മലയണ്ണാനും മ്ലാവും കുരങ്ങും കാട്ടാനയും സ്വൈരമായി വിഹരിക്കുന്ന നാട്. കർഷകരുടെ വിയർപ്പിൽനിന്നു കിളിർത്ത കൃഷിയിടങ്ങളിൽനിന്ന് ഇവയ്ക്കെല്ലാം യഥേഷ്ടം ഭക്ഷണം.
ഇതു വായിക്കുമ്പോൾ മനസ്സിൽ തെളിയുന്ന ചിത്രത്തിനു കർഷകർ പൊഴിക്കുന്ന കണ്ണീരിന്റെ നിറവും കൂടി ചേർക്കണം. അപ്പോൾ മനസ്സിലാക്കാം കർഷകരുടെ ജീവിതത്തിൽ നിറം ഇല്ലാതായിട്ട് എത്ര നാളുകൾ പിന്നിട്ടിരിക്കുന്നെന്ന്.
റാന്നി വടശ്ശേരിക്കരയിലെ ഒളികല്ലിലും കുമ്പളത്താമണ്ണിലുമുള്ള കർഷകർ പങ്കുവയ്ക്കുന്ന ദുരവസ്ഥ വന്യമൃഗശല്യം കാരണം വീർപ്പുമുട്ടുന്ന എല്ലാ കർഷകരുടെയും ജീവിതമാണ്. ആയുസ്സു മുഴുവൻ മണ്ണിനോടു പൊരുതി നാടിനെ ഊട്ടിയവർ ഇന്നു വന്യമൃഗശല്യം കാരണം കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമ്പോൾ സർക്കാർ നടപ്പില്ലാക്കിയ പദ്ധതികളും നൽകുന്ന വാഗ്ദാനങ്ങളും നോക്കുകുത്തിയാകുന്നു.
ആദായം വട്ടപ്പൂജ്യം
ലക്ഷങ്ങളുടെ വരുമാനത്തിൽനിന്ന് നഷ്ടങ്ങളുടെ വിളവെടുപ്പുകാലത്ത് എത്തിനിൽക്കുമ്പോൾ കണ്ണാട്ടുമണ്ണിൽ ജോർജ് വർഗീസിനു (73) മിച്ചം കാട്ടുപന്നി ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട് ഓടിയപ്പോൾ കൈക്കുണ്ടായ പരുക്ക് മാത്രമാണ്.
‘18 മണിക്കൂർ ദിവസവും അധ്വാനിച്ച് വിളവെടുത്ത സ്ഥലത്ത് ഇന്നു കൃഷിയിറക്കുമ്പോൾ പേരയ്ക്ക പോലും ലഭിക്കുന്നില്ല. എല്ലാം കുരങ്ങും മലയണ്ണാനും കൊണ്ടുപോകും’, ജോർജ് പറഞ്ഞു.
അദ്ദേഹത്തിന്റെ കൃഷിഭൂമിയിൽ പലയിടങ്ങളിലായി കാട്ടാനകൾ പിഴുതിട്ടിരിക്കുന്ന കമുകും തെങ്ങും കാട്ടാനക്കലിയുടെ നേർചിത്രങ്ങളാണ്.
കൃഷിയിടം സംരക്ഷിക്കാനായി സ്വന്തം ചെലവിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച സൗരോർജവേലിയും കാട്ടാനകൾ നശിപ്പിച്ചു. റബറിന്റെ തൊലി മ്ലാവ് മാന്തി നശിപ്പിക്കുന്നതിനാൽ വെട്ട് നിർത്തിയിട്ടു നാളുകളായി. കുരുമുളകിനു താങ്ങായി നിർത്തിയിരുന്ന ശീമക്കൊന്നയുടെയും മുരിക്കിന്റെയും തൊലി മ്ലാവ് മാന്തിക്കളയുന്നതിനാൽ കുരുമുളക് കൃഷിയിലും നഷ്ടം മാത്രം.‘കർഷകന്റെ ജീവിതം പട്ടിണിയിലാണ്.
5.5 ഏക്കർ ഭൂമിയുള്ളതിനാൽ ആനുകൂല്യങ്ങളുമില്ല പെൻഷനുമില്ല. എന്നാൽ ഈ ഭൂമിയിൽ നിന്നുള്ള ആദായമോ വട്ടപ്പൂജ്യവും’, ജോർജ് പറഞ്ഞു.
ഗേറ്റിന് പോലും രക്ഷയില്ല
‘ഇവിടെയുള്ള പല വീടുകളുടെയും മതിലും ഗേറ്റും എല്ലാം കാട്ടാനകൾ ചവിട്ടി നശിപ്പിച്ചിരിക്കുകയാണ്.
ആദ്യമൊക്കെ നന്നാക്കുമായിരുന്നു. എന്നാൽ, ആക്രമണം പതിവായതോടെ അതും നിർത്തി.
ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന മതിലും ഗേറ്റുമൊക്കെയാണ് ആന നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നത്’, കാട്ടാന നശിപ്പിച്ച തന്റെ സഹോദരിയുടെ വീടിന്റെ മതിലും ഗേറ്റും ചൂണ്ടിക്കാട്ടി രാമചന്ദ്രൻനായർ പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ വീടുകൾ കൂടി ഉപേക്ഷിച്ച് കുടിയിറങ്ങേണ്ട
സാഹചര്യമാണെന്നു നാട്ടുകാർ പറയുന്നു.
തീറ്റപ്പുല്ലും അകത്താക്കും
‘വിദേശത്തുണ്ടായിരുന്ന ജോലി കളഞ്ഞാണ് നാട്ടിൽ എത്തിയതും കൃഷിയിലേക്ക് ഇറങ്ങിയതും. കന്നുകാലികൾക്കുവേണ്ടി ഏകദേശം 2.5 ഏക്കർ സ്ഥലത്തു തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്.
എന്നാൽ, പലപ്പോഴും അതു കാട്ടാനയും മ്ലാവും തിന്നുകയാണ്. സുരക്ഷയ്ക്കായി കെട്ടിയ സൗരോർജവേലിയും നശിപ്പിച്ചു. കൃഷിയിടത്തിലെ ഗേറ്റ് കാട്ടാനചവിട്ടി നശിപ്പിച്ചു. വീണ്ടും ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ പുതുക്കി പണിയാൻ തീരുമാനിച്ചിട്ടില്ല’, ജംഗിൾ ബുക്ക് ഫാം ഉടമയായ റെയ്സൻ ചാക്കോ പറഞ്ഞു.
കാട്ടാനകളുടെ കുമ്പളത്താമൺ
വൈകുന്നേരം 5 കഴിഞ്ഞാൽ പിന്നെ ഇവിടെയുള്ളവർ പുറത്തിറങ്ങാൻ ഒന്നു ഭയക്കും.
കാട്ടാനശല്യം അത്രയ്ക്കും രൂക്ഷമാണ്. പല ഇടവഴികളിലും ആനപിണ്ഡം കാണാം.
കാട്ടാനകൾ മരങ്ങൾ പിഴുതുമറിക്കാത്ത കൃഷയിടങ്ങളും കുറവാണ്. പടക്കം പൊട്ടിച്ചാണു നാട്ടുകാർ കാട്ടാനകളെ ഓടിക്കുന്നത്. കഴിഞ്ഞ മാസം ഇവിടെ കാട്ടാന ഇറങ്ങിയപ്പോൾ നാട്ടുകാർ ചേർന്നു പ്രതിഷേധിച്ചിരുന്നു.
തുടർന്നു റാന്നി ഡിഎഫ്ഒയും ആർഎഫ്ഒയും മറ്റു ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
‘എന്തെങ്കിലും സംഭവിക്കുമ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തും. ഉടൻ എല്ലാം ശരിയാക്കുമെന്നു പറയും. പിന്നെ നടപടികളൊന്നും ഉണ്ടാകില്ല’, കർഷകനായ മണപ്പാട്ട് കെ.എൻ.രാമചന്ദ്രൻനായർ പറഞ്ഞു. ‘സൗരോർജവേലി സ്ഥാപിക്കുമെന്നു വനംവകുപ്പ് പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഫണ്ടില്ലെന്നാണ് കാരണമായി പറയുന്നത്,’ അദ്ദേഹം വ്യക്തമാക്കി. 2018ലെ പ്രളയത്തിനു ശേഷമാണ് വന്യമൃഗശല്യം പെരുകിയതെന്നും നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]