
മാലിന്യമുക്ത പത്തനംതിട്ട: ലക്ഷ്യം ഇനിയും അകലെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ മാലിന്യ സംസ്കരണത്തിൽ ഗൗരവപൂർണമായ ഇടപെടലുകൾ നടത്തിയെന്ന് നഗരസഭ അവകാശവാദം ഉന്നയിക്കുമ്പോഴും നഗരത്തിന്റെ ഹൃദയഭാഗങ്ങളിലൂടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. 10–ാം വാർഡിൽ ശാസ്താക്ഷേത്രം മുതൽ കെഎസ്ആർടിസി സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ ശുചിമുറിമാലിന്യം നിറഞ്ഞൊഴുകി ദുർഗന്ധം വമിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ കാര്യാലയത്തിനു മുൻപിലാണ് മഴ പെയ്ത് ഒഴുകിയെത്തുന്ന വെള്ളത്തോടൊപ്പം ദ്രവമാലിന്യവും കെട്ടിക്കിടക്കുന്നത്. ഓഫിസിലെ ജീവനക്കാർ മാലിന്യത്തിൽ ചവിട്ടി നടക്കേണ്ട അവസ്ഥയിലാണ്.
പ്രായമായവർ ഉൾപ്പെടെ ഒട്ടേറെ കെഎസ്ആർടിസി യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. ഇവിടെ ഓട ഇല്ലാത്തതിനാലാണ് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത്. മിനി സിവിൽ സ്റ്റേഷനിലേക്കോ മറ്റ് സ്ഥാപനങ്ങളിലേക്കോ പോകുന്നതിനുള്ള എളുപ്പവഴിയാണിത്. നിലവിൽ കാൽനടയാത്രക്കാർ ഈ വഴി തിരഞ്ഞെടുത്താൽ പെട്ടുപോകുന്ന സ്ഥിതിയിലാണ്. വഴി കുളം പോലെ കിടക്കുന്നതിനാൽ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് ഇറങ്ങി അബാൻ ജംക്ഷൻ വഴി കൂടുതൽ ദൂരം യാത്ര ചെയ്താൽ മാത്രമേ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലേക്കു പോലും എത്താൻ കഴിയൂ.വർഷങ്ങളായി ദുർഗന്ധം സഹിച്ചാണ് ജീവിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ റോഡ് സാമൂഹിക വിരുദ്ധർ കയ്യേറുന്നതായി ആക്ഷേപവുമുണ്ട്.
ഓഫിസിന് മുന്നിലും പിന്നിലും മാലിന്യം
ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മിഷണറുടെ കാര്യാലയത്തിനു മുൻവശത്ത് കെട്ടിക്കിടക്കുന്നത് ദ്രവമാലിന്യമാണെങ്കിൽ പിൻവശത്ത് ഖരമാലിന്യമാണ്. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരാണ് രാവിലെ മാലിന്യം ചാക്കിൽ കെട്ടി തള്ളുന്നതെന്ന് ദേവസ്വം ഓഫിസ് ജീവനക്കാർ പറയുന്നു. പ്ലാസ്റ്റിക് കവറുകളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞിട്ടുണ്ട്. ശുചിമുറി മാലിന്യമടക്കം കെട്ടിക്കിടക്കുന്നതിനാൽ സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. റോഡ് സാമൂഹികവിരുദ്ധർ കയ്യേറിയിരിക്കുന്നതിനാൽ ജീവനക്കാർ ഈ വഴി ഉപയോഗിക്കാറില്ല. റോഡ് നവീകരിച്ചതിനു ശേഷം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാൽ മാലിന്യം തള്ളൽ കുറയ്ക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.