
പത്തനംതിട്ട ∙ ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് മേയ് – ജൂൺ മാസങ്ങളിലായി കടൽ ജീവികൾ അസ്വാഭാവികമായി ചത്തടിഞ്ഞ സംഭവത്തിൽ ഒരിക്കൽകൂടി രാസപരിശോധന നടത്തണമെന്ന് വനംവകുപ്പ്.
അപകടത്തിൽപെട്ട ‘എംഎസ്സി എൽസ 3’ ചരക്കു കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കടലിൽ വീണ് 30 ദിവസത്തിനിടെയാണ് 5 ഡോൾഫിനുകളും 2 തിമിംഗലങ്ങളും ചത്തു തീരത്തടിഞ്ഞത്.
7 കേസുകളിലും പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണു സൂചന. ആദ്യത്തെ ലാബ് ഫലത്തിലും മറ്റു പ്രശ്നങ്ങൾ കണ്ടെത്തിയില്ല.
തുടർന്നാണ് രാസപരിശോധന ഒരിക്കൽകൂടി നടത്തണമെന്ന് വകുപ്പ് ആവശ്യപ്പെട്ടത്.
ചീഫ് കെമിക്കൽ എക്സാമിനറാണു പരിശോധിക്കുക. കോടതി വഴിയാണു രണ്ടാമതു പരിശോധന ആവശ്യപ്പെട്ടത്.
കപ്പൽ അപകടം മൂലമുണ്ടായ പരിസ്ഥിതി നാശവും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരുന്നു. ഇതിൽ കടൽ ജീവികൾ ചത്തടിഞ്ഞതിന്റെ വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു.
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിലാണ് ഡോൾഫിനും തിമിംഗലവും ഉൾപ്പെടുന്നത്.
ഏകദേശം 40–50 വർഷം പ്രായമുള്ള കൂനൻ (ഹംപ് ബാക്ക്ഡ് വെയ്ൽ) തിമിംഗലങ്ങളാണു തീരത്തടിഞ്ഞ രണ്ടും. രണ്ടാമത്തെ തിമിംഗലത്തെ നീക്കാൻ 20 ടൺ ഭാരമുയർത്തുന്ന ക്രെയിനാണ് ഉപയോഗിച്ചത്.
വനംവകുപ്പ് റാന്നി ഡിവിഷനു കീഴിലാണ് 7 കേസുകൾ റജിസ്റ്റർ ചെയ്തത്. മേയ് 28 മുതൽ ജൂൺ 27 വരെയുള്ള കാലയളവിലാണ് കേസുകളെടുത്തത്.
കണ്ടെയ്നറുകൾ കടലിൽ വീണപ്പോഴുണ്ടായ രാസമാലിന്യങ്ങളാണോ ജീവികൾ തുടർച്ചയായി ചത്തു പൊങ്ങാൻ കാരണമെന്നാണ് സംശയം. മേയ് 25ന് ആണു കപ്പൽ അപകടമുണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]