
ഇതും ഒരു റോഡാണ്! 12.55 കോടി രൂപ ചെലവഴിച്ചു വികസനം നടത്തുന്ന റോഡിൽ യാത്ര അസാധ്യം
മന്ദമരുതി ∙ ഇതും ഒരു റോഡാണ്.
12.55 കോടി രൂപ ചെലവഴിച്ചു വികസനം നടത്തുന്ന റോഡ്. ഇതുവഴി നടക്കാനും വാഹനത്തിലും യാത്ര അസാധ്യം.
പിഡബ്ല്യുഡി അധികൃതരും ജനപ്രതിനിധികളും കരാറുകാരനും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. അടുത്ത സമരത്തിനു തയാറെടുക്കുകയാണ് സമീപവാസികൾ.
മന്ദമരുതി–കക്കുടുമൺ–പേമരുതി–അത്തിക്കയം റോഡിന്റെ നേർക്കാഴ്ചയാണിത്.പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. 15 വർഷം മുൻപിത് പിഡബ്ല്യുഡി ഏറ്റെടുത്തു.
നാറാണംമൂഴി പഞ്ചായത്തിന്റെ ഭാഗം ഏറ്റെടുക്കാൻ മാത്രമാണ് കമ്മിറ്റി സമ്മത പത്രം നൽകിയത്. ഇതുമൂലം മന്ദമരുതി–സ്റ്റോറുംപടി വരെ പിഡബ്ല്യുഡിയുടെ രേഖകളിൽ കടന്നു കൂടിയില്ല.
പിന്നീട് ഇന്നു വരെ പഴവങ്ങാടി പഞ്ചായത്തും പിഡബ്ല്യുഡിയും മന്ദമരുതി–സ്റ്റോറുംപടി വരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇവിടം പൂർണമായി തകർന്ന് കുളവും തോടുമായി കിടക്കുന്നു.
നടന്നും വാഹനത്തിലും ഇതിലെ യാത്ര അസാധ്യം. ശബരിമല അനുബന്ധ റോഡ് പദ്ധതിയിലാണ് നവീകരണത്തിനു കരാർ ചെയ്തത്.
മന്ദമരുതി–സ്റ്റോറുംപടി വരെ വശം കെട്ടലും കലുങ്ക് നിർമാണവും നടത്തിയതൊഴിച്ചാൽ മറ്റു പണികൾ നടന്നിട്ടില്ല. സമീപവാസികളുടെ പ്രതിഷേധം ശക്തമായപ്പോൾ സ്റ്റോറുംപടിക്കു സമീപം മുതൽ കക്കുടുമൺ വരെ ബിഎം ടാറിങ് നടത്തി.
കക്കുടുമൺ–അത്തിക്കയം വരെ പാറമക്കിട്ടു നിരപ്പാക്കിയിരുന്നു. ഇതിലെ നടക്കാൻ പറ്റാത്ത വിധം മെറ്റലുകൾ ചിതറിക്കിടക്കുന്നു.
3 വർഷത്തോളമായി ഈ സ്ഥിതി നേരിട്ടിട്ട്. സ്കൂൾ വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടുകയാണ്.
ഇതിലുള്ള പ്രതിഷേധത്തിലാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]