
പള്ളിക്കൽ ∙ ചെറുകുന്നം കാഞ്ഞിരത്തുംകടവ് പാലം നിർമിക്കുമെന്ന പ്രഖ്യാപനം വെറുതെയായി. പാലം നിർമാണത്തിനു സർക്കാരിലേക്ക് സമർപ്പിച്ച എസ്റ്റിമേറ്റ് ഫണ്ടില്ലാത്തതിനാൽ പരിഗണിക്കാതെ മാറ്റി.
8.23 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് അനുമതിക്കായി സർക്കാരിലേക്ക് സമർപ്പിച്ചത്. പക്ഷെ ഫണ്ടില്ലെന്നും പറഞ്ഞ് മാറ്റി വയ്ക്കുകയായിരുന്നു. ഇതിനാൽ പാലം നിർമാണത്തിനായി കാഞ്ഞിരത്തുംകടവ് ഭാഗത്ത് സ്ഥലമേറ്റെടുക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തത് വെറുതെയായി.
2018ൽ അടൂരിന്റെ എംഎൽഎ ചിറ്റയം ഗോപകുമാറും കുന്നത്തൂർ എംഎൽഎ കോവൂർകുഞ്ഞുമോനും കൂടി പൊതുമരാമത്തു മന്ത്രിക്കു നൽകിയ നിവേദനത്തെ തുടർന്നാണ് സംസ്ഥാന ബജറ്റിൽ കാഞ്ഞിരത്തുംകടവ് പാലം നിർമാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 6 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.
ഈ പ്രഖ്യാപനത്തിനു ശേഷം 2022 ഫെബ്രുവരിയിൽ സർവേ നടത്തി കല്ലിട്ടതല്ലാതെ പിന്നീട് തുടർനടപടി ഒന്നുമുണ്ടായിരുന്നില്ല.
ഇപ്പോൾ പള്ളിക്കൽ സ്വദേശി രാമാനുജൻ കർത്ത പാലം നിർമാണം തുടങ്ങാത്തതു സംബന്ധിച്ച് നൽകിയ പരാതിക്കു മറുപടിയായിട്ടാണ് പാലം നിർമാണത്തിനു ഫണ്ടില്ലായെന്നും ഇതിനായി സമർപ്പിച്ച എസ്റ്റിമേറ്റ് മാറ്റിവയ്ക്കുകയാണെന്നും കാണിച്ചുള്ള കത്ത് കഴിഞ്ഞ ദിവസം ലഭിച്ചത്. ഇതോടെ ഇവിടെ പാലം വരുമെന്നുള്ള നാട്ടുകാരുടെ പ്രതീക്ഷ പൊലിഞ്ഞു.
ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത് ബജറ്റ് പ്രഖ്യാപിച്ചിരുന്ന 6 കോടി എവിടെ പോയെന്നാണ്.ചെറുകുന്നം ഭാഗത്തു നിന്ന് വില്ലാട്സ്വാമി ക്ഷേത്രത്തിനു സമീപത്തു കൂടി പള്ളിക്കലാറിനു കുറുകെ 11 മീറ്റർ നീളത്തിലും 21 മീറ്റർ വീതിയിലും പാലം നിർമിക്കാനാണ് പദ്ധതി തയാറാക്കുകയും ഇതിനായി സർവേ നടത്തി കല്ലിടുകയും ചെയ്തത്.
ഇതെല്ലാം വെറുതെയായി പോയതിന്റെ നിരാശയിലാണിപ്പോൾ നാട്ടുകാർ.ഇവിടെ പാലം നിർമിക്കാത്തതിനാൽ ഇവിടുത്തുകാർ കിലോമീറ്ററോളം സഞ്ചരിച്ച് ആനയടി പാലത്തിലൂടെയൊ ചാത്താക്കുളം പാലത്തിലൂടെയോ വേണം അക്കരയിലെത്താൻ പോകാൻ. ഇത് ഒട്ടേറെ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഇവിടെ ഒരു പാലം വന്നിരുന്നെങ്കിൽ ജനങ്ങളുടെ പ്രയാസങ്ങൾക്കു പരിഹാരമുണ്ടായേനെ.
പക്ഷെ പാലത്തിനു മുൻകൈ എടുത്തവർ ഇപ്പോൾ അനങ്ങാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രദേശവാസികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]