
പത്തനംതിട്ട ∙ തന്റെ പ്രിയപ്പെട്ട
വിദ്യാലയത്തിലേക്ക് അജ്സൽ ഒരിക്കൽ കൂടിയെത്തി. കണ്ണീരണിഞ്ഞ മിഴികളും കൂപ്പുകൈകളുമായി സഹപാഠികളും അധ്യാപകരും കൂട്ടുകാരും കാത്തിരുന്നു.
കല്ലറക്കടവിൽ അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപെട്ട് മുങ്ങിമരിച്ച അജ്സൽ അജീബിന്റെ (14) മൃതദേഹം ഇന്നലെ രാവിലെയോടെയാണ് പത്തനംതിട്ട മാർത്തോമ്മാ ഹൈസ്കൂളിൽ എത്തിച്ചത്.
സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിയായ അജ്സൽ ഓണപ്പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കിടാനാണ് കൂട്ടുകാർക്കൊപ്പം അച്ചൻകോവിലാറിന്റെ തീരത്ത് എത്തിയത്.
തടയണയുടെ ഭാഗത്ത് നിന്നു താഴേക്ക് കാൽവഴുതി വീണായിരുന്നു അപകടം.
സ്കൂളിലെ പൊതുദർശനത്തിൽ കലക്ടർ എസ്.പ്രേംകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, സ്കൂൾ മാനേജർ കുരുവിള മാത്യു, പ്രിൻസിപ്പൽ ജിജി മാത്യു സ്കറിയ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മൃതദേഹം പത്തനംതിട്ട
ചിറ്റൂരിലെ വീട്ടിലേക്ക് എത്തിച്ചപ്പോൾ വികാരനിർഭരമായിരുന്നു രംഗങ്ങൾ. തടത്തിൽ വീട്ടിൽ അജീബിന്റെയും സലീനയുടെയും ഏകമകനാണ് അജ്സൽ.
മാതാപിതാക്കളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു അജ്സലിന്റെ ജനനം. മകന്റെ അപ്രതീക്ഷിത വേർപാടിന്റെ തീരാനോവിലായിരുന്നു മാതാപിതാക്കൾ.
ആശ്വസിപ്പിക്കാൻ എത്തിയവരുടെ വാക്കുകളും കണ്ണീരിൽ മുങ്ങി. കബറടക്കത്തിനായി ഉച്ചയോടെ മൃതദേഹം പത്തനംതിട്ട
ടൗൺ ജുമാ മസ്ജിദിലെത്തിച്ചു.
കാണാമറയത്ത് നബീൽ
അജ്സലിനൊപ്പം ഒഴുക്കിൽപെട്ട നബീൽ നിസാമിനെ കണ്ടെത്താനായി ഇന്നലെയും തിരച്ചിൽ തുടർന്നു.
അഗ്നിരക്ഷാ സേനയുടെ പത്തനംതിട്ട, ചെങ്ങന്നൂർ സ്കൂബ സംഘങ്ങളാണ് തിരച്ചിൽ നടത്തിയത്. വേലൻകടവു കഴിഞ്ഞുള്ള തടയണ ഭാഗത്തും സ്കൂബ സംഘമെത്തി.
മുണ്ടുകോട്ടയ്ക്കൽ കൊന്നമൂട് ഒലീപ്പാട്ട് നിസാമിന്റെയും ഷബാനയുടെയും മകനാണ് 9–ാം ക്ലാസ് വിദ്യാർഥിയായ നബീൽ. ഇന്നലെ സന്ധ്യയോടെ നബീലിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.
ഇന്നു രാവിലെ പുനരാരംഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]