
സമ്മേളനങ്ങൾക്കൊപ്പം സംഘർഷങ്ങളും; വിവാദങ്ങളിൽ ടൗൺ സ്ക്വയർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ നഗരത്തിന് പുതിയ മുഖം നൽകിയ ടൗൺ സ്ക്വയറിൽ ഉയരുന്ന വിവാദങ്ങൾ നഗരസഭാ അധികൃതരെയും പ്രതിരോധത്തിലാക്കുന്നു. സമ്മേളനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി രണ്ടാം തവണയാണ് ഇവിടെ സംഘർഷം രൂപപ്പെട്ടത്. ചില സിപിഎം പ്രാദേശിക നേതാക്കളായിരുന്നു ഇതിൽ ഒരു ഭാഗത്ത് നിലയുറപ്പിച്ചത്. സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭയിൽ തന്നെ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് പാർട്ടി പ്രവർത്തകരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സിഐടിയു ജില്ലാ പരിപാടിയുടെ ഭാഗമായുള്ള സമ്മേളനത്തിന് മുൻപ് നഗരസഭാ ജീവനക്കാർക്കു നേരെയുണ്ടായ സംഘർഷത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടത് പാർട്ടി ലോക്കൽ കമ്മിറ്റിയംഗമാണ്. പൊതുസ്ഥലത്ത് കൊടി കെട്ടരുത് എന്ന ഹൈക്കോടതി നിർദേശം ലംഘിച്ചാണ് ഇവിടെ സമ്മേളന സ്ഥലത്ത് പതാകകൾ നിറയെ സ്ഥാപിക്കപ്പെട്ടത്. ഇക്കാര്യം കൂടി ചേർത്താണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കൊടി നീക്കം ചെയ്ത ശുചീകരണ തൊഴിലാളിക്കെതിരെ അക്രമം ഉണ്ടായതിൽ നഗരസഭയിലെ ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്.
ഫെബ്രുവരി 15നാണ് ടൗൺ സ്ക്വയർ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഉദ്ഘാടന ദിനത്തിൽ തന്നെ അടി പൊട്ടി. സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ക്ഷണിച്ചെത്തിയ അവതാരകനാണ് മർദനമേറ്റത്. തന്നെ മർദിച്ചത് സിപിഎം ഏരിയ സെക്രട്ടറിയാണ് എന്ന ആരോപണവുമായി അവതാരകനായ അധ്യാപകൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി. വേദിയിലെ പെരുമാറ്റത്തെയാണു എതിർത്തതെന്ന് ഏരിയ സെക്രട്ടറിയും വ്യക്തമാക്കി. സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി വീണാ ജോർജ് എന്നിവരുൾപ്പെടെ പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിന് ശേഷമാണ് ഈ സംഭവം. ടൗൺ സ്ക്വയർ ഉദ്ഘാടനത്തിന്റെ നിറം കെടുത്തുന്നതായിരുന്നു ഈ വിവാദം.
സമ്മേളനങ്ങൾ നടത്തുന്നതിന് വേണ്ടി ഓപ്പൺ സ്റ്റേജ് കൂടി നിർമിച്ചാണ് നഗരസഭ ടൗൺ സ്ക്വയറിന് രൂപം നൽകിയത്. സ്റ്റേജിനു താഴെ പ്രത്യേക ശബ്ദ–വെളിച്ച സംവിധാനം, പുൽത്തകിടി. ചെറു പൂന്തോട്ടം, സെൽഫി പോയിന്റ് എന്നിവ ഉൾപ്പെട്ട ടൗൺ സ്ക്വയറിന് നഗരസായാഹ്നങ്ങളെ മനോഹരമാക്കുന്നതിൽ വലിയ പങ്കുണ്ട് കുടുംബങ്ങൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ഇവിടെ സായാഹ്നം ചെലവിടാനെത്തുന്നുണ്ട്. നഗരസഭ ബജറ്റ് ബുക്കിന്റെ മുഖചിത്രവും ഇത്തവണ ടൗൺ സ്ക്വയറാണ്.