കോഴഞ്ചേരി∙ മാരാമൺ കൺവൻഷനു തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി, കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഇപ്പോഴും പാതിവഴിയിൽ. ചെട്ടിമുക്ക് – ആറാട്ടുപുഴ റോഡിൽ തോട്ടപ്പുഴശേരി പഞ്ചായത്തിലെ കോട്ട
പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണമാണ് ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നത്. ചെങ്ങന്നൂർ, മാവേലിക്കര ഭാഗങ്ങളിൽ നിന്ന് കൺവൻഷന് എത്തേണ്ടവർക്ക് എളുപ്പ വഴിയാണ് ഈ പാലം.
അപ്രോച്ച് റോഡ് നിർമാണം കൺവൻഷനു മുൻപ് പൂർത്തിയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും വശങ്ങളിലെ കെട്ട് നടക്കുന്ന സ്ഥിതിയാണ് ഇപ്പോഴും.
ഉപറോഡു വഴി ഏറെ ചുറ്റി സഞ്ചരിച്ചു വേണം കൺവൻഷൻ നഗറിലേക്ക് എത്തിച്ചേരാൻ. 40 വർഷത്തിലേറെ പഴക്കമുള്ള പാലമാണ് പൊളിച്ചു പണിതത്.
ഒരു വാഹനത്തിനു മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന നിലയിലുള്ള പാലം ഇടിച്ചു കളഞ്ഞ് രണ്ടു വാഹനങ്ങൾക്കു സുഗമമായി പോകാൻ കഴിയുന്ന തരത്തിലാണ് പുതിയ പാലം നിർമിച്ചത്.
പാലത്തിനു വീതിയില്ലാത്തതിനാൽ എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കടന്നു പോകുന്നതു വരെ കാത്തു കിടക്കേണ്ടി വന്നിരുന്നത് പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാക്കിയിരുന്നു.
അതിനാൽ പുതിയ പാലം പണിയണമെന്ന് യാത്രക്കാരും പ്രദേശവാസികളും വളരെ നാളുകളായി ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. അങ്ങനെയാണ് പുതിയ പാലത്തിനായി 2.71 കോടി രൂപ സർക്കാർ അനുവദിച്ചു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ നിലവിലുള്ള റോഡിനോടു ചേർന്നു നിന്നിരുന്ന വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടത്തിയത്.
തൂണുകൾ മുഴുവൻ മാറ്റി സ്ഥാപിച്ചതോടെ റോഡിന് ഈ ഭാഗത്തു നല്ല വീതിയാണ് ഇപ്പോൾ.
മാരാമൺ, ചെട്ടിമുക്ക്, ചിറയിറമ്പ്, കുറിയന്നൂർ, പുല്ലാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് എംസി റോഡിലെ കാരയ്ക്കാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കു എളുപ്പ മാർഗത്തിൽ എത്താവുന്ന പാതയാണിത്. പമ്പാനദിയിലെ ആഞ്ഞിലിമൂട്ടിൽ കടവിൽ പുതിയ പാലം നിർമിച്ചതോടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി സഞ്ചരിച്ചിരുന്നത്. പുതിയപാലം തുറന്നു നൽകുന്നതോടെ ഇങ്ങനെ പോകുന്നവർക്കും വലിയ സൗകര്യമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

