
പന്തളം ∙ ഭരണസമിതി അഭിമാനപദ്ധതികളെന്ന് വിശേഷിപ്പിക്കുന്ന പുതിയ നഗരസഭാ ബസ് സ്റ്റാൻഡും പൊതുശ്മശാനവും പൂർത്തിയാകാൻ വൈകും. നടപടികളിലെ മെല്ലെപ്പോക്കാണ് കാരണം.
2 പദ്ധതികളുടെയും നിർമാണോദ്ഘാടനമെങ്കിലും നടത്താനാണ് തിരക്കിട്ട ശ്രമം.
തദ്ദേശ തിരഞ്ഞെടുപ്പിനു 3 മാസം കൂടി ശേഷിക്കുന്നുണ്ടെങ്കിലും പദ്ധതി പ്രവർത്തനങ്ങൾക്ക് ഇനി 2 മാസം മാത്രമാണ് ലഭിക്കുക. രണ്ട് പദ്ധതികളും പൂർത്തിയാകാൻ കടമ്പകളേറെ.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ പൂർത്തിയാക്കുക വെല്ലുവിളിയാകും. എങ്കിലും, നടപടികൾ പരമാവധി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി.
2023 ഓഗസ്റ്റ് 17നായിരുന്നു നിർമാണോദ്ഘാടനം.
കാത്തിരിപ്പ് കേന്ദ്രവും ഇരിപ്പിടങ്ങളും കടമുറികളും സജ്ജമാക്കിയിട്ട് ഒരു വർഷം കഴിഞ്ഞു. പൊക്കവിളക്ക്, ശുചിമുറി ബ്ലോക്ക് അറ്റകുറ്റപ്പണി, മൈതാനം കോൺക്രീറ്റ്, കലുങ്ക് നിർമാണം എന്നിവയും പൂർത്തിയാക്കി.
മൈതാനം പൂർണമായും കോൺക്രീറ്റ് ചെയ്യാനുണ്ട്. നീർച്ചാലിന്റെ അതിർത്തിയിൽ വേലി സ്ഥാപിക്കാനും പ്രവേശനവഴിയിലെ പേരാലിലെ പക്ഷിക്കൂട്ടത്തെ തുരത്താൻ വല കെട്ടാനും കവാടം സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് 34 ലക്ഷം രൂപയും അനുവദിച്ചു. എന്നാൽ, തുടർ നടപടികൾ വൈകി.
ഇവയെല്ലാം പൂർത്തിയായാലും മോട്ടർ വാഹന വകുപ്പിന്റെ അനുമതി വേണം. ഇതിനും സമയമെടുക്കും.
അതേസമയം, പരമാവധി ജോലികൾ പൂർത്തിയാക്കി രണ്ടാം ഘട്ടം നിർമാണോദ്ഘാടനം നടത്താനാണ് ആലോചന.
ചലനമറ്റുപൊതുശ്മശാനം
നിർധന വിഭാഗങ്ങളുടെ നിരന്തര ആവശ്യമായിരുന്ന പൊതുശ്മശാനം നടപ്പാക്കുന്നതിലും അലംഭാവം. വിശദ പദ്ധതിരേഖ തയാറാക്കിയതൊഴിച്ചാൽ പദ്ധതി ഇനിയും നിർമാണഘട്ടത്തിലെത്തിയില്ല.
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം നഗരസഭ ഏറ്റെടുത്ത 1.2 ഏക്കറിൽ 10 സെന്റാണ് പരിഗണിച്ചത്. 2.5 കോടി രൂപയാണ് തുക.
വാതകശ്മശാനം, റാംപ്, പ്രാർഥനാമുറി, ഗ്യാസ് ഗോഡൗൺ, പാർക്കിങ് അടക്കം ഉൾപ്പെടുത്തി. ഹാബിറ്റാറ്റ് തയാറാക്കിയ രൂപരേഖ 3 തവണ കൗൺസിലിൽ പ്രദർശിപ്പിച്ചു ഭേദഗതിയും വരുത്തി.
വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് തൂണുകളിൽ 3 മീറ്ററോളം ഉയർത്തി നിർമിക്കാനും തീരുമാനിച്ചു. ഇതിന്റെയും നിർമാണോദ്ഘാടനം വൈകാതെ നടത്താനാണ് ഇപ്പോഴത്തെ ആലോചന.
അത്യാവശ്യ പദ്ധതികൾ; നാടിന്റെ അടിസ്ഥാന ആവശ്യം
പുതിയ സ്റ്റാൻഡ് നിർമാണം പദ്ധതിയിട്ടതോടെ നിലവിലെ ബസ് സ്റ്റാൻഡ് അവഗണിക്കപ്പെട്ടു.
പല ഭാഗങ്ങളിലും കുഴികൾ നിറഞ്ഞു. സഹികെട്ടതോടെ സ്റ്റാൻഡിന്റെ കരാറുകാരൻ തന്നെ കോൺക്രീറ്റ് അവശിഷ്ടങ്ങളുപയോഗിച്ചു കുഴി നികത്തേണ്ടിവന്നു.
മഴ തുടങ്ങിയതോടെ വെള്ളക്കെട്ട് രൂക്ഷം. നഗരസഭ നിർമിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നനിലയിലാണ്.
രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് കാരണം സാമൂഹികവിരുദ്ധ ശല്യവുമുണ്ട്. നിർധന കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പരിഗണിച്ചാണ് ശ്മശാനം പദ്ധതിയിട്ടത്.
ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭകളിലൊന്നാണ് പന്തളം. 42,793 ആണ് ജനസംഖ്യ.
4 സെന്റിന് താഴെയുള്ള സ്ഥലത്ത് പോലും വീട് വച്ചു കഴിയുന്നവരുണ്ട്. ഒരു മരണം നടന്നാൽ സംസ്കാരച്ചടങ്ങുകൾ നടത്താൻ ഇടമില്ലാത്ത സ്ഥിതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]