
ഓണമുണ്ടവയറേ ചൂളം പാടിക്കിടയെന്നാണ്. പക്ഷേ ഓണക്കാലത്ത് അങ്ങനെയങ്ങു വെറുതേ കിടക്കാനല്ല, കളിചിരികളുടെ വട്ടമൊരുക്കാനാണു കുട്ടിക്കൂട്ടത്തിനുമുതൽ ഇഷ്ടം.
ഓണസദ്യയെല്ലാമൊരുങ്ങി ഊണും കഴിഞ്ഞാൽപ്പിന്നെ വീട്ടകങ്ങളെല്ലാമൊരു മയക്കത്തിലേക്കമരും. പക്ഷേ വീട്ടുകാരെല്ലാം ഓരോ അയൽവട്ടങ്ങളിയായി കളിചിരികളിലേക്കുണരും.
പെണ്ണുങ്ങളുടെ കൂട്ടം കൈകൊട്ടിക്കളിച്ചും പൂപ്പടയിട്ടും തുമ്പിതുള്ളിയും അതിനൊപ്പം വിശേഷങ്ങുകൈമാറിയുമങ്ങനെ രസിക്കും.
കൊല്ലംമുഴുവനുമോടുന്ന ജോലിത്തിരക്കിന് ഓണനാളിലാണ് ഇത്തിരിവിശ്രമം. വട്ടത്തിൽക്കൂടി പാട്ടുപാടി കൈകൊട്ടിയാണു കൈകൊട്ടിക്കളി.
രണ്ടുപേർ പാടുന്നത് മറ്റുള്ളവർ ഏറ്റുപാടിയാണു കളിക്കുക.
വാദ്യങ്ങളൊന്നും വേണ്ടെങ്കിൽക്കൂടി ചിലർ കൈമണികൊട്ടി താളമിടാറുണ്ട്. പോരുവിൻ പോരുവിൻ കന്യമാരേ എന്നു തുടങ്ങുന്ന കൈകൊട്ടിക്കളിപ്പാട്ടും തുടർന്നു വീരവിരാട
കുമാരവിഭോ എന്ന ഉത്തരാ സ്വയംവരം ആട്ടക്കഥയുടെ ഭാഗവുമൊക്കെയാണു സാധാരണ പാടിക്കളിക്കുക. വിവാഹിതരായ സ്ത്രീകളാണു പൊതുവേ കൈകൊട്ടിക്കളി നടത്തുന്നത്.
കൈകൊട്ടിക്കളിക്കു പിന്നാലെതന്നെ തുമ്പികളെത്തും.
ഓണത്തുമ്പികളല്ല, പാടിയാടി പൂക്കളംവാരുന്ന തുമ്പികൾ. യുവതികളും പെൺകുട്ടികളുമാണു തുമ്പിതുള്ളുന്നത്.
വട്ടത്തിലിരിക്കുന്ന പെൺകുട്ടിക്കൂട്ടത്തിനു നടുവിലാണു തുമ്പിപ്പെണ്ണിരിക്കുക. കൈയിൽ തുമ്പക്കുടം ഇലയോടെ കൂട്ടിപ്പിടിക്കും.
അവളെച്ചുറ്റിയുള്ള കൂട്ടരും പാട്ടുകാരും പതിയെ പാടിത്തുടങ്ങും. പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ എന്നു തുടങ്ങുന്ന പാട്ട് ഓരോ ഘട്ടത്തിലും വേഗമേറി വരും.
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല തുമ്പിത്തുടർമാല പൊന്മാല എന്തെന്റെ തുമ്പീ തുള്ളാത്തൂ പന്തലിൽ പൂക്കുല പോരാഞ്ഞോ
ഇങ്ങനെ താളവും വേഗവും കൂടുന്തോറും തുമ്പി തുള്ളിത്തുടങ്ങും.
ഒടുവിൽ ഉറഞ്ഞുതുള്ളി പൂക്കളം വാരുന്നതോടെയാണു തുമ്പിതുള്ളൽ അവസാനിക്കുന്നത്. ചിലയിടത്ത് ഇതിനുമുൻപായി പൂക്കൾ കൂട്ടി പൂപ്പട
വാരുന്നതും ഉണ്ട്.തായവും പകിടയുമൊക്കെ പുരുഷന്മാരുടെ കുത്തകയാണ്. നിലത്തു കളം വരച്ചാണു കളിക്കുക.
പണ്ട് ക്ഷേത്രങ്ങളുമായി ചേർന്നുള്ള കളത്തട്ടുകളും മരച്ചുവടുകളുമൊക്കെയായിരുന്നു ഇത്തരം കളികളുടെ കേന്ദ്രങ്ങൾ.കവടിയോ ചൂണ്ടപ്പനയുടെ കുരുക്കളോ ആണു കരു.
ഇവ വീഴുന്നതു മലർന്നോ കമിഴ്ന്നോ എന്നതനുസരിച്ചു കളത്തിൽ മുന്നോട്ടുപോകാം. ഒരാൾക്ക് അഞ്ച് ചൂതുവീതം ഉണ്ട്.
വളപ്പൊട്ടുകളോ കക്കകളോ ഒക്കെയാണു ചൂതായി ഉപയോഗിക്കുക. അഞ്ചു ചൂതും അവസാനത്തെ കളത്തിലെത്തിക്കുകയാണു ലക്ഷ്യം.
ആദ്യമെത്തിക്കുന്നയാൾ വിജയി. അൽപംകൂടി ഗൗരവമാണു പകിട.
അറ്റം ഉരുണ്ട ദീർഘചതുരത്തിലുള്ള പകിടയുടെ ഓരോ വശത്തും ഒന്ന്, മൂന്ന്, നാല്, ആറ് എന്നിങ്ങനെ അടയാളമുണ്ട്.
മരപ്പകിടയും ലോഹപ്പകിടയുമുണ്ട്.
ലോഹമെങ്കിൽ അകം പൊള്ളയായി അടയാളങ്ങൾ ദ്വാരമിട്ടാണുണ്ടാക്കുക. പകിട
പന്ത്രണ്ടും വീഴ്ത്തുന്നവരാണു വിജയിക്കുക. കൂട്ടും കൂട്ടവുമൊക്കെയാകുമ്പോൾ സങ്കടങ്ങളും ആധികളുമൊക്കെ പറഞ്ഞും കേട്ടറിഞ്ഞുമൊക്കെ പാതിയും അലിയും.
പിണക്കങ്ങളുടെ കടുപ്പം ശർക്കരപോലെ പതുക്കെയലിയും. കനത്തമുഖങ്ങളിയാലും പതുക്കെ ഓണവെയിൽത്തിളക്കം പോലെ ചിരി നിറയും.
വേറെന്തുവേണം ഉള്ളുനിറയാൻ! …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]