
പന്തളം ∙ അജ്ഞാതവാഹനമിടിച്ചു വൈദ്യുതി പോസ്റ്റുകൾ തകർന്നുണ്ടായ അപകടത്തെത്തുടർന്ന് ജില്ലാ ആസ്ഥാനത്തേക്കുള്ള റോഡിൽ ഗതാഗതം മുടങ്ങിയത് 11 മണിക്കൂർ. വൈദ്യുതി പുനഃസ്ഥാപിച്ചത് ഇന്നലെ വൈകിട്ട് അഞ്ചോടെ.
പന്തളം–പത്തനംതിട്ട റോഡിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം. കടയ്ക്കാട് കൃഷിഫാമിന് സമീപം ശങ്കരത്തിൽ സാബുവിന്റെ ഹോട്ടലിനു മുൻപിലായുണ്ടായിരുന്ന 2 വൈദ്യുതി പോസ്റ്റുകളാണ് വാഹനമിടിച്ചു തകർന്നത്.
അപകടത്തെത്തുടർന്ന് വൈദ്യുതി ലൈനിൽ തീപിടിത്തമുണ്ടായി. പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി ലൈനുകൾ റോഡിനു കുറുകെയാണ് വീണത്.
ഇതോടെ വൈദ്യുതി നിലച്ചു.
പന്തളം–പത്തനംതിട്ട റോഡിലെ ഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിനിടയാക്കിയ അജ്ഞാതവാഹനത്തിന്റേതെന്നു സംശയിക്കുന്ന ഗുഡ്സ് കാരിയർ ബോർഡും കയറും കടയ്ക്കാട് പാലം കഴിഞ്ഞു റോഡരികിൽ നിന്നു കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
കെഎസ്ഇബിക്ക് ഉറക്കമില്ലാ രാത്രി
മഴയും കാറ്റും ശക്തമായതോടെ വ്യത്യസ്ത ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിലെ തടസ്സം പരിഹരിക്കാനുള്ള നെട്ടോട്ടത്തിനിടെയാണ് ഈ അപകടവും പൂഴിക്കാട് സ്കൂളിനു മുൻപിലെ മരം വീണതും. ജില്ലാ ആസ്ഥാനത്തേക്കുള്ള റോഡിൽ അടക്കം രണ്ട് സംഭവങ്ങളിലും ഗതാഗതം മുടങ്ങിയത് കെഎസ്ഇബി അധികൃതർക്ക് കടുത്ത സമ്മർദവുമായി. ജീവനക്കാർ ഇന്നലെ പകൽ മണിക്കൂറുകളോളം ജോലി ചെയ്താണ് രണ്ടിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇടയ്ക്ക് പെയ്ത ശക്തമായ മഴയും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]