
പ്രളയത്തിൽ വീട് തകർന്നു: പണി പൂർത്തിയാകും മുൻപേ ജപ്തി; ടാർപോളിനുള്ളിൽ അഭയംതേടി കുടുംബം
ചാത്തങ്കരി ∙ അർബൻ സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തതിനെ തുടർന്ന് നാലംഗ കുടുംബം ഒരു മാസമായി കഴിയുന്നത് വീടിനോടു ചേർന്നു ടാർപോളിൻ കെട്ടിയ ഷീറ്റിനു കീഴിൽ. നെടുമ്പ്രം പഞ്ചായത്ത് ഒന്നാം വാർഡിൽ ചാത്തങ്കരി കുന്നനാവേലിൽ കെ.ജെ.അനിയൻകുഞ്ഞും കുടുംബവുമാണ് ദുരിതത്തിലായത്. 5 സെന്റിൽ താഴെ വസ്തു ഉള്ളവരുടെ ഭൂമി ജപ്തി ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശം മറികടന്നാണ് നാലര സെന്റ് ഭൂമി മാത്രമുള്ള ഇവരുടെ വീട് തിരുവല്ല അർബൻ സഹകരണ ബാങ്ക് ജപ്തി ചെയ്തത്.വീട് അടച്ചുപൂട്ടി സീൽ ചെയ്തതോടെ മറ്റു മാർഗമില്ലാതെ വീടിനോടു ചേർന്ന് ടാർപോളിൻ വലിച്ചുകെട്ടി അതിനുകീഴിലാണ് അനിയൻകുഞ്ഞും ഭാര്യയും മക്കളും കഴിയുന്നത്.
കൂലിപ്പണിയെടുത്താണ് കുടുംബം മുന്നോട്ടു പോകുന്നത്. കഴിഞ്ഞ മാസം 22ന് ആയിരുന്നു ജപ്തി നടപടി.
2018ലെ പ്രളയത്തിൽ വീട് പൂർണമായി തകർന്ന കുടുംബം ഭാര്യ ഷീബയുടെ സ്വർണാഭരണങ്ങൾ പണയംവച്ചും പണം കടം വാങ്ങിയുമാണ് വീടു പണി തുടങ്ങിയത്. പണം തികയാതെ വന്നതോടെയാണ് വസ്തുവിന്റെ ഈടിന്മേൽ 2020ൽ ബാങ്കിൽ നിന്നു 3 ലക്ഷം രൂപ വായ്പ എടുത്തത്.രണ്ട് ആൺകുട്ടികളും ഇരട്ടകളായ 22 വയസ്സുള്ള രണ്ടു പെൺകുട്ടികളും ഇവർക്കുണ്ട്.
ഇതിൽ ഒരാളെ വിവാഹം ചെയ്തയച്ചു. രണ്ടാമത്തെ മകൾ ജന്മനാ ഉണ്ടായ ന്യൂറോ സംബന്ധമായ തകരാറുകളെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വർഷങ്ങളായി ചികിത്സയിലാണ്.
മകളുടെ ചികിത്സയ്ക്ക് പണം ചെലവായതോടെ വീടുപണി പാതിവഴിയിൽ മുടങ്ങി. തുടർന്നു രോഗിയായ മകളെ ഭാര്യ ഷീജയുടെ മുണ്ടക്കയത്തെ വീട്ടിലാക്കി.
കോവിഡ് കാലത്ത് മകളുടെ ചികിത്സയും വായ്പ തിരിച്ചടവും എല്ലാംകൂടി നടക്കാത്ത അവസ്ഥയായി.6 മാസം മുൻപ് ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചു. ഇത് ഒഴിവാക്കാൻ ചിട്ടി പിടിച്ച് 65,000 രൂപ ബാങ്കിൽ അടച്ചു.
മുഴുവൻ രണ്ടേകാൽ ലക്ഷത്തോളം രൂപ അടച്ചുതീർത്തതായി അനിയൻകുഞ്ഞ് പറഞ്ഞു. 3 മാസം മുൻപ് 3 ലക്ഷത്തോളം രൂപ അടയ്ക്കണമെന്നു കാണിച്ച് അടുത്ത നോട്ടിസ് വന്നു.
ഇതിനു പിന്നാലെയായിരുന്നു ജപ്തി. നിലവിൽ 3.23 ലക്ഷം രൂപയാണ് അടയ്ക്കാൻ ഉള്ളതെന്നും ഈ തുക ഒറ്റത്തവണയായി തിരിച്ചടച്ചാൽ 2.67 ലക്ഷത്തിന് കുടുംബത്തിന്റെ ബാധ്യത തീർത്തു നൽകാമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]