
കലഞ്ഞൂരിൽ എടിഎം തകർക്കാൻ ശ്രമം; യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലഞ്ഞൂർ∙ കലഞ്ഞൂരിൽ എടിഎം തകർക്കാൻ ശ്രമം നടത്തിയ യുവാവ് പിടിയിൽ. കൊന്നേലയ്യം ഈട്ടിവിളയിൽ വടക്കേതിൽ പ്രവീണിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. കേരള ഗ്രാമീൺ ബാങ്കിന്റെ കലഞ്ഞൂർ ഹൈസ്കൂൾ ജംക്ഷനു സമീപമുള്ള എടിഎമ്മിൽ ബുധനാഴ്ച രാത്രി 11.50നാണ് സംഭവം. എടിഎമ്മിന്റെ സെക്യൂരിറ്റി ചുമതലയുള്ള മുംബൈയിലെ ഏജൻസി ഓഫിസിലാണ് ആദ്യം വിവരം അറിയുന്നത്. എടിഎം മെഷീൻ തുറക്കാൻ ശ്രമിക്കുന്ന ചിത്രം ഉൾപ്പെടെ അലാം ലഭ്യമായി. തുടർന്ന് അവിടെ നിന്ന് ബാങ്കിന്റെ ഐടി സെല്ലിലേക്കും ബാങ്ക് ബ്രാഞ്ച് മാനേജർക്കും പൊലീസ് സ്റ്റേഷനിലും വിവരം നൽകി. 12.15ഓടെ കൂടൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അതിനു മുൻപ് മോഷ്ടാവ് കടന്നുകളഞ്ഞു. എടിഎം മെഷീനിന്റെ താഴ്ഭാഗം ഇളക്കിയെടുക്കുന്നത് ചിത്രത്തിൽ കാണാൻ കഴിയുന്നുണ്ട്.
എടിഎം കൗണ്ടറിൽ കയറിയ മോഷ്ടാവ് മെഷീന്റെ താഴ്ഭാഗത്തെ വാതിൽ വലിച്ചിളക്കുകയാണ് ചെയ്തത്. എന്നാൽ മെഷീൻ തുറക്കാൻ കഴിയാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രവീണിനെ പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു. കവർച്ചാശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ സി.എൻ.സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
2023 നവംബറിൽ കലഞ്ഞൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലും പരിസരങ്ങളിലും അക്രമം നടത്തിയതിന് പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാദേവ ക്ഷേത്രത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി, എൻഎസ്എസ് ക്ലാസ് മുറികളുടെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും സ്കൂൾ ബസിന്റെ ചില്ലുകളും ചെടിച്ചട്ടികളും നശിപ്പിക്കുകയും ചെയ്തിരുന്നു. സ്കൂളിന് എതിർവശത്തുള്ള കടയിൽ സ്ഥാപിച്ചിരുന്ന 3 സിസിടിവി ക്യാമറകൾ തല്ലിത്തകർക്കുകയും കടയുടെ ചില്ല് അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.