
റാന്നി പുതിയ പാലത്തിന്റെ അനിശ്ചിതത്വം മാറി; ബാക്കി പണികൾക്ക് കരാർ ക്ഷണിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
റാന്നി ∙ അഞ്ചു വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ റാന്നി പുതിയ പാലത്തിന്റെ ബാക്കി പണികൾക്കു കരാർ ക്ഷണിച്ചു. 22.06 കോടി രൂപയ്ക്കാണ് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) കരാർ ക്ഷണിച്ചത്. ഏപ്രിൽ 15 വരെയാണ് കരാർ നൽകാനുള്ള കാലാവധി. പാലത്തിന്റെ പൂർത്തീകരണത്തിനായി 45.63 കോടി രൂപയാണ് കിഫ്ബി അനുവദിച്ചതെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നി ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ 7 വർഷം മുൻപാണ് പുതിയ പാലത്തിന്റെ പണി തുടങ്ങിയത്. പമ്പാനദിയിലെ പെരുമ്പുഴ ബോട്ടുജെട്ടി, ഉപാസന എന്നീ കടവുകളെ ബന്ധിപ്പിച്ചാണ് നിർമാണം.
ഇതോടൊപ്പം റാന്നി രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡ് സമീപന പാതയായി നവീകരിക്കും. 317 മീറ്റർ നീളമാണു പാലത്തിന്. വീതി 12 മീറ്ററും. ഇരുവശത്തും നടപ്പാതയുണ്ടാകും. പെരുമ്പുഴ കരയിൽ 3 തൂണുകളുടെ പണി പൂർണമായി തീർന്നിരുന്നു. ഒന്ന് ഭാഗികമായി നിർമിച്ചു. ആറ്റിലും അങ്ങാടി കരയിലുമായി 4 തൂണുകളും ഭാഗികമായി നിർമിച്ചിട്ടുണ്ട്. അങ്ങാടി കരയിൽ ഒരു തൂണിന്റെ പണി ഇനി ആരംഭിക്കാനുണ്ട്. പെരുമ്പഴ കരയിലെ 3 തൂണുകളെ ബന്ധിപ്പിച്ച് 8 ഗർഡറുകളും സ്ഥാപിച്ചിരുന്നു.
പാലത്തിന്റെയും സമീപന പാതയുടെയും നിർമാണത്തിനു ഭൂമി ഏറ്റെടുത്തു നൽകാത്തതിനാൽ കരാറുകാരൻ പിൻവാങ്ങുകയായിരുന്നു. പിന്നീട് കരാർ റദ്ദാക്കി. 26.76 കോടി രൂപയ്ക്കാണ് ആദ്യം പണി കരാർ ചെയ്തിരുന്നത്. 56 പൈലുകളിൽ 45 എണ്ണം പണിതു. 11 പിയറുകളിൽ 9 തീർന്നു. 11 പിയർ ഹെഡുകളിൽ 6 പണിതു. 28 ഗർഡറുകളിൽ 8 എണ്ണം സ്ഥാപിച്ചു. സമീപന പാത 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ
അങ്ങാടി, റാന്നി വില്ലേജുകളിലായി 152 ഉടമകളുടെ ഭൂമിയാണ് പാലത്തിനായി ഏറ്റെടുത്തത്. ഇതിനായി ആകെ അനുവദിച്ച തുകയിൽ നിന്ന് 14.44 കോടി രൂപയാണു ചെലവഴിച്ചത്. വിജ്ഞാപനത്തിനു ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതും തർക്കമുള്ളതുമായ ഭൂമിയുടെ വില കോടതിയിൽ കെട്ടി വച്ചിട്ടുണ്ട്.പത്തനംതിട്ട ലാൻഡ് അക്വിസിഷൻ വിഭാഗമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയത്.
നടപടി ക്രമങ്ങൾ ഓരോന്നും പൂർത്തിയാക്കാൻ സമയ പരിധി നിശ്ചയിച്ചിട്ടുള്ളതിനാലാണ് ഏറ്റെടുക്കൽ നീണ്ടത്. അനുവദിച്ച തുകയിൽ 9.12 കോടി രൂപ പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കാനാണ്. പെരുമ്പുഴ, അങ്ങാടി, ഇട്ടിയപ്പാറ എന്നീ ടൗണുകളിലെ ഗതാഗത കുരുക്കിനു പരിഹാരം കാണാനാകുന്ന പാലമാണിത്. പുനലൂർ–മൂവാറ്റൂപുഴയിൽ മിനർവപടി–ബ്ലോക്കുപടി ദൂരത്തിനു സമാന്തരമായി പുതിയ പാത തുറന്നു കിട്ടും.