
തണ്ണിത്തോട് ∙ കല്ലാറിന്റെ ഓളങ്ങൾക്ക് ആഘോഷത്തിന്റെയും ആവേശത്തിന്റെയും അലയിളക്കമായി അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടന്നു. കോന്നി കരിയാട്ടത്തിന്റെ ഭാഗമായി തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നടത്തിയ കുട്ടവഞ്ചി തുഴച്ചിൽ മത്സരം കാണികൾ ആവേശത്തോടെ ഏറ്റുവാങ്ങി.
കല്ലാറിന്റെ നെട്ടായത്തിലൂടെ ആവേശത്തിരയിൽ കുട്ടവഞ്ചികൾ കുതിച്ചുനീങ്ങുമ്പോൾ കാഴ്ചക്കാർ കരഘോഷങ്ങളും ആർപ്പുവിളികളും കൊണ്ട് തുഴച്ചിലുകാർക്ക് ഊർജമേകി.
കല്ലാറ്റിലെ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കടവും പരിസരങ്ങളും കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു.വിവിധ വർണങ്ങളിലുള്ള മുത്തുക്കുടകളും തോരണങ്ങളും ബലൂണുകളും ഉൾപ്പെടെ വൈവിധ്യമാർന്ന അലങ്കാരങ്ങളുമായി 22 കുട്ടവഞ്ചികൾ പ്രദർശന ജല യാത്രയിൽ അണിനിരന്നു. ഇതിനു ശേഷം നടന്ന തുഴച്ചിൽ മത്സരത്തിൽ 8 കുട്ടവഞ്ചികളിലായി 16 തുഴച്ചിലുകാർ പങ്കെടുത്തു.
2 ബാച്ചുകളായി 4 വീതം കുട്ടവഞ്ചികളിൽ 2 തുഴച്ചിലുകാർ വീതം മത്സരിച്ചു.
അതിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരായ തുഴച്ചിൽകാരെ പങ്കെടുപ്പിച്ച് ഫൈനൽ മത്സരം നടത്തി. കെ.യു.ജനീഷ്കുമാർ എംഎൽഎ കുട്ടവഞ്ചി തുഴച്ചിൽ മത്സരം ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ കോറി അധ്യക്ഷത വഹിച്ചു.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം ആർ.ബി.രാജീവ്കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്.ശശീന്ദ്രകുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ നൗഷാദ്, എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.അജികുമാർ, സെക്രട്ടറി എസ്.അഖിൽ, ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
കോന്നി കരിയാട്ടം എക്സ്പോയുടെ ഭാഗമായി വിവിധ ടൂറിസം കേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമാക്കി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കരിയാട്ടത്തിന്റെ ഭാഗമായി 2023 ലാണ് അടവിയിൽ ആദ്യമായി കുട്ടവഞ്ചി തുഴച്ചിൽ മത്സരം ആരംഭിച്ചത്. വിദേശികൾ ഉൾപ്പെടെ കൂടുതൽ വിനോദ സഞ്ചാരികളെ അടവിയിലേക്ക് എത്തിക്കാൻ കുട്ടവഞ്ചി തുഴച്ചിൽ മത്സരവും പ്രദർശന ജല യാത്രയും സഹായകമാകുമെന്നാണ് പ്രതീക്ഷ.
വിജയികൾ ഇവർ
കുട്ടവഞ്ചി തുഴച്ചിലുകാർക്കായി നടത്തിയ തുഴച്ചിൽ മത്സരത്തിൽ എ.എസ്.ജോസഫ്, രാധാകൃഷ്ണൻ നായർ എന്നിവരുടെ ടീമിന് ഒന്നാം സ്ഥാനവും മുരളീധരൻ നായർ, അഴകൻ ടീമിന് രണ്ടാം സ്ഥാനവും വിൽസൺ ജോയി, സുകേശൻ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
കുട്ടവഞ്ചികളുടെ പ്രദർശന ജലയാത്രയിൽ മനോഹരൻ, മുരളീധരൻ നായർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]