
പന്തളം ∙ ഓണമെത്തിയതോടെ ഗതാഗതക്കുരുക്കിലമർന്ന നഗരത്തിൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് സങ്കീർണമാകും. ചില സമയങ്ങളിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളുന്നു.
പകലന്തിയോളം ഇതാണ് സ്ഥിതി. മണികണ്ഠനാൽത്തറ മുതൽ എംഎം ജംക്ഷൻ വരെയും വാഹനനിര നീളും.
ഗതാഗത പരിഷ്കാരവും സിഗ്നൽ പരിഷ്കരണവും വേണ്ടത്ര ഫലം ചെയ്തില്ല. പാർക്കിങ് തന്നെയാണ് പ്രധാന പ്രശ്നം.
പാർക്കിങ്, നോ പാർക്കിങ് സോണുകൾ തിരിച്ചിട്ടുണ്ടെങ്കിലും ഫലമില്ല.
സൗകര്യപ്രദമായ സ്ഥലമില്ലാത്തതിനാൽ റോഡരികിൽ തന്നെ പാർക്ക് ചെയ്യേണ്ട സ്ഥിതിയിലാണ് വാഹനയാത്രികർ.
നഗരസഭയുടെ പാർക്കിങ് സ്ഥലം സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലാണ്. തിരക്കേറിയ നഗരത്തിലൂടെ സ്റ്റാൻഡിനുള്ളിൽ കടക്കുന്നത് തന്നെ ശ്രമകരം.
ഇതുകാരണം ചുരുക്കം ആളുകൾ മാത്രമാണ് ഈ സ്ഥലം ഉപയോഗിക്കുന്നത്.
ഹോംഗാർഡ് ഒറ്റയ്ക്ക് !
നഗരത്തിൽ ക്രമാതീതമായി തിരക്ക് വർധിച്ചെങ്കിലും നിയന്ത്രണം മിക്കപ്പോഴും ഹോംഗാർഡ് ഒറ്റയ്ക്കാണ്.
ജംക്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ് കവാടം, നഗരസഭാ ബൈപാസ് റോഡ്, ഗേൾസ് സ്കൂളിനു മുൻപിലെ ബസ് സ്റ്റോപ്, കോളജ് ജംക്ഷൻ, ജംക്ഷനു വടക്ക് ഭാഗത്തെ ബസ് സ്റ്റോപ് തുടങ്ങിയ പോയിന്റുകളിലാണ് പലപ്പോഴും ഗതാഗതം കുരുങ്ങുന്നത്.
അംഗബലത്തിലെ കുറവുകൊണ്ടും കേസുകളുടെ ബാഹുല്യം കൊണ്ടും കൂടുതൽ പൊലീസിനെ നിയോഗിക്കാനാവാത്ത സ്ഥിതിയുണ്ട്. നിലവിൽ എസ്എച്ച്ഒ ഉൾപ്പെടെ 52 പേരാണുള്ളത്.
എന്നാൽ, ഓണനാളുകളിലെ തിരക്ക് പരിഗണിച്ചു കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യം.
വഴിതടഞ്ഞ ബസ് സ്റ്റോപ്
എംസി റോഡിൽ അടൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് ഗേൾസ് സ്കൂളിനു മുൻപിലാണ്. സമീപം കെഎസ്ഇബിയുടെ ട്രാൻസ്ഫോമറുമുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഈ സ്റ്റോപ്പിൽ നിർത്തിയിടുന്നത് അശ്രദ്ധമായാണ്.
കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം റോഡരികിലേക്ക് ഒതുക്കി ബസ് നിർത്തിയാൽ വലിയ ഗതാഗതതടസ്സമുണ്ടാവില്ല. മിക്ക ബസുകളും റോഡിൽ തന്നെയാണ് നിർത്തിയിടുക.
ഇതുകാരണം, മിനിറ്റുകൾ കൊണ്ട് വാഹനനിര രൂപപ്പെടുന്നത് പതിവുകാഴ്ചയാണ്.
ആറ് വർഷം; ബൈപാസ് വന്നില്ല !
2018 നവംബറിൽ നിർമാണോദ്ഘാടനം നടത്തിയ പന്തളം ബൈപാസ് പദ്ധതി ഇനിയും തുടങ്ങാനായില്ല.
നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമെന്നനിലയിൽ തയാറാക്കിയതാണ് പദ്ധതി. 28.78 കോടി രൂപയാണ് പദ്ധതി തുക.
2022 നവംബറിൽ സ്ഥലം അളന്നുകല്ലിട്ടു. പിന്നീട്, രൂപരേഖയിൽ ചില മാറ്റങ്ങളും വരുത്തി.
മുട്ടാർ നീർച്ചാലിലൂടെ ബൈപാസ് കടന്നുപോകുന്ന ഭാഗത്തെ മണ്ണ് പരിശോധനയും നടത്തി.
റവന്യു വിഭാഗത്തിന്റെ സർവേക്കു മുന്നോടിയായുള്ള പ്രാഥമിക നോട്ടിഫിക്കേഷൻ വരെ നടപടിയായി. ഇതിന്റെ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ച ശേഷമാണ് സർവേ.
ഇനിയും കടമ്പകളേറായാണ്. 3.8 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ബൈപാസ് രൂപരേഖ തയാറാക്കിയിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]