
തുമ്പമൺ ∙ പന്തളം–പത്തനംതിട്ട റോഡിൽ മുട്ടം ഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടായി.
മുട്ടം റേഷൻ കടയ്ക്കും മാർത്തോമ്മാ പള്ളിക്കുമിടയിൽ റോഡിന്റെ തെക്ക് ഭാഗത്താണു വെള്ളക്കെട്ട്. ശക്തമായ മഴയുള്ള സമയങ്ങളിൽ റോഡിന്റെ മധ്യഭാഗത്തോളം വെള്ളം കെട്ടിക്കിടക്കും.
കാൽനടയാത്രികർക്കു നടന്നുപോകാനാവാത്ത സ്ഥിതിയാണ്. ഏതാനും വർഷം മുൻപ് സ്കൂട്ടർ യാത്രികനായ മധ്യവയസ്കൻ ഇവിടെ അപകടത്തിൽ മരിച്ചിരുന്നു.
വലിയ വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ വേഗത്തിലൂടെ പോകുന്നതു മൂലം വശത്തെ വീടുകളിൽ വരെ ചെളിവെള്ളം തെറിക്കുന്നെന്നും പരാതിയുണ്ട്. വൈഎംസിഎ, സെന്റ് ജോർജ് ചാപ്പൽ, റേഷൻ കട, മാർത്തോമ്മാ പള്ളി എന്നിവിടങ്ങളിൽ എത്തുന്നവർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ടായി.
പലതവണ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടും പരിഹാരമായില്ല.
ഒരു വർഷം മുൻപ് വെള്ളക്കെട്ട് രൂക്ഷമായതോടെ അന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ടി.എ.രാജേഷ് അധികൃതർക്കു നേരിട്ട് പരാതി നൽകിയിരുന്നു. പരിഹാരമാകാതെ വന്നതോടെ അദ്ദേഹം തന്നെ സ്വന്തം ചെലവിൽ യന്ത്രസഹായത്തോടെ ഓടയിലെ ചെളിയും കാടും നീക്കി താൽക്കാലിക പരിഹാരം കണ്ടു. മാസങ്ങൾ കഴിഞ്ഞതോടെ വീണ്ടും പൂർവസ്ഥിതിയിലായി.
റോഡിനു കുറുകെ കലുങ്ക് നിർമിക്കാതെ ശാശ്വത പരിഹാരമാകില്ല. വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ രാജേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]