
പുളിക്കീഴിൽ മാലിന്യം തരംതിരിക്കാൻ ആർആർഎഫ് കേന്ദ്രം തുറക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുളിക്കീഴ് ∙ ബ്ലോക്ക് പഞ്ചായത്തിൽ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർആർഎഫ്) കേന്ദ്രത്തിന്റെ നിർമാണം ഉടൻ തുടങ്ങും. ബ്ലോക്കിലെ പഞ്ചായത്തുകളായ കടപ്ര, നിരണം, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ എന്നിവിടങ്ങളിലെ എംസിഎഫുകളിൽ എത്തിച്ച് തരംതിരിക്കുന്ന മാലിന്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് പാഴ്വസ്തുക്കളും അജൈവ മാലിന്യങ്ങളും തരംതിരിച്ച് ബെയ്ലിങ് നടത്തി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനാണ് ആർആർഎഫ് സ്ഥാപിക്കുന്നത്. ശുചിത്വ മിഷന്റെ ഫണ്ട് 16 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 6 ലക്ഷം രൂപയും ചേർത്ത് 22 ലക്ഷം രൂപയ്ക്കാണ് ആർആർഎഫ് നിർമിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ പുറകുവശത്ത് 2010–15 കാലയളവിൽ ബ്ലോക്ക് നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ടിനോടു ചേർന്നാണ് ആർആർഎഫ് പണിയുന്നത്. 2000 ചതുരശ്രയടി കെട്ടിടവും ബെയ്ലിങ് യന്ത്രവും ആണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്. തുടർന്ന് കൂടുതൽ യന്ത്രങ്ങളും കെട്ടിടങ്ങളും നിർമിക്കും. പഞ്ചായത്ത് എംസിഎഫുകളിൽ നിന്നു കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ തരംതിരിച്ച് ബെയ്ലിങ് യന്ത്രത്തിൽ കൂടി കയറ്റി കംപ്രസർ ചെയ്ത് റോളുകളാക്കിയാണ് ക്ലീൻ കേരളയ്ക്കു കൈമാറുക.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഈ മാസം 7 ന് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയിരുന്നു. ആർആർഎഫ് ഇല്ലാതെയാണ് അന്ന് പ്രഖ്യാപനം നടത്തിയത്. പെരിങ്ങര പഞ്ചായത്തിൽ എംസിഎഫ് ഇല്ലാത്തതും പ്രഖ്യാപനത്തിന് താമസം നേരിട്ടു. അല്ലെങ്കിൽ ഒരുവർഷം മുൻപ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്താൻ കഴിയുമായിരുന്നു. കഴിഞ്ഞ വർഷം 60 ലക്ഷം രൂപയുടെ പദ്ധതിയാണ് ആർആർഎഫിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് തയാറാക്കിയത്. പുളിക്കീഴ് ഷുഗർ ഫാക്ടറിയുടെ സ്ഥലം ലഭ്യമാകാതിരുന്നതോടെ പദ്ധതി നടപ്പായില്ല. പിന്നീടാണ് 22 ലക്ഷം രൂപയ്ക്ക് സ്വന്തം സ്ഥലത്ത് നടപ്പാക്കാൻ തീരുമാനിച്ചത്.