
പത്തനംതിട്ട ∙ ഉഴുതുമറിച്ച കണ്ടത്തിലെ ചെളിപ്പത തട്ടിച്ചിതറിച്ച് കൊമ്പുകുലുക്കി പായുന്ന കാളക്കൂട്ടം.
കരകളിൽ ആർപ്പുവിളികളുടെ ആരവം. മനുഷ്യനും ഉരുക്കളും മണ്ണും ഒന്നിക്കുന്ന ആവേശക്കാഴ്ച പകർത്താൻ വിദേശത്തുനിന്നുവരെ ടെലിവിഷൻ ചാനലുകൾ.
ഒരു ദേശത്തിന്റെ മനസ്സിൽ ഇന്നുമുണ്ട് ആ ഓർമകളുടെ കൊടിയേറ്റം. കാർഷിക സംസ്കാരത്തിന്റെ നേർചിത്രമായിരുന്ന ആനന്ദപ്പള്ളി മരമടി മുടങ്ങിയിട്ട് 17 വർഷം.
ഓഗസ്റ്റ് 15 എത്തുമ്പോൾ മരമടിയെന്ന കാർഷികോത്സവത്തിന്റെ വീണ്ടെടുപ്പ് ആഗ്രഹിക്കുന്നവർ ഒട്ടേറെയാണ്. തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നിരോധിച്ചപ്പോഴാണ് 2008ൽ ആനന്ദപ്പള്ളി മരമടിക്കും വിഘാതമായത്.
ജല്ലിക്കെട്ടിനായി സമരം ശക്തമായപ്പോൾ 2017ൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. തമിഴ്നാട് നിയമസഭയും അനുകൂലമായി ബിൽ പാസാക്കി.
കേരളത്തിലും ഈ മാതൃക സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് ആനന്ദപ്പള്ളി കർഷകസമിതി സംസ്ഥാന സർക്കാരിന് അപേക്ഷ നൽകി.
ഇതുവരെയും ബിൽ പാസാക്കിയിട്ടില്ലെന്നു സമിതി ഭാരവാഹികൾ പറഞ്ഞു.ചിങ്ങക്കൊയ്ത്തിനുശേഷം എല്ലാ വർഷവും ഓഗസ്റ്റ് 15നാണു മരമടി അരങ്ങേറിയിരുന്നത്. 1950ൽ അടൂർ പുതുവീട്ടിൽപ്പടി ഏലായിലാണ് ഇത് ആദ്യം ആരംഭിച്ചത്.
പിന്നീട് അംബിയിൽ ഏലായിൽ. തുടർന്ന് ആനന്ദപ്പള്ളി പാലശ്ശേരി ഏലായിലേക്കു മരമടി എത്തി.
1986ലായിരുന്നു ഇത്. 60ൽ കൂടുതൽ ജോഡി ഉരുക്കൾ മത്സരത്തിൽ പങ്കുകൊണ്ടിട്ടുണ്ട്.
പ്രത്യേക പരിപാലനം
അറവുശാലകളിലേക്കു തള്ളപ്പെടുമായിരുന്ന ഉരുക്കളെവരെ പരിപാലിച്ച് മരമടിക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
അഴകും വഴക്കവും കൂട്ടാനുള്ള ചികിത്സയാണ് ആദ്യം. അങ്ങാടി മരുന്ന്, പാൽ, അരിക്കഞ്ഞി, മുതിര, കരിക്ക്, ബാർലി, പരുത്തിപ്പിണ്ണാക്ക്, കടല തുടങ്ങിയവയാണ് നൽകുന്നത്.
ദിനവും 2 നേരം ആദ്യം കച്ചിയും പിന്നീട് സോപ്പും തേപ്പിച്ചാണ് കുളി. ലക്ഷണമൊത്ത ഉരുക്കൾക്കു വൻതുകയാണ് വില.
മൃഗപീഡനം നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു.
ടൂറിസത്തിന്റെ ഭാഗമാക്കണം
വിദേശികളുൾപെടെ നിരവധി പേരാണ് മരമടി കാണാനെത്തിയിരുന്നത്. ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനും കഴിയും. നാടിന്റെയും കർഷകരുടെയും മനസ്സറിഞ്ഞ് മരമടിക്ക് അനുകൂലമായി ബിൽ പാസാക്കാൻ സർക്കാർ തയാറാകണമെന്ന് കർഷകസമിതി പ്രസിഡന്റ് വർഗീസ് ദാനിയൽ, സെക്രട്ടറി വി.കെ.സ്റ്റാൻലി, ഡോ.
പി.സി.യോഹന്നാൻ, നിഖിൽ ഫ്രാൻസിസ്, വി.എസ്.ദാനിയൽ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]