
കൂടെ ഇറങ്ങിവരണമെന്നാവശ്യം; 17 വയസ്സുകാരിയെ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തവും പിഴയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ കടമ്മനിട്ടയിൽ 17 വയസ്സുകാരിയെ മുത്തച്ഛന്റെ മുന്നിൽ പെട്രോളൊഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സജിലിന് (29) ജീവപര്യന്തം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 2 ലക്ഷം രൂപ വീതം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 3 മാസവും അധികതടവ് അനുഭവിക്കണം. 8 വർഷം മുൻപാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയിൽ വീട്ടിൽ ശാരികയെ അയൽക്കാരൻ കൂടിയായ പ്രതി കല്ലേലിമുക്ക് തെക്കുംപറമ്പിൽ വീട്ടിൽ സജിൽ കൊലപ്പെടുത്തിയത്. 2017 ജൂലൈ 14ന് ശാരികയുടെ മുത്തച്ഛന്റെ വീട്ടിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തനിക്കൊപ്പം ഇറങ്ങി വരണമെന്ന് പ്രതി ശാരികയോട് ഫോൺ വിളിച്ച് ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതോടെ നേരിട്ടെത്തിയ പ്രതി കയ്യിൽ കരുതിയ പെട്രോൾ ശാരികയുടെ തലയിലേക്ക് ഒഴിച്ച ശേഷം വീടിന്റെ വാതിലിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരി ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
88 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശാരികയെ കോട്ടയം മെഡിക്കൽ കോളജിലേക്കും അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിലും എത്തിച്ചു. എട്ടാം ദിവസം ശാരിക മരിച്ചു. മരിക്കും മുൻപ് ശാരിക സജിലിനെതിരെ നൽകിയ മൊഴികളാണു കേസിൽ പ്രധാന തെളിവായത്. ആക്രമണം നേരിൽ കണ്ട മുത്തച്ഛന്റെ മൊഴി, സജിൽ വീട്ടുമുറ്റത്ത് നിന്ന് ഇറങ്ങിയോടുന്നത് കണ്ട ശാരികയുടെ മാതാപിതാക്കളുടെ മൊഴി എന്നിവയും നിർണായക തെളിവുകളായി. സംഭവത്തിനു ദൃക്സാക്ഷിയായിരുന്ന മുത്തച്ഛൻ വിചാരണ തുടങ്ങും മുൻപ് മരിച്ചു. ശാരികയ്ക്ക് നേരെ നടത്തിയ ആക്രമണത്തിനിടെ പ്രതി സജിലിനും 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ചികിത്സതേടാതെ ഒളിവിൽ പോയ പ്രതിയെ അടുത്ത ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ സജിൽ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഇപ്പോൾ നർകോട്ടിക് സെൽ ഡിവൈഎസ്പിയായ ബി.അനിലാണ് കോടതിയിൽ ആദ്യം ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ആറന്മുള പൊലീസ് ഇൻസ്പെക്ടറായിരുന്ന സി.കെ.മനോജാണ് തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി.