പന്തളം ∙ അമൃത് പദ്ധതിയിൽ 31.7 ലക്ഷം രൂപ ചെലവഴിച്ചു ശുചീകരിച്ച മുട്ടാർ നീർച്ചാലിൽ വീണ്ടും മാലിന്യം തള്ളൽ. ചാൽ നഗരത്തിലൂടെ കടന്നുപോകുന്ന കുറുന്തോട്ടയം പാലത്തിനു താഴെ മലിനജലം കെട്ടിക്കിടക്കുകയാണ്.
ഇതോടെ കൊതുകുശല്യവും രൂക്ഷമായി. കെഎസ്ആർടിസിക്ക് സമീപത്തെ വിസ്തൃതമായ ഭാഗത്ത് വീണ്ടും പോള മൂടി.
പല ഭാഗങ്ങളിൽ നിന്നു ചാലിലേക്ക് മാലിന്യം തള്ളുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയാണ് ശുചീകരണ പദ്ധതി നടപ്പാക്കിയത്.
ഓഗസ്റ്റിലാണ് ജോലികൾ പൂർത്തിയാക്കിയത്. എന്നാൽ, മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ അന്ന് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതിരുന്നതാണ് ചാൽ വീണ്ടും പഴയപടിയാകാൻ കാരണം.
മാലിന്യവും ചെളിയും പോളയും നിറഞ്ഞ് ഒഴുക്കുനിലച്ചിരുന്ന മുട്ടാർ നീർച്ചാലിൽ 4.62 കിലോമീറ്റർ നീളത്തിലായിരുന്നു ശുചീകരണം.
ചാലിൽ നിന്നു ടൺ കണക്കിനു മാലിന്യവും നീക്കിയിരുന്നു. എന്നാൽ, ചുരുങ്ങിയ നാളുകൾക്കുള്ളിൽ പലയിടങ്ങളിലും മാലിന്യം വന്നുതുടങ്ങി.
പുതിയ ഭരണസമിതി പദ്ധതി പ്രവർത്തനങ്ങളിലേക്ക് കടക്കാൻ മാർച്ച് വരെ കാക്കണം. എന്നാൽ, നേരത്തെ പ്രഖ്യാപിച്ച സംരക്ഷണ പദ്ധതികൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് ആവശ്യം.
മാലിന്യ പൈപ്പുകൾ അടച്ചു നഗരസഭ
കുറുന്തോട്ടയം പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചാലിന്റെ വടക്ക് ഭാഗത്തായി അഞ്ചോളം പൈപ്പുകളിലൂടെ മലിനജലം ഒഴുകുന്നതായി നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഇതിൽ നാലെണ്ണം കഴിഞ്ഞ ദിവസം അടച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സോൺ സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.
വലിയതോതിൽ മലിനജലമെത്തുന്ന ഓവ് കണ്ടെത്താനായില്ല. കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം.
ക്യാമറ എന്തേ വൈകുന്നു ?
ശുചീകരണ പദ്ധതിക്ക് അനുബന്ധമായി മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ സ്ഥാപിക്കുമെന്നു നഗരസഭാ അധികൃതർ പ്രഖ്യാപിച്ചിരുന്നു. നഗരഭാഗത്ത് പോലും ഇത് സ്ഥാപിക്കാനായില്ല.
പന്തളത്ത് സ്ഥിരമായി മാലിന്യം തള്ളുന്ന മറ്റ് സ്ഥലങ്ങളിൽ ഉൾപ്പെടെ പദ്ധതി നടപ്പാക്കുമെന്നും അറിയിച്ചിരുന്നതാണ്. കുറുന്തോട്ടയം പാലത്തിന്റെ ഇരുവശങ്ങളിലായി സംരക്ഷണവേലി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.
എൽഡിഎഫ് കാലത്തെ ചാൽ ശുചീകരണം; കരാറുകാരനു പണം നൽകി
പന്തളം ∙ മുട്ടാർ നീർച്ചാൽ ശുചീകരണ പദ്ധതിയിൽ കരാറുകാരനുള്ള തുക 7 വർഷത്തിനു ശേഷം നൽകി നഗരസഭ. കോടതി നിർദേശത്തെത്തുടർന്നാണ് നടപടി. 2018-2019 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ചാൽ ശുചീകരണം നടപ്പാക്കിയിരുന്നു.
15 ലക്ഷം രൂപയായിരുന്നു തുക. ജോലികൾ ഭാഗികമായി പൂർത്തീകരിച്ച ശേഷം 7,68,419 രൂപയുടെ പാർട്ട് ബിൽ കരാറുകാരൻ ട്രഷറിയിൽ സമർപ്പിച്ചു.
ട്രഷറി നിയന്ത്രണമായതിനാൽ പാസ്സായില്ല.
സ്ഥിരംസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ പണം നൽകരുതെന്ന തീരുമാനമുണ്ടായി. ചില കൗൺസിലർമാർ വിയോജിപ്പും രേഖപ്പെടുത്തി. ഇതോടെ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. സെക്രട്ടറിക്കും അസി.
എൻജിനീയർക്കുമെതിരെ കോടതിയലക്ഷ്യ നടപടി ഉണ്ടാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് പണം നൽകാൻ തീരുമാനമെടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

