റാന്നി ∙ പുനലൂർ–മൂവാറ്റുപുഴ പാതയുടെ നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നടപടിക്കായി ഗവർണർ നൽകിയ കത്ത് ഒരു മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചിട്ടില്ല.
പൊതുപ്രവർത്തകനായ അനിൽ കാറ്റാടിക്കൽ ഗവർണർക്കു നൽകിയ പരാതിയാണ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറിക്കു നൽകിയത്. വിവരാവകാശം വഴിയാണ് കത്തു കിട്ടിയിട്ടില്ലെന്ന് അറിഞ്ഞത്.
പാതയിലെ നിർമാണ ക്രമക്കേടു ചൂണ്ടിക്കാട്ടി അനിൽ വിജിലൻസിനു പരാതി നൽകിയിട്ടിട്ട് 45 മാസം പിന്നിട്ടിട്ടും പ്രാഥമികാന്വേഷണം മാത്രമാണു നടന്നത്.
തുടർന്നാണ് അദ്ദേഹം ഗവർണറെ സമീപിച്ചത്. വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് വിശദമായ അന്വേഷണത്തിനു പത്തനംതിട്ട വിജിലൻസ് ശുപാർശ ചെയ്തത്.
എസ്ഐടി വൺ തുടർ അന്വേഷണം ആരംഭിച്ചിരുന്നു.
പൊൻകുന്നം–പുനലൂർ 82 കിലോമീറ്റർ വികസിപ്പിച്ചത് 748.67 കോടി രൂപയ്ക്കാണ്. 850 കോടിയോളം രൂപ ഇതിനകം ചെലവഴിച്ചു.
സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ 2,000 കോടിയോളം രൂപ പാതയുടെ നവീകരണത്തിനായിട്ടുണ്ട്. ക്രമക്കേടുകൾ മൂലം 500 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണു പരാതിയിൽ പറയുന്നത്.
സ്ഥലമെടുപ്പ്, ഓട, കലുങ്ക് എന്നിവയുടെ നിർമാണത്തിലും പരിപാലനത്തിലും ക്രമക്കേടുകളുണ്ടെന്ന് പരാതിയിൽ പറയുന്നു.
നിർമാണ ഘട്ടത്തിൽ 10 യാഡുകൾ ഏറ്റെടുത്തിരുന്നു. യാഡുകളുടെ വിശദാംശങ്ങൾ വിവരാവകാശ പ്രകാരം കെഎസ്ടിപി അനിലിനു നൽകിയിരുന്നു.
യാഡിലെ മണ്ണ് ലേലം ചെയ്യാൻ ഉടമയുമായി കരാർ വ്യവസ്ഥയില്ലെന്നാണു വിശദീകരണം. താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടു നികത്തി നൽകിയതിലൂടെ കോടികളുടെ ക്രമക്കേടാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
പ്ലാച്ചേരി–കോന്നി നിർമാണം നടന്ന സമയത്ത് കോടിക്കണക്കിനു രൂപയുടെ കല്ലും മണ്ണും കരാറുകാരന് സൗജന്യമായി ലഭിച്ചു.
ഇതാണ് പണിക്ക് ഉപയോഗിച്ചത്. പാർശ്വ ഭിത്തി നിർമിക്കുന്നതിന് 45.6 കോടി രൂപയാണ് കരാറിൽ നൽകിയിരിക്കുന്നത്.
കൂടാതെ കല്ലും മണ്ണും നീക്കുന്നതിന് 7.5 കോടി രൂപ അധികമായും നൽകി.
പണികൾ നടക്കുമ്പോൾ തന്നെ കെഎസ്ടിപി പണി പൂർത്തിയായെന്ന് സർട്ടിഫിക്കറ്റ് നൽകിയിരുന്നു. പ്ലാച്ചേരി–പൊൻകുന്നം ഭാഗം 2021 നവംബർ 21നും കോന്നി–പ്ലാച്ചേരി ഭാഗം 2022 ഏപ്രിൽ 18നും കോന്നി–പുനലൂർ ഭാഗം 2023 ഡിസംബർ 30നും പൂർത്തിയായെന്നാണ് കെഎസ്ടിപി രേഖാമൂലം അറിയിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]