ഏനാത്ത് ∙ എംസി റോഡ് വികസന പദ്ധതിയുടെ ഭാഗമായി കല്ലടയാറിനു കുറുകെ വരുന്ന പുതിയ പാലം പഴയ പാലം നിലനിന്നിരുന്ന ഭാഗത്തു സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. പഴയ കവലയുമായി ബന്ധിപ്പിച്ചു പാലം കടന്നു പോകുന്നത് കവലയുടെ വികസനത്തിനും പ്രയോജനപ്പെടുമെന്ന സാധ്യത കണക്കിലെടുത്താണ് ആവശ്യം. കൂടാതെ പാലത്തിന്റെ സമീപന പാത നിർദിഷ്ട
ശബരിമല പാതയുമായും ചായലോട്, കോന്നി മെഡിക്കൽ കോളജുകൾ, എന്നിവിടങ്ങളിലേക്കുള്ള പാതയുമായും മലയോര പാതയുമായും ബന്ധപ്പെടുന്ന മിനി ഹൈവേയിലാണ് ചേരുന്നത്.
ഇതുവഴി പാലം നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് രണ്ടു വർഷം മുൻപ് വ്യാപാരി വ്യവസായികളും പൊതുജനങ്ങളും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട് സമീപകാലത്ത് പുതിയ പാലത്തിനായി സ്ഥല പരിശോധന നടത്തിയിരുന്നു.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില കുറഞ്ഞിരിക്കുമെന്ന കണക്കു കൂട്ടലിൽ പാലം സ്ഥാപിക്കുന്നതിന് നിലം ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പരിഗണന നൽകിയാൽ കവലയുമായി ബന്ധപ്പെടുത്തി പാലം വരില്ലെന്ന ആശങ്കയും നിലനിൽക്കുന്നു. 1904-ൽ ആണ് പൊളിച്ചുമാറ്റിയ പഴയ പാലം നിർമിച്ചത്.
6 കൊല്ലം മുൻപ് അവശിഷ്ടങ്ങളും പൊളിച്ചുനീക്കി.
എന്നാൽ ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുണ്ടായിരുന്ന പാലത്തിന്റെ ഇരുവശത്തുമുള്ള കൽക്കെട്ടുകൾ ഇപ്പോഴുമുണ്ട്. ഇവിടെ പാലം വരണമെന്നാണ് ആവശ്യം.
നിലവിലെ പാലത്തിന് തകരാർ സംഭവിച്ചപ്പോൾ സമാന്തരമായി ബെയ്ലി പാലം നിർമിച്ചിടവും പുതിയ പാലം നിർമിക്കുന്നതിന് പരിഗണനയിലുണ്ട്. ഈ ഭാഗവും കവലയെ ബന്ധിപ്പിക്കുന്നതാണ്.
ഇപ്പോൾ നിലവിലുള്ള പാലം 18 വർഷം പിന്നിട്ടപ്പോഴാണ് തകരാറിലായത്. 2017-ൽ തൂണുകൾക്ക് ബലക്ഷയം നേരിട്ടതിനെ തുടർന്ന് രണ്ടു പുതിയ തൂണുകൾ സ്ഥാപിച്ച് ബലപ്പെടുത്തി.
എന്നാൽ നിർമാണത്തിൽ അപാകത സംഭവിച്ച പാലത്തിന് വീണ്ടും ബലക്ഷയം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് എംസി റോഡ് വികസനത്തിന് വീണ്ടും പദ്ധതിക്ക് തുടക്കമിട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]