കോന്നി ∙ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ പ്ലാങ്കാട് തവാർണ ഭാഗത്ത് കടുവയെ കണ്ട് ഭയന്നോടിയ സ്ത്രീ തൊഴിലാളിക്കു വീണു പരുക്ക്. ചെങ്ങറ പാറക്കമണ്ണിൽ ഷാജിയുടെ ഭാര്യ മിനിക്കാണ് (47) പരുക്കേറ്റത്.
ഇന്നലെ രാവിലെ 5.30നാണ് സംഭവം. ഭർത്താവ് ഷാജിയുമൊത്ത് ജോലിക്കായി തോട്ടത്തിലൂടെ നടന്നുപോകുമ്പോൾ ടോർച്ചിന്റെ വെളിച്ചത്തിലാണ് കടുവയെ കണ്ടത്.
തങ്ങളുടെ നേരെ നടന്നു വരുന്നത് കണ്ട് ഇരുവരും തിരിഞ്ഞോടിയപ്പോൾ റബർ നടാനായി എടുത്തിരുന്ന കുഴിയിലേക്ക് മിനി വീഴുകയായിരുന്നു.
തുടർന്ന് മറ്റ് തൊഴിലാളികളെയും എസ്റ്റേറ്റ് സൂപ്പർവൈസറെയും മറ്റും വിവരമറിയിച്ചു. വീഴ്ചയിൽ ഇടതു തോൾ ഭാഗത്ത് പൊട്ടലുണ്ടായതോടെ താലൂക്ക് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
രാവിലെ ടോർച്ച് തെളിച്ച് തോട്ടത്തിലേക്കു പോകുന്ന വഴിയിൽ 15 അടി ദൂരെയാണ് കടുവ ഉണ്ടായിരുന്നതെന്ന് തൊഴിലാളി ഷാജി പറയുന്നു. ഞങ്ങളുടെ നേരെ നടന്നു വരുന്നത് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
സാമാന്യം വലുപ്പമുള്ള കടുവയായിരുന്നു അത്.
വർഷങ്ങളായി തോട്ടത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ കടുവയെ കാണുന്നതെന്നും എന്നാൽ, കാട്ടാനയെ പലപ്പോഴും കണ്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു.വഞ്ചിനാട് എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ചെമ്മാനി എസ്റ്റേറ്റിലെ റോഡിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാക്കൾ കടുവയെ കണ്ടിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സമീപത്തെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കുമ്പഴത്തോട്ടത്തിൽ ടാപ്പിങ് തൊഴിലാളി കടുവയുടെ മുന്നിൽ അകപ്പെട്ട
സംഭവം ഉണ്ടായത്.
സ്ഥിരമായി കടുവയുടെ സാന്നിധ്യം പല ഭാഗങ്ങളിലായി ഉണ്ടാകുന്നുണ്ടെങ്കിലും വനംവകുപ്പ് ആവശ്യമായ മുൻകരുതൽ ഇനിയും നടത്തിയിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. രണ്ട് തവണയും ഭാഗ്യം കൊണ്ടാണ് തൊഴിലാളികൾ കടുവയ്ക്കു മുന്നിൽ നിന്നു രക്ഷപ്പെട്ടത്.
അതിനാൽ വനംവകുപ്പ് നടപടിയെടുത്തില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്കു പോകുന്ന അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു.
ചികിത്സ നൽകിയില്ലെന്നു പരാതി
കോന്നി ∙ കടുവയെ കണ്ട് ഭയന്നോടി കുഴിയിൽ വീണു പരുക്കേറ്റ തൊഴിലാളി ചെങ്ങറ പാറക്കമണ്ണിൽ മിനിക്ക് (47) കോന്നി മെഡിക്കൽ കോളജിൽ ആവശ്യമായ ചികിത്സ നൽകിയില്ലെന്നു പരാതി. വീണു പരുക്കേറ്റതിനെ തുടർന്ന് ആദ്യം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്.
അവിടെ എക്സ് റേ എടുക്കുകയും തോളെല്ലിനു പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അതിനാൽ മെഡിക്കൽ കോളജിലേക്കു വിടുകയായിരുന്നു.
അവിടെ അത്യാഹിത വിഭാഗത്തിലെത്തിയ ശേഷം ഓർത്തോ വിഭാഗത്തിൽ ഡോക്ടറെ കാണുകയും ചെയ്തു.
എന്നാൽ, പൊട്ടലുണ്ട് മരുന്ന് കഴിച്ചാൽ മതിയെന്നു പറഞ്ഞു വിടുകയായിരുന്നെന്ന് മിനിയുടെ ഭർത്താവ് ഷാജി പറഞ്ഞു. തുടർന്ന് കോന്നിയിലെത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
ഇതുസംബന്ധിച്ച പരാതി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
എസ്റ്റേറ്റിൽ നിരീക്ഷണ ക്യാമറ
കോന്നി ∙ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിൽ കടുവയെ കണ്ട് ഭയന്നോടി തൊഴിലാളിക്ക് പരുക്കേറ്റ സംഭവത്തെ തുടർന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ, ഡിഎഫ്ഒ ആയുഷ് കുമാർ കോറി, റേഞ്ച് ഓഫിസർ അനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ഹാരിസൺ എസ്റ്റേറ്റ് ബംഗ്ലാവിൽ മാനേജർ ജയപ്രകാശ്, തൊഴിലാളി പ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തി.
എസ്റ്റേറ്റിൽ വനം വകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. രാത്രികാല റോന്ത് ചുറ്റൽ ഏർപ്പെടുത്താനും ഡ്രോൺ നിരീക്ഷണം നടത്താനും തുടർന്ന് കൂട് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

