
മൂഴിയാർ ഡാമിൽ ജലനിരപ്പ് റെഡ് അലർട്ടിൽ; നദികളിലെ ജലനിരപ്പ് അപകടനിലയിൽ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ജില്ലയിൽ ഇന്നലെയും കനത്ത മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നദികളിലെ ജലനിരപ്പ് അപകടകര രീതിയിൽ ഉയർന്നതോടെ ദുരന്ത നിവാരണ അതോറിറ്റി പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂഴിയാർ ഡാമിന്റെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയതോടെ അണക്കെട്ടിന്റെ 3 ഷട്ടറുകൾ രണ്ടര മണിക്കൂർ ഉയർത്തി. ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് ഒന്നും മൂന്നും ഷട്ടറുകൾ പിന്നീട് അടച്ചു. മഴ കനത്തതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അച്ചൻകോവിൽ കല്ലേലി സ്റ്റേഷൻ, കോന്നി ജിഡി സ്റ്റേഷൻ, മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ നദികളുടെ കരയിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറി താമസിക്കാൻ തയാറാകണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയർന്നതോടെ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്നു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ജില്ലയിലെ പല സ്ഥലങ്ങളിലും അതിശക്തമായ മഴയാണ് ലഭിച്ചത്.
മൂഴിയാർ ഡാമിൽ ജലനിരപ്പ്റെഡ് അലർട്ടിൽ
ജല നിരപ്പ് പെട്ടെന്നു ഉയർന്നതിനെ തുടർന്നു മൂഴിയാർ അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഉയർത്തി. മഴ ശക്തമായി തുടർന്നാൽ കക്കാട്ടാറ്റിൽ ജല നിരപ്പ് ഉയരുമെന്നതിനാൽ തീരത്തോടു ചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ 11 മണിയോടെയാണ് 2–ാം നമ്പർ ഷട്ടർ ആദ്യം 20 സെന്റി മീറ്റർ തുറന്നത്. ജല നിരപ്പ് താഴാഞ്ഞതിനെ തുടർന്ന് 12.30നു ഒന്നും രണ്ടും ഷട്ടറുകളും 10 സെന്റി മീറ്റർ വീതം ഉയർത്തി.
രണ്ട് മണിയോടെ ജല നിരപ്പ് താഴ്ന്നതിനെ തുടർന്ന് ഒന്നും മൂന്നും ഷട്ടറുകൾ അടച്ചു.മൂഴിയാർ വനമേഖലയിൽ കനത്ത മഴ കാരണം സായിപ്പിൻകുഴി തോട്ടിൽ അതിശക്തമായ നീരൊഴുക്കാണ്.ശബരിഗിരി പദ്ധതിയിൽ നിന്നും പുറം തള്ളുന്ന വെള്ളം കൂടിയായതോടെ മൂഴിയാർ അണക്കെട്ടിൽ ഉയർന്ന ജല നിരപ്പ് തുടരുന്നു. ജല നിരപ്പ് വീണ്ടും ഉയർന്നാൽ മൂഴിയാർ ഷട്ടറുകൾ കൂടുതൽ ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ.
കക്കാട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി ക്യാംപ് ചെയ്യുന്നുണ്ട്. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്താനും നിർദേശമുണ്ട്. 192.63 മീറ്ററാണു ഡാമിന്റെ പരമാവധി ജലനിരപ്പ്.
കരകവിഞ്ഞ് നദികൾ
പമ്പാനദി, കല്ലാറ്, കക്കാട്ടാറ് എന്നിവിടങ്ങളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.അതിശക്തമായ മഴയാണു ശബരിഗിരി പദ്ധതിയുടെ മേഖലയിൽ. കക്കി, പമ്പ അണക്കെട്ടുകളുടെ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമാണ്. പമ്പാനദി ആറന്മുള, മാരാമൺ ഭാഗത്തും മണിമലയാർ വള്ളംകുളത്തും കരകവിഞ്ഞു. അച്ചൻകോവിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മൂന്നു നദികളുടെയും സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി.
പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ്വേ മുങ്ങി. കുരുമ്പൻമൂഴി, മണക്കയം പ്രദേശങ്ങളിലേക്കു വനപാതയുള്ളതിനാൽ മലയോരങ്ങൾ ഒറ്റപ്പെട്ടിട്ടില്ല. റാന്നി–കോഴഞ്ചേരി പാതയിലെ പുതമൺ താൽക്കാലിക റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മണിമലയാർ കരകവിഞ്ഞ് പുറമറ്റം വില്ലേജിലെ വെണ്ണിക്കുളം ഇടത്തറ കോളനിയിലെ ഒരു വീട്ടിലും 3 വീടിന്റെ മുറ്റത്തും വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കരിങ്ങാലി വലിയതോട്ടിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. ചിറ്റിലപ്പാടത്തും വെള്ളം നിറഞ്ഞുതുടങ്ങി. സമീപത്തെ നാഥനടിക്കളത്തിലെ 9 കുടുംബങ്ങൾ ഇതോടെ ആശങ്കയിലായി.
ഗതാഗത നിയന്ത്രണം
പമ്പാനദി കരകവിഞ്ഞ് റാന്നി– കോഴഞ്ചേരി റോഡിലെ പുതമൺ പാലത്തിനു പകരം നിർമിച്ച ചപ്പാത്ത് മുങ്ങി. ഇതേ തുടർന്നു ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചെറുകോൽപുഴ, പുതിയകാവ്, ഇടപ്പാവൂർ, പേരൂർച്ചാൽ പാലം, കീക്കൊഴൂർ വഴി പോകണം.
വ്യാപക നാശം
കാറ്റിലും മഴയിലുമായി അടൂർ താലൂക്കിൽ ഇതുവരെ ഒരു വീട് പൂർണമായും 17 വീടുകൾ ഭാഗീകമായും തകർന്നു. പെരിങ്ങനാട് വില്ലേജിൽ മുണ്ടപ്പള്ളി മുരുപ്പേൽ വീട്ടിൽ സുരേന്ദ്രന്റെ വീടാണു തകർന്നത്. പെരിങ്ങനാട് വില്ലേജിൽ 2 വീടുകൾ ഭാഗീകമായും തകർന്നു. പന്തളം തേക്കേക്കര വില്ലേജിൽ 4 വീടുകൾ ഭാഗീകമായി തകർന്നു. ഏറത്ത് വില്ലേജിൽ രണ്ടും ഏനാത്ത്, ഏഴംകുളം, കൊടുമൺ, തുമ്പമൺ, കടമ്പനാട്, അങ്ങാടിക്കൽ, കുരമ്പാല, പന്തളം വില്ലേജുകളിൽ ഓരോ വീടുകൾക്കും ഭാഗീകമായി തകർന്നു.
കനത്ത മഴയിൽ വലിയകുളം കാവിനു പടിഞ്ഞാറേതിൽ കെ.കെ.രവിയുടെ പുതിയ വീടിന്റെ അടിത്തറയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് പഴയ വീടിനും കാറിനും ഓട്ടോയ്ക്കും നാശം സംഭവിച്ചു. പൂഴിക്കാട് സൂര്യാലയത്തിൽ സിന്ധുകുമാരിയുടെ പശുത്തൊഴുത്ത് മരം വീണു തകർന്നു. വീടിനും കേടുപാടുണ്ട്.
കഴിഞ്ഞ 4 ദിവസങ്ങളിലായിജില്ലയിൽ കൂടുതൽമഴ ലഭിച്ച സ്ഥലങ്ങൾ
∙വടശേരിക്കര– 474 മില്ലി മീറ്റർ
∙ചെറുകുളഞ്ഞി –472 മില്ലി മീറ്റർ
∙കക്കി (ആനത്തോട്)–421 മില്ലി മീറ്റർ
∙പമ്പ– 396 മില്ലി മീറ്റർ
വിവിധ നദികളിലെ ഇന്നലത്തെ ജലനിരപ്പും അപകട മുന്നറിയിപ്പ് നൽകുന്ന ജലനിരപ്പ് ബ്രാക്കറ്റിലും.
∙പമ്പാനദി–മാരാമൺ– 6.85 മീറ്റർ ( 3.2 മീറ്റർ)
∙ആറന്മുള– 6.14 മീറ്റർ (6 മീറ്റർ)
∙അച്ചൻകോവിലാർ–പന്തളം– 8.39 മീറ്റർ ( 9 മീറ്റർ)
∙മണിമലയാർ–വള്ളംകുളം–5.45 മീറ്റർ (4.2 മീറ്റർ)
മഴയുടെ അളവ്
അതിശക്തമായ മഴയാണ് ശബരിഗിരി പദ്ധതിയുടെ മേഖലയിൽ. പമ്പാനദിയുടെ മേഖലയിലെ വിവിധ സ്ഥലങ്ങളിലെ മഴയുടെ കണക്ക്:കക്കി–166 മില്ലി മീറ്റർ, പമ്പ –166 മില്ലി മീറ്റർ, മൂഴിയാർ –88, നിലയ്ക്കൽ–82മില്ലി മീറ്റർ, വടശേരിക്കര–77 മില്ലി മീറ്റർ.അച്ചൻകോവിലാറിന്റെ മേഖലയിലെ വിവിധ സ്ഥലങ്ങളിലെ മഴയുടെ കണക്ക്:– ആവണിപ്പാറ– 47.05 മില്ലിമീറ്റർ, മുള്ളുമല– 61.76 മില്ലി മീറ്റർ, നീരാമക്കുളം– 55.29 മില്ലിമീറ്റർ, കരിപ്പാൻതോട്– 95.29 മില്ലി മീറ്റർ, പാടം– 82.35 മില്ലി മീറ്റർ.