ശബരിമല∙ അയ്യപ്പസ്വാമിക്കു നാളെ തങ്ക അങ്കി ചാർത്തി ദീപാരാധന. 27നു മണ്ഡലപൂജ.
ദർശന പുണ്യം തേടി വ്രതശുദ്ധിയുടെ തീവ്രതയിൽ മനസ്സിനെ പൊന്നമ്പലമാക്കി പതിനായിരങ്ങൾ ശബരീശ സന്നിധിയിലേക്ക്. എല്ലാ വഴികളിലും തീർഥാടകർ.
എവിടെയും മുഴങ്ങുന്നത് അയ്യപ്പ ഭക്തിഗാനങ്ങൾ. തങ്ക അങ്കി ചാർത്തി ദീപാരാധനയും മണ്ഡലപൂജയും തൊഴാനായി ശരണ കീർത്തനങ്ങളുടെ ആരതിയുമായി സന്നിധാനവും പമ്പയും തിങ്ങി നിറഞ്ഞു തീർഥാടകരാണ്.
നാളെ വൈകിട്ട് 6.25നു തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തും.
പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. ഇതു ഭക്തലക്ഷങ്ങൾക്ക് ആത്മീയപ്രഭയുടെ പുണ്യദർശനമായി മാറും.
27നു രാവിലെ 10.10നും 11.30നും മധ്യേയാണു മണ്ഡലപൂജ. തങ്ക അങ്കി ചാർത്തിയാണു മണ്ഡലപൂജ.
ഇതിനു മുന്നോടിയായി കളഭാഭിഷേകവും ഉണ്ട്. മണ്ഡലപൂജ നടക്കുന്നതിനാൽ 27നു രാവിലെ 9 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ.
അഷ്ടാഭിഷേകത്തിന്റെ എണ്ണവും കുറച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിക്കായി വിദ്യാലയങ്ങൾ അടച്ചതോടെ അയ്യപ്പദർശനത്തിയായി സന്നിധാനത്തേക്കു ഭക്തരുടെ ഒഴുക്കാണ്. പമ്പ വഴി വാഹനത്തിൽ മാത്രമല്ല കരിമല, പുല്ലുമേട് കാനനപാതകൾ വഴി കാൽനടയായും തീർഥാടകർ ഒഴുകി എത്തുകയാണ്.
തിരക്ക് കൂടിയതോടെ പതിനെട്ടാംപടി കയറാനുള്ള നിര നീളുകയാണ്. ശരംകുത്തി വരെ ക്യൂ ഉണ്ട്.
മണിക്കൂറുകൾ കാത്തുനിന്നാണു സന്നിധാനത്ത് എത്തുന്നത്. ക്യൂവിൽ നിൽക്കുന്നവർക്കു ചുക്കുവെള്ളവും ബിസ്കറ്റും നൽകാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നുണ്ട്.
ചൊവ്വാഴ്ച 96,668 പേരാണു ദർശനം നടത്തിയത്.
ഇന്നലെ വൈകിട്ട് 3 വരെ 62,399 പേർ മലകയറി ദർശനം നടത്തി. അതിൽ 5478 പേർ സ്പോട് ബുക്കിങ് വഴിയാണു ദർശനം നടത്തിയത്. പതിനെട്ടാംപടി കയറാൻ മരക്കൂട്ടം വരെ ക്യൂ ഉണ്ടായിരുന്നു.
വൈകിട്ട് 3ന് നട തുറന്നപ്പോൾ ശരംകുത്തി വരെ ക്യൂ തുടർന്നു.
മണ്ഡലപൂജയുടെ അവസാന ദിവസം അടുത്തതോടെ വലിയ തിരക്ക് തുടരുകയാണ്.
തങ്ക അങ്കി രഥഘോഷയാത്ര നാളെ സന്നിധാനത്ത്
ശബരിമല ∙ ശരണവഴികളെ ഭക്തിസാന്ദ്രമാക്കിയ തങ്ക അങ്കി രഥഘോഷയാത്ര നാളെ സന്നിധാനത്ത് എത്തും. തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കാൻ ദേവസ്വം ബോർഡും പൊലീസും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
നാളെ ഉച്ചയോടെ ഘോഷയാത്ര പമ്പയിൽ എത്തും. ത്രിവേണി വരെയാണ് രഥയാത്ര.
അതിനു ശേഷം ഗണപതികോവിൽ വരെ എടുത്തുകൊണ്ടാണ് പോകുന്നത്.
തങ്കഅങ്കി ചുമക്കാനുള്ള സംഘത്തെ ദേവസ്വം അധികൃതർ നിശ്ചയിച്ചു. ഇവരുടെ പട്ടിക പൊലീസിനും കൈമാറി.
ത്രിവേണിയിൽ എത്തുന്ന രഥയാത്രയെ ദേവസ്വവും പൊലീസും ജില്ലാ ഭരണകൂടവും ചേർന്നു സ്വീകരിച്ച് പമ്പ ഗണപതികോവിൽ എത്തിക്കും. അവിടെ പ്രത്യേകം തയാർ ചെയ്ത മണ്ഡപത്തിലാണ് തങ്ക അങ്കി ദർശനത്തിനായി വയ്ക്കുക.
ഈ സമയം ഭക്തർക്ക് തങ്കഅങ്കി തൊഴുത് കാണിക്ക അർപ്പിക്കാനുള്ള സൗകര്യവും ഉണ്ട്.
3ന് തങ്കഅങ്കി പെട്ടിയിലാക്കി സന്നിധാനത്തേക്കുള്ള ഘോഷയാത്ര തുടങ്ങും. വലിയ പൊലീസ് അകമ്പടിയാണ് ഒരുക്കിയിട്ടുള്ളത്.
ഇതിനുള്ള പ്രത്യേക സംഘത്തെയും നിയോഗിച്ചു. നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴി 5 മണിയോടെ ശരംകുത്തിയിൽ എത്തും.
അവിടെ ദേവസ്വം അധികൃതർ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്നു ഏറ്റുവാങ്ങി ശ്രീകോവിലിൽ കൊണ്ടുപോയി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.
ഇതു കണ്ടുതൊഴുന്നതിന് ആയിരങ്ങൾ സന്നിധാനത്ത് ക്യാംപ് ചെയ്തിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

