരുന്നു.
ബിൽതുക കിട്ടാതെ കരാറുകാരൻ കേസ് നൽകിയതോടെ പിന്നീട് പണികൾ ഒന്നും ചെയ്തിട്ടില്ല. നവംബർ ആദ്യമാണു വെണ്ണീർവിള പാടത്ത് എല്ലാ വർഷവും കൃഷിയിറക്കുക. വിത്ത് വിതയ്ക്കുന്നതിനു പുറകേ വെള്ളം എത്തിക്കേണ്ടിവരും.
കനാൽ വഴി വെള്ളം തുറന്നു വിടുമ്പോൾ ഇടയ്ക്കുള്ള തകർന്ന ഭാഗം വഴി പാടത്ത് വെള്ളം നിറയും. ഈ ഭാഗം പിന്നീട് ചതുപ്പായി മാറും.
ഇതുകാരണം കഴിഞ്ഞ വർഷം കൊയ്ത്തു സമയത്ത് പലയിടത്തും യന്ത്രം ഇറക്കാൻ കഴിഞ്ഞില്ലെന്നു പാടശേഖര സമിതി മുൻ പ്രസിഡന്റ് കെ.ആർ.സദാശിവൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ കഴിഞ്ഞ തിരുവല്ല താലൂക്ക് വികസന സമിതിയിൽ വിഷയം ഉന്നയിച്ചിരുന്നെങ്കിലും നടപടിയായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]