
പുളിക്കീഴ് ∙ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണം ഒരു പിടികിട്ടാപ്പുള്ളിയെപ്പോലെ എല്ലാവരെയും വെട്ടിച്ചു നിൽക്കുന്നു.
പുളിക്കീഴിൽ പൊലീസ് സ്റ്റേഷൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇതുവരെ, സ്വന്തമായ ആസ്ഥാനം ആയിട്ടില്ല. അതിനുള്ള ശ്രമമാണ് വർഷങ്ങളായി നടക്കുന്നത്. പുളിക്കീഴ് ഷുഗർ ഫാക്ടറി വക 10 സെന്റ് സ്ഥലം ആലുംതുരുത്തിയിൽ 10 വർഷം മുൻപ് കിട്ടിയപ്പോഴാണു കെട്ടിട
നിർമാണത്തിനു പണം അനുവദിക്കുന്നത്. ചെറിയ തവണകളായി പണം അനുവദിക്കുന്നതിനാൽ കെട്ടിടം പണി പൂർത്തിയാക്കാൻ കഴിയാത്തതാണ് ഇപ്പോഴത്തെ ദുരിതം.
ഈ അവസ്ഥ തുടരുമ്പോഴും കനത്ത മഴയെയും കാറ്റിനെയും അതിജീവിച്ച് ഇപ്പോൾ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടം അതിദുരിതത്തിലുമാണ്.
2019 ൽ ആണു കെട്ടിടത്തിനുവേണ്ടിയുള്ള ആദ്യത്തെ പദ്ധതി തയാറാക്കുന്നത്. 3 നിലകളിലുള്ള കെട്ടിടത്തിന് 2.96 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിനു സമർപ്പിച്ചു. 2021 ൽ ആദ്യത്തെ ഗഡു കിട്ടി.
36 ലക്ഷം രൂപ. അതുകൊണ്ട് അടിത്തറ പൂർത്തിയാകില്ലെന്നറിഞ്ഞ് അടുത്ത തവണയ്ക്കു വേണ്ടി കാത്തിരുന്നു.
അടുത്ത വർഷം 25 ലക്ഷം രൂപ കൂടി അനുവദിച്ചു. 61 ലക്ഷം രൂപയ്ക്കു കരാർ നൽകി.
കെട്ടിടത്തിന്റെ അടിത്തറ കഴിഞ്ഞ വർഷം പൂർത്തിയാക്കി. ഇനി 3 നിലകൾ കൂടി ഉയർന്നാലേ പദ്ധതിയനുസരിച്ചുള്ള കെട്ടിടം ആകുകയുള്ളു.
അതിനു മുഴുവൻ തുകയും ഒന്നിച്ചു കിട്ടണം. എന്നാൽ ബാക്കി കിട്ടാനുള്ളതും തവണകളാക്കുമ്പോൾ എങ്ങുമെത്താതെ പോകുന്നു. തുടർന്നുള്ള പണികൾക്കായി 2022 ൽ ആദ്യം 8 ലക്ഷം രൂപ അനുവദിച്ചു.
അതേ വർഷം വീണ്ടും 37 ലക്ഷം രൂപയും കൂടി കിട്ടി. അടുത്ത വർഷം വീണ്ടും 4.4 ലക്ഷം രൂപയും കൂടി ലഭിച്ചു.
എല്ലാം കൂടി ചേർത്ത് 50 ലക്ഷം കിട്ടിയെങ്കിലും ഒരു നില പൂർത്തിയാക്കാനുള്ള പണമില്ലെന്നായതോടെ അടുത്ത തവണയ്ക്കുവേണ്ടി കാത്തിരുന്നു. ഈ വർഷം ജനുവരിയിൽ 90 ലക്ഷം രൂപ കിട്ടിയതോടെ 1.4 കോടി രൂപയ്ക്കുള്ള കരാർ വിളിച്ചു.
ഇതിന്റെ നിർമാണം തുടങ്ങണമെങ്കിൽ കെട്ടിട നിർമാണത്തിനുള്ള കോൺക്രീറ്റ് മിക്സ് ഡിസൈനിന്റെ അനുമതി കിട്ടണം.
അതിനുവേണ്ടിയുള്ള കാത്തിരിപ്പാണിപ്പോൾ. ഇതിനിടെ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് പ്രകാരമുള്ള അവസാനത്തെ ഗഡുവായ 94 ലക്ഷം രൂപയും അനുവദിച്ചു. അതിനുള്ള കരാർ ഇനി വിളിക്കണം.
അതിനു മുൻപേ എസ്റ്റിമേറ്റ് വീണ്ടും പുതുക്കേണ്ടി വരും. നിലവിലുള്ള എസ്റ്റിമേറ്റ് 2019നു മുൻപുള്ളതാണ്. ഇതിനുശേഷം തുകയിൽ വർധന വന്നിട്ടുണ്ട്.
3 നിലയുടെ നിർമാണം നടത്തണമെങ്കിൽ കൂടുതൽ തുക ലഭിക്കേണ്ടി വരും.
ലോക്കപ്പില്ല
പ്രതികളെ അറസ്റ്റു ചെയ്താൽ സുരക്ഷിതമായി സൂക്ഷിക്കാൻ ലോക്കപ്പ് പോലുമില്ലാത്ത സ്റ്റേഷനാണിത്. പ്രതികളെ നോക്കി രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കുകയോ അല്ലെങ്കിൽ അവരെയും കൊണ്ട് തിരുവല്ല പൊലീസ് സ്റ്റേഷനിലേക്കു പോകുകയോ ചെയ്യേണ്ടിവരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]