പത്തനംതിട്ട ∙ കെഎസ്ആർടിസി ബസിൽ ഇതുവരെ കയറിയിട്ടില്ല എന്ന സങ്കടമത്രയും ആ ഡബിൾ ബെല്ലിൽ സ്റ്റാൻഡ് വിട്ടുപോയി.
ആർഎസ്സി 944–ആഹ്ലാദത്തിലേക്കു ബോർഡ് വച്ച ലാസ്റ്റ് ട്രിപ്പിന് കണ്ടക്ടർ വിസിലടിച്ചു. പ്രതീക്ഷകളിലേക്ക് ഡ്രൈവർ കാലമർത്തി.
58 വർഷത്തെ മുടങ്ങാത്ത ചരിത്രമുള്ള കോഴഞ്ചേരിയുടെ സ്റ്റേ വണ്ടിക്ക് ഇതു ജന്മസാഫല്യം. തെള്ളിയൂർ എംസിആർഡി സ്പെഷൽ സ്കൂളിലെ കുട്ടികൾക്കാണ് കൊല്ലം ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന ‘ആർഎസ്സി 944’, തിരുവനന്തപുരം–കോഴഞ്ചേരി കെഎസ്ആർടിസി സ്റ്റേ ബസ് ക്രിസ്മസ് ഉല്ലാസയാത്ര സമ്മാനിച്ചത്.
വൈകിട്ട് 5.05നു തലസ്ഥാനത്തു നിന്നു പുറപ്പെട്ട് രാത്രി എട്ടുമണിയോടെ കോഴഞ്ചേരിയിൽ ഓട്ടം അവസാനിപ്പിച്ച് പിറ്റേന്ന് പുലർച്ചെ 5.05നു തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതാണ് ബസിന്റെ ഷെഡ്യൂൾ.
പഞ്ചായത്ത് ക്രമീകരിച്ച മുറിയിലാണ് ജീവനക്കാരുടെ വിശ്രമം. തലമുറകളായി ജനമനസ്സിൽ സീറ്റ് പിടിച്ച സർവീസ് എന്ന നിലയിലാണ് എംസിആർഡി കുട്ടികൾക്കു കയറാൻ സ്റ്റേ ബസ് തിരഞ്ഞെടുത്തത്.
ഫാസ്റ്റ് പാസഞ്ചറിൽ കയറണമെന്ന കുട്ടികളുടെ ആഗ്രഹം മനസ്സിലാക്കി മാർത്തോമ്മാ സെന്റർ ഫോർ റിഹാബിലിറ്റേഷൻ ആൻഡ് ഡവലപ്മെന്റ് (എംസിആർഡി) മേധാവി റവ.സുനിൽ മാത്യുവും സ്കൂൾ അധികൃതരും അനുമതി തേടി.
ക്രിസ്മസ് കാലത്ത് ആയാലോ എന്ന ആശയത്തിന് മന്ത്രിയും പച്ചക്കൊടി കാട്ടി. രാത്രി 8 കഴിഞ്ഞ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം നാടിന്റെ സ്നേഹവണ്ടിക്കു മുൻപിൽ നിന്ന് കുട്ടികൾ ജിംഗിൾ ബെൽസ് പാടി.
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ മുതൽ കണ്ണും കണ്ണും കാത്തിരുന്നു വരെയുള്ള പലതരം ഗാനങ്ങൾ ഷട്ടറിടാത്ത ബസിന്റെ ജനാലകളിലൂടെ നാടെങ്ങും സ്നേഹഗീതമായി പരന്നൊഴുകി.
കിളിമാനൂർ, കൊട്ടാരക്കര, അടൂർ, തട്ട, ഓമല്ലൂർ, പ്രക്കാനം, ഇലന്തൂർ വഴി വെളിച്ചം വിതറിയെത്തിയ ക്രിസ്മസ് പ്രതീക്ഷയിലേക്ക് അവർ കമ്പിയിൽ പിടിച്ചു കയറി. ഫുട്ബോഡിലേക്ക് തനിയെ ചവിട്ടിക്കയറുന്നവരുടെ ആത്മവിശ്വാസം ബസിനുള്ളിൽ സർവജനത്തിനുമുള്ള മഹാസന്തോഷമായി പ്രസാദം പരത്തി.
പമ്പാതീരത്തെ പുകമഞ്ഞിനെ വകഞ്ഞു മാറ്റി ബസിനുള്ളിൽ നിന്നുള്ള പാട്ടിന്റെ പ്രകാശം കുരുന്നുകളുടെ കയ്യടികളിലൂടെ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയത്തിലേക്കുള്ള കോഴഞ്ചേരി പാലമായി.
മന്ത്രി വീണാ ജോർജ്, ജില്ലാ പഞ്ചായത്തംഗം അനീഷ് വരിക്കണ്ണാമല, ബ്ലോക്ക് പഞ്ചായത്തംഗം ടിം ടൈറ്റസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മനീഷ് മോഹൻ, സിൽവിയ തോമസ്, അനു എം.വർഗീസ്, സാറ തോമസ്, മനോജ് മാധവശേരിൽ, അനുരാജ് ഐക്കര എന്നിവരും നാട്ടുകാരും കുട്ടികളോടൊപ്പം കാരൾ ഗാനങ്ങൾ പാടി ആഘോഷത്തിൽ പങ്കുചേർന്നു. ഈ ബസിന്റെ ചരിത്രത്തിലെ ഉയർന്ന ടിക്കറ്റ് വരുമാനം നേടിയ ദിനത്തിൽ മികച്ച സേവനം അനുഷ്ഠിച്ച ജീവനക്കാരായ ജൂഡ്, സതീഷ് എന്നിവരെ മന്ത്രി അനുമോദിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

