കോന്നി ∙ ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചു തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ കലക്ടർ എസ്.പ്രേം കൃഷ്ണനു പരുക്ക്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കോന്നിക്ക് സമീപം മാമൂട് വഞ്ചിപ്പടിയിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം 3.20 നാണു സംഭവം. കൂടലിൽ രാക്ഷസൻപാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കെ.യു.ജനീഷ് കുമാർ എംഎൽഎക്കൊപ്പം സന്ദർശനം നടത്തിയ ശേഷം പത്തനംതിട്ടയിലേക്ക് മടങ്ങുകയായിരുന്നു.
മാമൂട് മില്ലിനു സമീപത്തെ വളവ് കഴിഞ്ഞുള്ള ഭാഗത്തായിരുന്നു അപകടം.
എതിരെ വന്ന കാർ കലക്ടറുടെ കാറിന്റെ വലതുഭാഗത്ത് തട്ടുകയും പെട്ടെന്നു കാർ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണംവിട്ട് റോഡിനു കുറുകെ നടപ്പാതയോടു ചേർന്ന് തലകീഴായി മറിയുകയുമായിരുന്നു. വലിയ ശബ്ദം കേട്ടു നാട്ടുകാരും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സ്വകാര്യ കാർ കമ്പനിയിലെ ജീവനക്കാരും ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.
തലകീഴായി മറിഞ്ഞു കിടന്ന കാറിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്നതോടെ പിന്നിൽനിന്നു കലക്ടറെ മുന്നിലെ വാതിലിലൂടെയാണു പുറത്തെടുത്തത്.
നടുവിനു വേദനയുള്ളതായും നെറ്റിക്കു പരുക്കേറ്റതായും രക്ഷാപ്രവർത്തനം നടത്തിയവരോടു കലക്ടർ പറഞ്ഞു. ഉടൻതന്നെ കലക്ടറെയും ഡ്രൈവർ കുഞ്ഞുമോൻ, ഗൺമാൻ മനോജ് എന്നിവരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കെ.യു.ജനീഷ് കുമാർ എംഎൽഎ, ഡിവൈഎസ്പി ന്യൂ അമാൻ തുടങ്ങിയവരും കലക്ടറെ ആശുപത്രിയിൽ സന്ദർശിച്ചു.
കൊല്ലത്തേക്കു പോയ കാറിൽ സ്ത്രീയും കുട്ടിയുമടക്കം നാലുപേർ ഉണ്ടായിരുന്നു. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായ ഇവരെയും പത്തനംതിട്ട
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലക്ടറുടെ കാറിൽ ഇടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ടു വലത്തേക്കു മാറി വൈദ്യുതത്തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
ഉടൻതന്നെ പൊലീസ് ഇൻസ്പെക്ടർ ബി.രാജഗോപാലിന്റെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും മോട്ടർ വാഹന വകുപ്പും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. കോന്നി തഹസിൽദാർ സിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അപകടം നടന്ന സമയത്ത് അതുവഴിയെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററും ഡ്രൈവറും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സംഭവത്തെ തുടർന്നു സംസ്ഥാന പാതയിൽ അൽപനേരം ഗതാഗത തടസ്സവുമുണ്ടായി. നാലരയോടെ വാഹനങ്ങൾ രണ്ടും പൊലീസ് കസ്റ്റഡിയിലേക്കു മാറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

