
നിയമന നിർദേശം മറച്ചുവച്ച് പഞ്ചായത്ത്; വിരമിച്ചയാൾ ജോലി ചെയ്തത് 6 വർഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കവിയൂർ ∙ പഞ്ചായത്തിലെ ലൈബ്രേറിയൻ തസ്തികയിലേക്ക് സ്ഥിരനിയമനം നടന്നിട്ട് 7 വർഷം. താൽക്കാലികാടിസ്ഥാനത്തിൽ ജോലിക്കു കയറിയ വിരമിച്ച ലൈബ്രേറിയന് ദിവസ വേതനമായി നൽകിയത് 10,75,680 രൂപ. എംപ്ലോയ്മെന്റ് ഓഫിസ് മുഖേന ഒഴിവു നികത്തണമെന്ന നിർദേശം പഞ്ചായത്ത് മറച്ചുവച്ചെന്ന് ആക്ഷേപം. ലൈബ്രേറിയൻ നിയമനം സംബന്ധിച്ച വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമപ്രകാരം പഞ്ചായത്തംഗം ടി.കെ.സജീവ് നൽകിയ അപേക്ഷയുടെ മറുപടിയിലാണ് വിവരങ്ങൾ പുറത്തുവന്നത്.2018 ജൂലൈ 31നാണ് പഞ്ചായത്തിലെ ലൈബ്രേറിയൻ ആർ.സുരേഷ് വിരമിച്ചത്.തസ്തിക ഒഴിവുവന്ന വിവരം അതേ വർഷം ഓഗസ്റ്റിൽ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറെയും ജില്ലാ പിഎസ്സി ഓഫിസിനെയും അറിയിച്ചു.
എന്നാൽ പിഎസ്സി റാങ്ക് ലിസ്റ്റിൽ ലൈബ്രേറിയൻ തസ്തികയുടെ ഒഴിവു നികത്താൻ ഉദ്യോഗാർഥികളില്ലെന്ന വിവരം ജില്ലാ ഓഫിസർ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചു. തുടർന്ന് പഞ്ചായത്ത് ഭരണ സമിതി വിരമിച്ച ലൈബ്രേറിയൻ ആർ.സുരേഷിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചു. ഇതിനിടെ എംപ്ലോയ്മെന്റ് ഓഫിസ് മുഖേന ലൈബ്രേറിയൻ തസ്തികയുടെ ഒഴിവു നികത്താൻ 2019 ഓഗസ്റ്റിൽ അനുമതി നൽകി. എന്നാൽ ഇക്കാര്യം മറച്ചുവച്ച പഞ്ചായത്ത് ഭരണസമിതി സുരേഷിനെ താൽക്കാലികാടിസ്ഥാനത്തിൽ തുടരാൻ അനുവദിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് വരെ ഇദ്ദേഹം ജോലിയിൽ തുടർന്നു.
2018ൽ ഭരണസമിതി ദിവസവേതനത്തിൽ ലൈബ്രേറിയനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും 2019, 20, 21 വർഷങ്ങളിൽ നിയമനം പുതുക്കി നൽകാൻ തീരുമാനം എടുത്തിരുന്നില്ല. ഈ വർഷങ്ങളിൽ അനുമതിയില്ലാതെ പെൻഷനായ ആയ ആൾ തന്നെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു. മുൻകാല ഫയലുകളോ തീരുമാനമോ ഉണ്ടോയെന്നു പരിശോധിക്കാതെ നിയമനം തുടരാൻ ഭരണസമിതി 2022 ജൂണിൽ അനുമതി നൽകി. ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ച 2018 മുതൽ 24 വരെ പെൻഷൻ തുക കൂടാതെ 10,75,680 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ആർ.സുരേഷ് കൈപ്പറ്റിയതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
2018ൽ മുൻ ഭരണസമിതിയാണ് വിരമിച്ചയാളെ വീണ്ടും നിയമിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ അറിയിച്ചു. പിഎസ്സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖേന യോഗ്യരായവരെ കണ്ടെത്തിത്തന്നില്ല. ലൈബ്രറി പ്രവർത്തനം നിലയ്ക്കാതിരിക്കാൻ നിയമനം തുടർന്നു വരികയായിരുന്നു. നിലവിൽ യോഗ്യരായ 3 പേരുടെ പാനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നു ലഭിച്ചിട്ടുണ്ട്. ഇതിൽനിന്നു നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാംപിനു പണമില്ല; വിവരാവകാശ മറുപടി വൈകിയതിൽ ഖേദം!
കവിയൂർ ∙ വിവരാവകാശ അപേക്ഷയ്ക്കു മറുപടി വൈകാൻ കാരണം സ്റ്റാംപിനു പണമില്ലാത്തതിനാലാണെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ. കവിയൂർ പഞ്ചായത്തിലെ ലൈബ്രേറിയന്റെ നിയമനം സംബന്ധിച്ച പരാതിയിൽ മറുപടി വൈകിയതിന് പരാതിക്കാരനോട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. ചെലവുകൾക്കുള്ള സർക്കാർ ഫണ്ട് ലഭിക്കുന്നതിനു കാലതാമസം നേരിട്ടതു മൂലമാണ് ഓഫിസിൽ സ്റ്റാംപിനു ലഭ്യതക്കുറവുണ്ടായത്.
ഈ സാഹചര്യത്തിൽ പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടിൽ ഒന്നാം അപ്പീൽ അധികാരി കൂടിയായ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഹിയറിങ് വേളയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഉത്തരവിറക്കുകയായരുന്നു.ലൈബ്രേറിയൻ നിയമനം സംബന്ധിച്ച വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് അംഗം ടി.കെ.സജീവ് കഴിഞ്ഞ ജനുവരി 9ന് അപേക്ഷ നൽകി. ആവശ്യമായ രേഖകളുടെ പകർപ്പിനായി 27 രൂപ അടക്കാൻ ഡിഡിപി ഓഫിസിൽനിന്ന് അറിയിപ്പു ലഭിച്ചു. പണവും അടച്ചു.
30 ദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാതിരുന്നതിനെ തുടർന്ന് രേഖകൾ ലഭിക്കാൻ പരാതിക്കാരൻ അപ്പീൽ സമർപ്പിച്ചു.കഴിഞ്ഞ 8ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപ്പീൽ കേട്ടു. തുടർന്നാണ് മറുപടി വൈകിയതിന്റെ സാഹചര്യം വ്യക്തമാക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഡിഡിഒ എന്ന നിലയിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ഉത്തരവിറക്കിയത്.