
ഓസ്ട്രേലിയയിൽ നഴ്സായ യുവതിയുടെ അപകടമരണം; നഷ്ടപരിഹാരത്തുക 6.5 കോടി നൽകണം: ഹൈക്കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട∙ ഓസ്ട്രേലിയയിൽ നഴ്സായ യുവതി ഓമല്ലൂരിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ച സംഭവത്തിൽ പത്തനംതിട്ട എംഎസിടി അനുവദിച്ച 4 കോടിയുടെ നഷ്ടപരിഹാര തുക ഹൈക്കോടതി 6.5 കോടിയായി വർധിപ്പിച്ചു. കുളത്തൂപ്പുഴ വട്ടരിക്ക മോളി വില്ലയിൽ ജോൺ തോമസിന്റെ ഭാര്യ ഷിബി(34) പിതാവ് ഏബ്രഹാം (64) എന്നിവർ 2013 മേയ് 9ന് രണ്ടാം വർഷ എംബിഎ പരീക്ഷ എഴുതാൻ പത്തനംതിട്ട ചുട്ടിപ്പാറ പരീക്ഷാ കേന്ദ്രത്തിലേക്ക് ഏബ്രഹാമിന്റെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ എതിർ ദിശയിൽ വന്ന ലോറി ഇടിച്ച് ഷിബി അപകട സ്ഥലത്തും ഏബ്രഹാം ആശുപത്രിയിലുമാണ് മരിച്ചത്.
ബന്ധുക്കൾ നൽകിയ കേസിൽ നഷ്ടപരിഹാരമായി 2.92 കോടി രൂപയും 7 ശതമാനം പലിശയും കോടതിച്ചെലവായി 7.14 ലക്ഷം രൂപയും, പിതാവ് മരിച്ച കേസിൽ 4.92 ലക്ഷം രൂപയും 9 ശതമാനം പലിശയും കോടതിച്ചെലവായി 26,897 രൂപയും നൽകാൻ പത്തനംതിട്ട എംഎസിടി വിധിച്ചു.വിധിക്കെതിരെ ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസ് കോടതി ഫയലിൽ സ്വീകരിച്ചതോടെ നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിബിയുടെ കുടുംബം പ്രത്യേക അപ്പീൽ നൽകി. നിയമപ്രകാരം നഷ്ടപരിഹാരമായി ഷിബിയുടെ 16 വർഷത്തെ വരുമാനം ലഭിക്കുന്നതിന് അർഹതയുണ്ടായിട്ടും തുക കൂടുമെന്ന കാരണത്താൽ 10 വർഷം മാത്രമാണ് എംഎസിടി പരിഗണിച്ചത്.
16 വർഷത്തെ ഓസ്ട്രേലിയൻ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും ഹർജി തീയതി മുതൽ 7 ശതമാനം പലിശയും അധികമായി നൽകാൻ ജസ്റ്റിസ് ജോൺസൺ ജോണിന്റെ ബെഞ്ച് ഉത്തരവിട്ടു. കൂടാതെ ഹർജി കക്ഷികളുടെ ചെലവ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഈടാക്കി എടുക്കാൻ പ്രത്യേക ഉത്തരവും നൽകി. മൊത്തം നഷ്ടപരിഹാരമായി 6.5 കോടി രൂപ ലഭിക്കും. ഹർജിക്കാർക്കു വേണ്ടി അഭിഭാഷകരായ മാത്യു ജോർജ്, എ.എൻ.സന്തോഷ് എന്നിവർ ഹാജരായി.