പത്തനംതിട്ട∙ ചെളിനീക്കൽ തുടങ്ങിയപ്പോൾ കുമ്പഴ പമ്പുഹൗസിൽ നിറയെ ആറ്റുമണൽ. 7 ദിവസമായി മോട്ടർ ഉപയോഗിച്ചു പമ്പു ചെയ്തു കുറഞ്ഞതു 6 ലോഡ് മണൽ നദിയിലേക്ക് ഒഴുക്കി.
എന്നിട്ടും തീരാതെ മണൽ പ്രശ്നം. ജലവിതരണം പുനരാരംഭിക്കാൻ പമ്പിങ് നടത്തിയപ്പോൾ ചെളിയോടൊപ്പം മണലും എത്തുന്നു.
പത്തനംതിട്ട നഗരത്തിലെ കുമ്പഴ മേഖലയിലെ 3 വാർഡ്, മൈലപ്ര പഞ്ചായത്ത് എന്നിവിടങ്ങളിൽ പൂർണമായും കുടിവെള്ളം വിതരണം ചെയ്യുന്നത് അച്ചൻകോവിലാറ്റിലെ കുമ്പഴയിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളമാണ്.
ചെളി കയറി ഇവിടുത്തെ 3 മോട്ടറുകൾ തകരാറിലായി.
ഇതേ തുടർന്നു രണ്ടാഴ്ചയിൽ ഏറെയായി ജലവിതരണവും മുടങ്ങി. ഇതിനു പരിഹാരമായാണു ചെളി നീക്കാൻ ജല അതോറിറ്റി പദ്ധതിയിട്ടത്.
3 ദിവസം കൊണ്ടു ചെളിനീക്കാം എന്നായിരുന്നു ജല അതോറിറ്റി പ്രതീക്ഷിച്ചത്. മോട്ടർ ഉപയോഗിച്ചു പമ്പിങ് നടത്തി ചെളിനീക്കൽ തുടങ്ങി.
ചെളി നീക്കി തുടങ്ങിയതോടെ മോട്ടറിലൂടെ മണൽ എത്തുകയായിരുന്നു. 7 ദിവസം പമ്പിങ് നടത്തിയിട്ടും മണൽ നീക്കം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
പമ്പുഹൗസിലെ എല്ലാ മോട്ടറും തകരാറിലായതോടെ പ്രാഥമിക ആവശ്യത്തിനു പോലും വെള്ളം കിട്ടാതെ ജനങ്ങളും വലഞ്ഞു. മൂന്നു മോട്ടറുകളും നന്നാക്കി ഇന്നലെ തിരികെ എത്തിച്ചു.
അവ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കി.
ട്രയലായി വെള്ളം പമ്പു ചെയ്തപ്പോഴാണു ചെളിയും മണലും കയറി വന്നത്. എന്തു ചെയ്യണമെന്ന് അറിയാതെ തൊഴിലാളികളും പ്രതിസന്ധിയിലായി.
മണൽ കൂടുതലായി എത്തിയാൽ മോട്ടർ കത്തിപ്പോകും. നന്നാക്കി തിരികെ എത്തിച്ച മോട്ടർ ഉടൻതന്നെ കത്തിപ്പോയാൽ അതും പ്രശ്നമാകും.
രണ്ടു ദിവസത്തിനുള്ളിൽ ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി. വേനൽ ശക്തി പ്രാപിച്ചതോടെ നഗരത്തിലെയും മൈലപ്ര പഞ്ചായത്തിലെയും ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.
നെടുമനാൽ, എഴുപ്പുരമുരുപ്പ്, തുണ്ടുമൺകര പ്രദേശങ്ങളിൽ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമാണ്. മൈലപ്ര പഞ്ചായത്തിലെ നല്ലൊരുഭാഗം വീടുകളിലും കിണർ ഇല്ല.
പൈപ്പ് വെള്ളത്തെയാണ് ആശ്രയിച്ചു വന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

