
പത്തനംതിട്ട ∙ സൈനിക ഉദ്യോഗസ്ഥന്റെ പേരിൽ സമൂഹമാധ്യമത്തിലൂടെ വർഷങ്ങളായി സാമ്പത്തിക തട്ടിപ്പ്.
ആളെ കണ്ടെത്താനാകാതെ അധികൃതർ. സമൂഹമാധ്യമത്തിലെ വാഹനവിൽപന പരസ്യത്തിലൂടെ തുമ്പമൺ സ്വദേശി സുജിത്തിനാണ് ഏറ്റവുമൊടുവിൽ പണം നഷ്ടമായത്.
വിശ്വാസം ഉറപ്പിക്കാൻ വിൽപനക്കാരൻ അയച്ചു നൽകിയ ആധാർ കാർഡ് അടക്കമുള്ള രേഖകൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ ചുരുളഴിഞ്ഞത് ഇതേ വ്യക്തി 5 വർഷം മുൻപു നടത്തിയ വൻ സാമ്പത്തിക തട്ടിപ്പിന്റെ കഥകൾ. അന്ന് ഒട്ടേറെ പരാതികൾ നൽകിയിട്ടും ഇയാളെ പിടിക്കാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല.
കരസേനയിൽ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി
ഫെയ്സ്ബുക് മാർക്കറ്റ് പ്ലേസിൽ 2019 മോഡൽ പൾസർ എൻഎസ് 200 ബൈക്ക് വിൽപനയ്ക്ക് എന്ന പരസ്യം ശ്രദ്ധയിൽപെട്ടതോടെയാണു സുജിത് വിൽപനക്കാരനെ ബന്ധപ്പെടുന്നത്.
കരസേനയിൽ ഉദ്യോഗസ്ഥനായ വികാസ് പട്ടേൽ എന്നു സ്വയം പരിചയപ്പെടുത്തിയ വിൽപനക്കാരൻ 70,000 രൂപ മാർക്കറ്റ് വിലയുള്ള വാഹനത്തിന് ആവശ്യപ്പെട്ടത് 22,275 രൂപ മാത്രം. ഉപയോഗം കുറവായതിനാൽ വിൽക്കുന്നു എന്നാണു പറഞ്ഞത്.
വാഹനം കുറിയറായി അയച്ചു നൽകാൻ 1,000 രൂപ മുൻകൂർ നൽകണമെന്ന് ആവശ്യപ്പെട്ടത് നൽകിയിരുന്നു.
ഇന്നലെ രാവിലെ വാഹനം അരമണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ എത്തുമെന്നും ഡെലിവറി ഉറപ്പിക്കുന്നതിനായി 7,000 രൂപ കൂടി അയയ്ക്കണമെന്നും 2 മിനിറ്റിനകം തുക അക്കൗണ്ടിൽ തിരിച്ചെത്തുമെന്നും പറഞ്ഞു. പിന്നാലെ ഇന്ത്യൻ ആർമി കുറിയർ സർവീസിന്റെ പേരിൽ വ്യാജ രസീതും അയച്ചു നൽകി.
സംശയം തോന്നിയതോടെ, ഇയാൾ അയച്ചു നൽകിയ ആധാർ കാർഡിന്റെയും കരസേന തിരിച്ചറിയൽ കാർഡിന്റെയും ചിത്രങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റിൽ തിരഞ്ഞപ്പോഴാണ് തട്ടിപ്പുകളുടെ വിവരം പുറത്തായത്.
ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങി തട്ടിപ്പ്
2019ൽ വികാസ് പട്ടേൽ എന്ന പേരിലുള്ള ഇതേ തിരിച്ചറിയൽ കാർഡും ആധാറും ഉപയോഗിച്ച് കോഴിക്കോട്ടെ ബേക്കറികളിലും ഹോട്ടലുകളിലും ആയിരങ്ങളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ വൻതുകയ്ക്ക് സാധനങ്ങൾ വാങ്ങിയശേഷം ബിൽ അയച്ചു നൽകാൻ ആവശ്യപ്പെടും.
പിന്നാലെ തുക കടയുടമയുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യാനായി എടിഎം കാർഡിന്റെ ഇരുവശങ്ങളുടെയും ഫോട്ടോ കൂടി അയച്ചു നൽകാൻ ആവശ്യപ്പെടും.
പിന്നാലെ കടയുടമകളുടെ ഫോണിലേക്ക് എത്തുന്ന ഒടിപി കൂടി ആവശ്യപ്പെടും. ഇതോടെ തുക നഷ്ടമാകുന്നതായിരുന്നു രീതി.
ഒടിപി കൈമാറിയാലും ഇല്ലെങ്കിലും സാധനം വാങ്ങാൻ ആരും കടയിൽ എത്തുകയില്ല. ഇയാൾക്കെതിരെ കടയുടമകളും കരസേനയും പൊലീസിൽ പരാതിപ്പെട്ടെങ്കിലും ആളെ കണ്ടു പിടിക്കാനായിരുന്നില്ല.
സമാനമായ രീതിയിൽ വാഹന ഇടപാടിലൂടെയും ഇയാൾ ഒട്ടേറെപ്പേരെ കബളിപ്പിച്ചതായാണു സൂചന. ഇയാൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നു സുജിത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]