പത്തനംതിട്ട ∙ രാഷ്ട്രപതിയുടെ സന്ദർശനത്തെ ഇത്ര ലാഘവത്തോടെ കാണാൻ സാധിക്കുമോ എന്നു തോന്നിപ്പിക്കുന്ന അനാസ്ഥയാണ് ഇന്നലെ പല കാര്യങ്ങളിലുമുണ്ടായത്.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഈ മാസം 5നു ലഭിച്ചതാണ്. രണ്ടാഴ്ചയിലേറെ സമയം ലഭിച്ചിട്ടും ക്രമീകരണങ്ങളിൽ വലിയ വീഴ്ചയുണ്ടായി.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണു പ്രമാടത്ത് ഹെലിപാഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനമാകുന്നത്.
വിവിഐപി സന്ദർശനത്തിന്റെ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നുവെന്ന വിമർശനം ശക്തമാണ്.
പ്രമാടത്തെ ഹെലിപാഡിലേക്കു ചൊവ്വ രാത്രിയോടെയാണു പൊലീസ് എത്തിത്തുടങ്ങിയത്. ദക്ഷിണ മേഖലാ വ്യോമമേധാവിയെയും കൊച്ചിയിലെ നേവൽ കമാൻഡ് ഫ്ലാഗ് ഓഫിസറെയും ഉൾപ്പെടെയുള്ളവരെ പ്രോട്ടോക്കോൾ വിഭാഗം രാഷ്ട്രപതിയുടെ സന്ദർശന വിവരങ്ങൾ അറിയിക്കുന്നുണ്ട്.
എന്നിട്ടും സന്ദർശനദിനത്തിന്റെ അന്നു രാവിലെ വരെ തീരുമാനങ്ങൾ മാറിക്കൊണ്ടിരുന്നു.പത്തനംതിട്ട മുതൽ പമ്പ വരെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് രാവിലെ 7നു തയാറായി നിൽക്കണമെന്ന നിർദേശം മാത്രമാണു ലഭിച്ചത്.
കഴിഞ്ഞ ഏപ്രിലായിരുന്നു രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്താൻ ആദ്യം തീരുമാനിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്നു യാത്ര മാറ്റിവച്ചു.
പ്രമാടത്തെ ലാൻഡിങ് പരിഗണിച്ചത് തലേന്നു രാത്രി വൈകി
∙ രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു പ്രമാടത്തെ ഹെലിപാഡിൽ ഇറക്കുന്ന കാര്യം പരിഗണനയ്ക്കു വരുന്നതു തലേന്നു രാത്രി മാത്രം.
നിലയ്ക്കൽ ഹെലിപാഡിനെ മാത്രം ആശ്രയിച്ചായിരുന്നു എല്ലാ പദ്ധതികളും. നിലയ്ക്കലിൽ എയർ ആംബുലൻസിനു മാത്രമാണു ഹൈക്കോടതി അനുമതി നൽകിയിരുന്നത്.
രാഷ്ട്രപതി ദർശനത്തിനെത്തുന്നതു കണക്കിലെടുത്ത് കോടതി പ്രത്യേക അനുമതിയാണു നൽകിയത്. മഴ മുന്നറിയിപ്പ് കണക്കിലെടുത്താണു മറ്റു സാധ്യതകളിലേക്കു തലേന്നു വൈകിട്ട് അന്വേഷണം പോകുന്നത്.
നിലയ്ക്കൽ പറ്റില്ലെങ്കിൽ റോഡ് മാർഗം തിരുവനന്തപുരത്തു നിന്നു പമ്പയ്ക്കു പോകുന്ന കാര്യവും പരിഗണിച്ചെന്നു സൂചനയുണ്ട്. എന്നാൽ ഇന്നലെ രാവിലെ മാത്രമാണു പ്രമാടത്ത് ഇറങ്ങുന്ന കാര്യം സ്ഥിരീകരിക്കുന്നത്.
രണ്ടാമത്തെ ഹെലിപാഡ് സാധ്യത നേരത്തെ പരിഗണിക്കാതിരുന്നതിൽ ഗുരുതര സുരക്ഷാവീഴ്ച വന്നെന്നാണു വിലയിരുത്തൽ.
സുരക്ഷിതമായി ഇറങ്ങി, സമയബന്ധിതമായി യാത്ര പൂർത്തിയാക്കി ഇതേ ഹെലിപാഡിൽനിന്നു തന്നെ സുരക്ഷിതമായി മടങ്ങിയെന്ന വാദമാണു പൊലീസ് പറയുന്നത്. ഒരേ സമയം 3 ഹെലികോപ്റ്ററിനു സൗകര്യപ്രദമായി ഇറങ്ങാമെന്നുള്ളതാണു പ്രമാടത്തെ പരിഗണിക്കാൻ കാരണം.
നിലയ്ക്കൽ അല്ലെങ്കിൽ സാധാരണ അടുത്തതായി പരിഗണിക്കുന്നതു റാന്നി പെരുനാടിനു സമീപത്തെ സ്വകാര്യ ഹെലിപാഡാണ്.
എന്നാൽ ഇവിടെ ഒരു ഹെലികോപ്റ്ററിന് ഇറങ്ങാനുള്ള സൗകര്യമേ നിലവിലുള്ളു. തൊട്ടടുത്ത് തന്നെ ഷീറ്റ് ഉപയോഗിച്ച് മേൽക്കൂരയുള്ള കോഴിഫാമുണ്ട്.
വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റർ ഇവിടെ ഇറങ്ങിയാൽ ഷീറ്റുകൾ പറക്കാൻ സാധ്യതയുണ്ട്. മാത്രമല്ല സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ ഇറക്കാനും കഴിയില്ല.
ഇതോടെയാണ് പരിശോധനകൾ മൂന്നാമത്തെ സാധ്യതയായ പ്രമാടത്തേക്ക് എത്തുന്നത്.
പ്രമാടത്തു രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനു പിന്നിലെ മൈതാനത്തു 2 ഹെലിപാഡുകളുണ്ട്. മണ്ണിൽ റോളർ ഉപയോഗിച്ച് ഉറപ്പിച്ചായിരുന്നു മുൻപ് ഉപയോഗിച്ചിരുന്നത്.
2021ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തിയിട്ടുണ്ട്. പത്തോളം തവണ ഇവിടെ കോൺക്രീറ്റ് അല്ലാത്ത പ്രതലത്തിൽ ഹെലികോപ്റ്റർ ഇറങ്ങിയിട്ടുണ്ട്.
രാഷ്ട്രപതിയെത്തിയത് രാവിലെ 8.33ന്
പ്രമാടം ∙ രാവിലെ 7 മുതൽത്തന്നെ പൊലീസിന്റെ സുരക്ഷാവലയത്തിലായിരുന്നു പ്രമാടത്തെ ഹെലിപാഡും പരിസരവും.
രാഷ്ട്രപതിയെ കാണാനായി നാട്ടുകാരും സമീപവാസികളുമടക്കം ഒട്ടേറെപ്പേർ തടിച്ചുകൂടിയിരുന്നു. രാവിലെ 8.30നു മുൻപായി ആദ്യം ഒരു വ്യോമസേനാ ഹെലികോപ്റ്ററെത്തി ലാൻഡ് ചെയ്തു.
തുടർന്ന് ഇതു പറന്നുയരുകയും ചെയ്തു.
കോൺക്രീറ്റ് ചെയ്തതിനു ശേഷമുള്ള ആദ്യ ഹെലികോപ്റ്റർ ലാൻഡിങ് ഇതായിരുന്നു. അൽപസമയത്തിനകം 2 ഹെലികോപ്റ്ററുകളെത്തി.
ഹെലിപാഡിൽ അകമ്പടി ഹെലികോപ്റ്ററും മധ്യത്തിലെ ഹെലിപാഡിൽ പ്രസിഡന്റിനെ വഹിച്ചു കൊണ്ടുള്ള ഹെലികോപ്റ്ററും ഇറങ്ങി. കോൺക്രീറ്റ് ചെയ്ത ശേഷം രാഷ്ട്രപതിക്ക് അകമ്പടിയെത്തിയ കോപ്റ്ററാണ് ആദ്യം ഇറക്കി പരിശോധന നടത്തിയത്.
ഇത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

