പത്തനംതിട്ട ∙ അമീബിക് മസ്തിഷ്കജ്വരത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും ജാഗ്രത. ആരോഗ്യകരമായ ശീലങ്ങൾ പാലിക്കണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.
കുളിക്കാൻ ഉപയോഗിക്കുന്ന കിണർവെള്ളം നിർബന്ധമായി ക്ലോറിനേറ്റ് ചെയ്യണം. വെള്ളത്തിലെ അമീബയെ നശിപ്പിക്കാൻ ക്ലോറിനേഷൻ ഫലപ്രദമാണ്. പ്രധാനമായും മൂക്കിലൂടെയാണ് അമീബ തലച്ചോറിലേക്ക് പ്രവേശിച്ചിട്ടുള്ളത്.
അതിനാലാണു കെട്ടിക്കിടക്കുന്ന വെള്ളത്തിലെ മുങ്ങിക്കുളിയും ഡൈവ് ചെയ്യുന്നതും ഒഴിവാക്കാൻ നിർദേശിക്കുന്നത്.
അമീബിക് മസ്തിഷ്കജ്വരം
∙ നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് ഉണ്ടാകുന്നത്.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.
മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
ലക്ഷണങ്ങൾ
∙ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്.
∙ രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും.
കുഞ്ഞുങ്ങളിലെലക്ഷണങ്ങൾ
∙ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ.
പ്രതിരോധിക്കാം
∙ വെള്ളമാണ് വില്ലൻ.
നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
∙ മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണമായും ഒഴിവാക്കുക. ∙ വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക.
നീന്തൽക്കുളം ഒരുക്കുമ്പോൾ
∙ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായി ഒഴുക്കിക്കളയുക.
∙ സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ∙ പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക.
∙ പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക,
∙ വെള്ളത്തിന്റെ അളവിനനുസരിച്ച് (5 ഗ്രാം ബ്ലീച്ചിങ് പൗഡർ 1,000 ലീറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലവൽ 0.5 പിപിഎം മുതൽ 3 പിപിഎം ആയി നിലനിർത്തുക.
കിണറ്റിൽ ക്ലോറിനേഷൻ എങ്ങനെ നടത്താം?
∙ ആദ്യം ജലസംഭരണിയിലെ (കിണർ അല്ലെങ്കിൽ ടാങ്ക്) ജലത്തിന്റെ അളവ് കണക്കാക്കണം. ∙ തുടർന്ന് 1000 ലീറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ (ഒരു തീപ്പെട്ടി കൂടിനുള്ളിൽ കൊള്ളുന്ന അത്രയും അല്ലെങ്കിൽ ഒരു ടേബിൾ സ്പൂൺ) എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ എടുക്കുക.
ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ കിണറാണെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം. അതിനായി 1000 ലീറ്ററിന് 5 ഗ്രാം ബ്ലീച്ചിങ് പൗഡർ എടുക്കണം.
∙ ബ്ലീച്ചിങ് പൗഡർ ബക്കറ്റിലെടുത്ത് വെള്ളമൊഴിച്ചു കുഴമ്പു പരുവത്തിലാക്കുക. ശേഷം ബക്കറ്റിന്റെ മുക്കാൽ ഭാഗം വെള്ളമൊഴിച്ചു കലക്കിയതിനു ശേഷം 10 മിനിറ്റു വയ്ക്കുക.
∙ തെളിഞ്ഞ ലായനി മാത്രം വെള്ളം കോരുന്ന പാത്രത്തിലേക്കോ മറ്റൊരു ബക്കറ്റിലേക്കോ ഒഴിച്ചതിന് ശേഷം കയറിൽ സംഭരണിയിലെ വെള്ളത്തിലേക്ക് ഇറക്കി നന്നായി ഉലയ്ക്കുകയോ അടിത്തട്ടിലേക്ക് കൊണ്ടുപോയി പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ∙ ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം.
∙ജലസംഭരണി മലിനമായി കിടക്കുകയാണെങ്കിൽ അതു വൃത്തിയാക്കിയതിനു ശേഷം മാത്രമേ ക്ലോറിനേഷൻ നടത്തിയതുകൊണ്ടു പ്രയോജനമുള്ളൂ.
കിണറിലെ വെള്ളത്തിന്റെ അളവ് എങ്ങനെ കണ്ടെത്താം?
∙സാധാരണ വീടുകളിലുള്ള കിണറുകളിൽ ഭൂരിപക്ഷവും 4 അടി അഥവാ 1.20 മീറ്റർ വ്യാസമുള്ളവയാണ്. തൊടിയുടെ (ഒരു റിങ്) ഉയരം 3 അടി അഥവാ 90 സെന്റിമീറ്ററും.
അങ്ങനെയെങ്കിൽ ഒരു തൊടി പൊക്കത്തിലെ കിണറിന്റെ അളവ് ഏകദേശം ആയിരം ലീറ്റർ ആയിരിക്കും. ഉദാ: 5 തൊടി പൊക്കത്തിൽ വെള്ളം നിറഞ്ഞു നിൽക്കുകയാണെങ്കിൽ 5,000 ലീറ്റർ വെള്ളമുണ്ടെന്നും മനസ്സിലാക്കാം.
കിണറിന്റെ വ്യാസം 4 അടിക്ക് പകരം 8 ആണ് എങ്കിൽ (ഇരട്ടിയാണെങ്കിൽ) ഒരു തൊടിയിലെ വെള്ളത്തിന്റെ അളവ് ഇരട്ടിയായല്ല.
4 മടങ്ങായാണ് കൂടുന്നത്. അതായത് ഒരു തൊടിയിൽ 4000 ലീറ്റർ.
കിണറിന്റെ വ്യാസം 2 അടിയായി (പകുതിയായി) കുറഞ്ഞാൽ തൊടിയിലെ വെള്ളത്തിന്റെ അളവ് നാലിൽ ഒന്നായി കുറയും. അതായത് 250 ലീറ്റർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]