
പന്തളം ∙ ഭരണസമിതി അഭിമാന പദ്ധതിയെന്നു വിശേഷിപ്പിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് നിർമാണം മാസങ്ങൾക്കു ശേഷം പുനരാരംഭിച്ചു. മൈതാനം കോൺക്രീറ്റ് ജോലികളാണു തുടങ്ങിയത്. സ്റ്റാൻഡിന്റെ നിർമാണ ജോലികൾക്കായി നഗരസഭയുടെ പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.
എന്നിട്ടും മാസങ്ങൾ വൈകിയാണ് ജോലികൾ തുടങ്ങിയത്.
34 ലക്ഷം രൂപ കൂടിയാണ് അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബറിലേക്ക് പുതിയ സ്റ്റാൻഡ് തുറന്നുനൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മാത്യു പറഞ്ഞു. മോട്ടർ വാഹന വകുപ്പിന്റെ അനുമതി സംബന്ധിച്ചു മന്ത്രി കെ.ബി.ഗണേശ് കുമാറിനെ കണ്ടു. ജംക്ഷനിലെ തിരക്ക് കൂടി പരിഗണിച്ചു ജോലികൾ വേഗത്തിലാക്കാനാണ് അദ്ദേഹം നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുടങ്ങിയത് 2 വർഷം
മുൻ അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി 2 വർഷം മുൻപ് സർക്കാർ അംഗീകാരം ലഭിച്ച പദ്ധതിയുടെ നിർമാണോദ്ഘാടനം 2023 ഓഗസ്റ്റ് 17നായിരുന്നു.
ഇപ്പോൾ രണ്ട് വർഷം പിന്നിട്ടു. 40 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
കാത്തിരിപ്പ് കേന്ദ്രവും ഇരിപ്പിടങ്ങളും കടമുറികളും നിർമിച്ചിരുന്നു. പൊക്കവിളക്കും സ്ഥാപിച്ചു.
കെഎസ്ആർടിസിക്ക് സമീപത്തെ ശുചിമുറി ബ്ലോക്ക് അറ്റകുറ്റപ്പണി നടത്തി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിരുന്നു.
മൈതാനം കോൺക്രീറ്റ് തുടങ്ങി
പാർക്കിങ് ഏരിയ ഉൾപ്പടെ മൈതാനം പൂർണമായും കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് തുടങ്ങിയത്. സ്റ്റാൻഡിന് വടക്ക് നീർച്ചാലിന്റെ അതിർത്തിയിൽ വേലിയും സ്ഥാപിക്കും.
സൗന്ദര്യവൽക്കരണം
പ്രവേശനവഴിയിലെ പേരാലിൽ തമ്പടിച്ച പക്ഷിക്കൂട്ടത്തെ തുരത്താൻ വല കെട്ടാനും തീരുമാനമുണ്ട്.പേരാൽ സംരക്ഷിക്കാൻ ചുവട്ടിൽ സംരക്ഷണഭിത്തിയും നിർമിക്കും. സൗന്ദര്യവൽക്കരണം, പ്രവേശനവഴിയിൽ കവാടം എന്നിവയും ആലോചനയിലുണ്ട്.
ഇവ പൂർത്തിയായാൽ മോട്ടർ വാഹന വകുപ്പിന്റെ അനുമതി തേടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]