അടൂർ∙ നഗരവാസികൾ വർഷങ്ങളായി കാത്തിരിക്കുന്ന നഗരസഭാ സ്റ്റേഡിയം നിർമാണം ടെൻഡർ നടപടികളിലേക്ക് കടന്നു. ഇന്നലെ ചേർന്ന് കിഫ്ബിയുടെ ടെക്നിക്കൽ കമ്മിറ്റി സ്റ്റേഡിയം നിർമാണം ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകിയതോടെയാണ് നിർമാണം ടെൻഡർ നടപടികളിലേക്ക് എത്തിയത്. ഇനി സംസ്ഥാന സ്പോർട്സ് കൗൺസിലാണ് സ്റ്റേഡിയം നിർമാണം ടെൻഡർ ചെയ്യേണ്ടത്.
ഉടൻ ടെൻഡർ ചെയ്തേക്കുമെന്നാണു സൂചന.
പുതുവാക്കൽ ഏലായിൽ നഗരസഭ വാങ്ങിയ നാലേക്കറോളം സ്ഥലത്താണ് ആധുനിക രീതിയിലുള്ള സ്റ്റേഡിയം നിർമിക്കുന്നത്. ഇതിനായി കിഫ്ബി ഫണ്ടിൽ നിന്ന് 13 കോടി രൂപയാണ് ചെലവഴിക്കുന്നത്.
സിന്തറ്റിക് ഫുട്ബോൾ കോർട്ട്, പവലിയൻ, ക്രിക്കറ്റ് പരിശീലനത്തിനുള്ള ടർഫ്, മൾട്ടിപർപ്പസ് ഇൻഡോർ കോർട്ട്, ശുചിമുറികൾ, ഡ്രസിങ് റൂമുകൾ, ചുറ്റുമതിൽ തുടങ്ങിയവയാണു സ്റ്റേഡിയത്തിൽ വരുന്നത്.
പുതുവാക്കൽ ഏലായിൽ നഗരസഭ സ്റ്റേഡിയത്തിനായി സ്ഥലമേറ്റെടുത്തിട്ട് വർഷങ്ങളായിരുന്നു. കൊടുമൺ സ്റ്റേഡിയത്തിനൊപ്പം അടൂർ സ്റ്റേഡിയത്തിനും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി ഫണ്ട് അനുവദിച്ചിരുന്നതാണ്.
എന്നാൽ അടൂർ നഗരസഭ സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലം നിലമായിരുന്നതിനാൽ അതു കരയാക്കി മാറ്റിയെടുക്കുന്നതിനുള്ള താമസമാണ് നിർമാണം നീണ്ടു പോയത്.
ഡി.സജി അധ്യക്ഷനായുള്ള നഗരസഭാ ഭരണസമിതി അധികാരമേറ്റതിനു ശേഷമാണ് കരയാക്കുന്നതിനുള്ള ഫയലുകൾ എല്ലാം ശരിയാക്കിയെടുത്ത് കിഫ്ബിയിൽ ഫണ്ട് അനുവദിപ്പിച്ചത്. പിന്നീട് ചില സാങ്കേതിക തടസ്സങ്ങൾ കൂടി വന്നതോടെയാണ് ടെൻഡർ നടപടികൾ താമസിച്ചത്.
ഇപ്പോൾ തടസ്സങ്ങൾ എല്ലാം നീങ്ങി ടെൻഡർ നടപടികളിലേക്ക് കടന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ടെൻഡർ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

