പന്തളം ∙ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്ന ഭാഗത്തെ പേരാലിൽ തമ്പടിച്ച പക്ഷിക്കൂട്ടം മൂലമുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ മരത്തിൽ ചോർപ് സ്ഥാപിക്കാൻ നഗരസഭ. ഇതിനായി 5 ലക്ഷം രൂപ അനുവദിച്ചു.
ഇതിനു സമീപം ചന്തയ്ക്ക് മുൻപിലെ മരങ്ങളിലെ പക്ഷികളെ തുരത്താൻ ജൈവ വൈവിധ്യ ബോർഡ് അനുവദിച്ച 2.2 ലക്ഷം രൂപ വിനിയോഗിച്ചതിനു പിന്നാലെയാണ് മറ്റൊരു മരത്തിലെ പക്ഷികളെ തുരത്താൻ നഗരസഭയും ഫണ്ട് അനുവദിക്കുന്നത്.
സ്റ്റാൻഡ് നിർമാണത്തിനൊപ്പം ചോർപ് നിർമാണവും പൂർത്തിയാക്കും. സ്റ്റാൻഡിലെ പ്രവേശനവഴിയിലാണ് പേരാൽ.
ഇവിടെ നൂറുകണക്കിനു പക്ഷികൾ തമ്പടിച്ചിട്ടുണ്ട്. ഇവയുടെ കാഷ്ഠം യാത്രക്കാർക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് ചോർപ് സ്ഥാപിക്കുക.
പേരാലിന്റെ ചുവട്ടിൽ സംരക്ഷണഭിത്തിയും നിർമിക്കും.
പദ്ധതി രണ്ടാം തവണ
മരങ്ങളിൽ പക്ഷികൾ തമ്പടിക്കുന്നത് മൂലം ശല്യമൊഴിവാക്കാൻ പദ്ധതി നടപ്പാക്കുന്നത് രണ്ടാം തവണ. 2022 ൽ ആയിരുന്നു ആദ്യ പദ്ധതി.
ജൈവവൈവിധ്യ ബോർഡ് അനുവദിച്ച 2.2 ലക്ഷം രൂപയാണ് അന്നു വിനിയോഗിച്ചത്. വലയിടുന്നതിനൊപ്പം വിവിധ ഭാഗങ്ങളിലുള്ള 12 പൈതൃകമരങ്ങളുടെ സംരക്ഷണത്തിനും കൂടിയായിരുന്നു ഫണ്ട്.
എന്നാൽ, കെഎസ്ആർടിസി റോഡിലെ 3 മരങ്ങൾ ശിഖരം മുറിച്ചുവലയിട്ടതോടെ ഫണ്ട് തീർന്നു.
പൈതൃകമരങ്ങളുടെ സംരക്ഷണം ഇതു കാരണം നടത്താനായില്ല. ജൈവവൈവിധ്യ ബോർഡിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്.
അന്ന് നഗരസഭാ അധ്യക്ഷയായിരുന്ന സുശീല സന്തോഷ് ചെയർപഴ്സനായ സമിതി തയാറാക്കിയ രൂപരേഖയിലായിരുന്നു തുക അനുവദിച്ചത്.
പേരാലിൽ തമ്പടിച്ച് പക്ഷിക്കൂട്ടം
കെഎസ്ആർടിസി റോഡിലെ മരങ്ങളിൽ മൂന്ന് വർഷം മുൻപ് വലയിട്ടതോടെ കൂടുവിട്ട പക്ഷിക്കൂട്ടമാണ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പേരാലിൽ ചേക്കേറിയത്.
സ്റ്റാൻഡ് പ്രവർത്തനം തുടങ്ങുന്നതിനു ചോർപ് സ്ഥാപിക്കാനാണ് തീരുമാനം.
മേയ്, ജൂൺ മാസങ്ങളിലാണ് പക്ഷിക്കൂട്ടം ചേക്കേറുക. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ കൂടുവിടും.
ചേരക്കോഴി, ചിന്നമുണ്ടി, പെരുമുണ്ടി, കിന്നരി നീർക്കാക്ക, കൊച്ചുനീർക്കാക്ക, പാതിരാക്കൊക്ക് അടക്കം നൂറുകണക്കിനു പക്ഷികൾ പേരാലിൽ തമ്പടിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]