
പറക്കോട് ∙ ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്താൽ വലഞ്ഞ് പറക്കോട് നിവാസികൾ. പറക്കോട് ജംക്ഷനിലും അനന്തരാമപുരം ചന്തയിലും ഇതിനു സമീപത്തുള്ള വീടുകളിലുമാണ് ആഫ്രിക്കൻ ഒച്ച് വ്യാപകമായി കാണപ്പെട്ടത്.
മഴ ശക്തമായതോടെയാണ് ഒച്ചിന്റെ കടന്നു വരവ് കൂടിയത്. പറക്കോട് ചന്തയിലുള്ള കടകളിലെ ഭിത്തികളിലും തറയിലും ചന്തയ്ക്കുള്ളിലും മരത്തിലുമൊക്ക ഒച്ചിന്റെ സാന്നിധ്യം രൂക്ഷമായിട്ടുള്ളത്.
ചന്തയ്ക്കുള്ളിലേക്ക് കടക്കാൻ പറ്റാത്ത വിധം ഒച്ചിന്റെ ശല്യമാണ്. കടക്കാരും മറ്റുള്ളവരുമെല്ലാം ഉപ്പുവിതറി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
നശിപ്പിക്കുന്തോറും ഇതു കൂടിക്കൂടി വരികയാണെന്നാണു കടക്കാർ പറയുന്നത്.
വീടുകളിൽ ചെടികളിൽ, കൃഷിയിടങ്ങളിൽ ഭിത്തികളിൽ, പച്ചക്കറികളിൽ തുടങ്ങിയിടങ്ങളിലെല്ലാം ഈ ഒച്ച് കടന്നു കയറി വീട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. ഒച്ചിന്റെ ശല്യം ഇല്ലാതാക്കാൻ എല്ലായിടങ്ങളിലും ഇപ്പോൾ ഉപ്പു വിതറുന്ന കാഴ്ചയാണ്.
എന്നാൽ ഉപ്പു വിതറിയിട്ടും ഇതിന്റെ ശല്യമില്ലാതാകുന്നില്ല. പിന്നെയും വ്യാപകമായി കൊണ്ടിരിക്കുകയാണ്.
പകൽ സമയങ്ങളിൽ ഇതിന്റെ സാന്നിധ്യം കാണില്ല. രാത്രിയിലും പുലർച്ചെയുമാണ് ഇതിന്റെ സഞ്ചാരം.
കാർഷിക വിളകളിലേക്ക് കയറി അതെല്ലാം തിന്നു നശിപ്പിക്കുകയും ചെയ്യുന്നു.
ആഫ്രിക്കൻ ഒച്ചിനെ നിർമാർജനം ചെയ്യാൻ
∙ കാബേജ്, കോളിഫ്ലവർ, പപ്പായ ഇവയിൽ ഒന്നിന്റെ ഇലകൾ ചെറുതായി മുറിച്ച്, ചാക്കിലോ, ഷീറ്റിലോ ഇട്ട് ഒച്ചിന്റെ സാന്നിധ്യമുള്ള ഭാഗത്ത് വയ്ക്കുക. ഈ ഇല തിന്നാൻ ഒച്ച് എത്തുമ്പോൾ അതിനെ ഒരു ലീറ്റർ വെള്ളത്തിൽ 200 ഗ്രാം ഉപ്പ് ലയിപ്പിച്ച ലായനിയിൽ ഇട്ടു നശിപ്പിക്കുക
∙ അര കിലോ ഗോതമ്പു പൊടി, കാൽ കിലോ ശർക്കര, 25 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ ചേർത്തിളക്കിയ മിശ്രിതം ചെറുതായി നനച്ച ചണച്ചാക്കിലോ, അല്ലെങ്കിൽ ഒരടി ആഴമുള്ള കുഴിയിലോ ഇട്ട് മഴ കൊള്ളാതെ വയ്ക്കുക.
ഈ മിശ്രിതം കഴിച്ച് ഒച്ചുകൾ ചത്തു പോകും ∙ കാർഷിക വിളകൾ തിന്നാൻ എത്തുന്ന ഒച്ചുകളെ ഒരു ലീറ്റർ വെള്ളത്തിൽ 3 ഗ്രാം തുരിശ് എന്ന തോതിലുള്ള ലായനി തളിക്കുക, അല്ലെങ്കിൽ ബ്ലീച്ചിങ് പൗഡർ, പുകയിലപ്പൊടി, തുരിശു പൊടി എന്നിവ വിതറിയാലും മതി. ∙ വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളിൽ ഒച്ച് കയറാതിരിക്കാൻ 10% വീര്യമുള്ള ബോർഡോ മിശ്രിതം തേച്ചു പിടിപ്പിക്കുക.
∙ മരത്തടികൾ, മതിലുകൾ, ഭിത്തികൾ എന്നിവയിൽ ഒച്ചുകൾ കയറാതിരിക്കാൻ ഒരു ലീറ്റർ വെള്ളത്തിൽ 60 ഗ്രാം എന്ന തോതിൽ തുരിശ് ഇട്ടുള്ള ലായനി സ്പ്രേ ചെയ്താൽ മതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]