പത്തനംതിട്ട ∙ പണി കൊടുക്കാൻ ഒരുങ്ങുന്ന കോൺഗ്രസ് നേതാക്കൾ ജാഗ്രതൈ, നിങ്ങളെ മാർക്ക് ചെയ്യാൻ ക്യാമറയുമായി പിന്നിൽ ആളുണ്ട്.
യുഡിഎഫ് സ്ഥാനാർഥികൾക്കു ജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥിയുടെ ക്യാംപിന്റെ പ്രവർത്തനം, ഘടക കക്ഷികളുടെ ഇടപെടൽ, കോൺഗ്രസിലെ തന്നെ അസംത്യപ്ത വിഭാഗത്തെ നിരീക്ഷിക്കൽ തുടങ്ങിയ വിവിധ ഉദ്ദേശങ്ങളോടെ പാർട്ടി സംവിധാനത്തിന് പുറത്തുള്ള പ്രഫഷനലുകളെ നിയോഗിച്ച് വിശദമായ വിവര ശേഖരണം നടത്താനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ഇത്തരം നിരീക്ഷകർ നേരിൽ കോൺഗ്രസ് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിസിസി തലത്തിലും മണ്ഡലങ്ങളിൽ സ്ഥാനാർഥിയുടെ ക്യാംപിനും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും ആവശ്യമായ നിർദേശങ്ങൾ നൽകും. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്താൻ സാധ്യതയുള്ള കേരളത്തിലെ തിരഞ്ഞെടുപ്പ് വളരെ ഗൗരവത്തോടെയാണ് പാർട്ടിയുടെ കേന്ദ്ര നേതൃത്വം നോക്കിക്കാണുന്നത്. പാർട്ടിയിലെ പടല പിണക്കങ്ങളും തമ്മിലടിയും പാരവയ്പും കൊണ്ട് കോൺഗ്രസിന്റെയോ, ഘടകകക്ഷികളുടെയോ ഒരു സീറ്റ് പോലും നഷ്ടപ്പെടരുത് എന്നാണ് നേതൃത്വത്തിന്റെ കർശന നിലപാട്.
മിക്ക മണ്ഡലങ്ങളിലും ഒരു നിരീക്ഷകനെയാണ് നിയോഗിക്കുന്നത്. എന്നാൽ തർക്കങ്ങളുണ്ടായ മണ്ഡലങ്ങളിൽ പ്രധാന നിരീക്ഷകനു പുറമേ രണ്ടോ മൂന്നോ പഞ്ചായത്തുകൾക്ക് ഒരു നിരീക്ഷകൻ വീതം ഒരു മണ്ഡലത്തിൽ മൂന്ന് പേർ വരെ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
പാർട്ടിയിൽ നിന്നു കൊണ്ട് സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുന്നവരുടേയും പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുന്നവരുടെയും വിവരങ്ങൾ നേതൃത്വത്തിനു ഇവർ കൈമാറും.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളും ഇവർ നിരീക്ഷിക്കും. ബൂത്ത് തലത്തിൽ പോസ്റ്റർ, ഫ്ലെക്സ്, ചുവരെഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങളും വിലയിരുത്തും.
ഈ വിവരങ്ങളെല്ലാം നേരിട്ട് കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്. നിരീക്ഷകരായി എത്തുന്നവർ സ്ഥാനാർഥി, തിരഞ്ഞെടുപ്പു ചുമതലയുള്ള മറ്റു നേതാക്കൾ എന്നിവരുമായി നേരിൽ ബന്ധപ്പെടേണ്ട
എന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമായ ഈ സമയത്ത് പാർട്ടിക്കൊപ്പം നിൽക്കാത്ത ഏതു നേതാവായാലും എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. അടുത്ത മൂന്നു വർഷം മറ്റൊരു തിരഞ്ഞെടുപ്പിന് സാധ്യത ഇല്ലാത്തതിനാൽ ഏതു വലിയ നേതാവിനെ ഒഴിവാക്കിയാലും അവരുടെ വിടവ് നികത്തി എടുക്കാൻ ആവശ്യത്തിന് സമയം ലഭിക്കുമെന്നതാണ് നേതൃത്വത്തിന്റെ ഈ നീക്കത്തിന് ആധാരം.
നിലവിൽ ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ ഓരോ മണ്ഡലങ്ങളിലും ക്യാംപ് ചെയ്ത് ആദ്യഘട്ട റിപ്പോർട്ടുകൾ നൽകി തുടങ്ങിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

