
വടശേരിക്കര ∙ ഒൻപത് മണിക്കൂർ വനപാലകരെയും നാട്ടുകാരെയും വട്ടംചുറ്റിച്ച് കാട്ടാന. വെള്ളിയാഴ്ച രാത്രി 7ന് ആരംഭിച്ച പരക്കംപാച്ചിൽ അവസാനിച്ചത് ഇന്നലെ പുലർച്ചെ 4ന്.
കുമ്പളത്താമൺ മണപ്പാട്ട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാനാണ് മലയോരവാസികളുടെ ഉറക്കം കളഞ്ഞത്. ദിവസങ്ങളായി കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിൽ മേയുകയാണ്.
പടക്കം പൊട്ടിച്ചാലും വിരട്ടിയാലും അവയ്ക്കു കൂസലില്ല. ഇടയ്ക്ക് ആനക്കുട്ടികളുമായും കൂട്ടം എത്താറുണ്ട്.
വീട്ടുമുറ്റം വരെ ആനകളെത്തുന്നു.
വീടുകൾക്കുള്ളിൽ ശുചിമുറി സൗകര്യമില്ലാത്തവർക്കു പുറത്തിറങ്ങാനാകുന്നില്ല. തുടരെയുള്ള ആന ശല്യത്തിൽ രോഷാകുലരായ നാട്ടുകാർ കഴിഞ്ഞ ദിവസം വനപാലകരെ തടഞ്ഞുവച്ചിരുന്നു.
തുടർന്ന് ആനകളെ കണ്ടെത്തി ഉൾക്കാട്ടിലേക്കു തുരത്താൻ 40 അംഗ വനപാലക സംഘം വെള്ളിയാഴ്ചയെത്തിയെങ്കിലും അവയെ കാണാതെ മടങ്ങി.
തുടർന്നാണ് രാത്രി പെട്രോളിങ് ഊർജിതമാക്കിയത്. വടശേരിക്കര വനം റേഞ്ച് ഓഫിസർ ജി.എസ്.രഞ്ജിത്തിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേനയടക്കം ഇരുപതോളം വനപാലകരാണ് പട്രോളിങ്ങിനെത്തിയത്.
7 മണിക്കുശേഷം മണപ്പാട്ട് രാമചന്ദ്രൻ നായരുടെ പുരയിടത്തിലാണ് ഒറ്റയാൻ പ്രത്യക്ഷപ്പെട്ടത്. വെടിയൊച്ച കേൾപ്പിച്ച് വനപാലകർ ആനയെ ഓടിച്ചു.
മണപ്പാട്ട് അമ്പലത്തിനു സമീപമാണ് പിന്നീട് ആന നിലയുറപ്പിച്ചത്.
തുടർന്ന് മണപ്പാട്ട് മണ്ണിൽ തങ്കപ്പൻ നായരുടെ പുരയിടത്തിൽ കയറി. അവിടെനിന്ന് വീണ്ടും ഓടിച്ചു.
ശ്രീധരൻ നായരുടെ പുരയിടത്തിലാണ് പിന്നീടെത്തിയത്. അവിടെനിന്ന് ഓടിച്ചപ്പോൾ ഒറ്റയ്ക്കു താമസിക്കുന്ന അമ്മിണിയുടെ വീടിന്റെ മുറ്റത്തെത്തി.
അടുത്ത നടത്തം മണപ്പാട്ട് ജംക്ഷനിലേക്കായിരുന്നു. 2 റോഡുകൾ സന്ധിക്കുന്ന ജംക്ഷനിൽ ഏറെനേരം നിലയുറപ്പിച്ചു.
പുലർച്ചെ 4 മണി വരെ ചുറ്റിക്കറങ്ങിയിട്ട് കാടു കയറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]