ചെങ്ങറ ∙ കടുവ ഭീതിയിലാണു ചെങ്ങറ നിവാസികൾ. തോട്ടങ്ങൾ എല്ലാം കാട് കയറിയതിനാൽ ഏത് നിമിഷവും തങ്ങളുടെ വീടുകൾക്കു സമീപം കടുവ എത്തുമെന്ന ആശങ്കയിലാണ് അവർ.
6 മാസം മുൻപ് രണ്ടര കിലോമീറ്റർ അകലെ അതുമ്പുംകുളത്തു കടവ ഇറങ്ങി പശുവിനെ പിടിച്ചു. അതിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതിനാൽ എല്ലാവരും ആശ്വസിച്ചിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ ടാപ്പിങ്ങിനിറങ്ങിയ പടിഞ്ഞാറ്റിൻകര സി.എം.യോഹന്നാൻ (മോനച്ചൻ –59) കടുവയുടെ മുൻപിൽ പെട്ടത്. ഭാഗ്യത്തിനാണ് രക്ഷപെട്ടത്.
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിലെ കുറുമ്പെറ്റി ഡിവിഷനിൽ റബർ മരങ്ങൾ ടാപ്പിങ് നടത്തുന്നതിനിടെയാണ് മോനച്ചൻ കടുവയുടെ മുൻപിൽപെട്ടത്.
8 മരം വെട്ടി. ഒൻപതാമത്തെ മരത്തിന്റെ ടാപ്പിങ്ങിനായി നീങ്ങിയ സമയത്താണ് കരിയില അനങ്ങുന്ന ശബ്ദം കേട്ടത്.
ഹെഡ്ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ചുവന്ന കണ്ണുകൾ തിളങ്ങുന്നു. ലൈറ്റ് നല്ലതുപോലെ അടിച്ചപ്പോൾ തല ഉയർത്തി.
കടുവയെ ശരിക്കും കണ്ടു. പിന്നെ ജീവനും കൊണ്ട് ഓടി. സുഹൃത്തുക്കളായ മറ്റ് ടാപ്പിങ് തൊഴിലാളികളെയും വിവരം അറിയിച്ചു.
എല്ലാവരും കൂടി ഓടി രക്ഷപെട്ടു. ഭയന്നു വിറച്ചു പനി പിടിച്ചു കിടപ്പിലായി.
കടുവ ഇറങ്ങിയ വിവരം വനപാലകരെ അറിയിച്ചു.
അവർ എത്തി പരിശോധന നടത്തി. വേനൽക്കാലമായതിനാൽ കാൽപാദം കണ്ടെത്താൻ കഴിഞ്ഞില്ല എന്നാൽ മോനച്ചൻ പറഞ്ഞ ലക്ഷണങ്ങൾ അനുസരിച്ച് കടുവയാണെന്നും ജാഗ്രത പാലിക്കണമെന്നും വനപാലകർ മുന്നറിയിപ്പ് നൽകി.
പുലർച്ചെ രണ്ടിനും മൂന്നിനും ടാപ്പിങ്ങിനു പോകരുത്. വെളിച്ചം വീണ ശേഷം മാത്രമേ ഇനിയും ടാപ്പിങ്ങിന് ഇറങ്ങാവു എന്നാണ് അവർ നൽകിയ നിർദേശം.
അതോടെ തൊഴിലാളികൾ എല്ലാം ഭീതിയിലാണ്.
ഒരാൾക്ക് 400 മരം ടാപ്പിങ് നടത്തണം.
കമഴ്ത്തി വെട്ടായതിനാൽ വെളിച്ചം വീഴുന്നതിനു മുൻപ് വെട്ടിത്തീർക്കണം. മുകളിലേക്കു നോക്കിയാണ് കമഴ്ത്തി വെട്ടുന്നത്.
നേരം പുലർന്നാൽ കണ്ണിലേക്കു വെളിച്ചം അടിക്കും. അതിനാൽ ടാപ്പിങ് ബുദ്ധിമുട്ടാണ്.
ഇതൊഴിവാക്കാനാണ് പുലർച്ചെ 2ന് പോകുന്നത്. കടുവ ഇറങ്ങിയതോടെ ജീവൻ പണയംവെച്ചാണു പുറത്തിറങ്ങുന്നത്.
കാടുപിടിച്ച് തോട്ടങ്ങൾ
പ്രദേശത്ത് കടുവ ഉണ്ടെന്ന വിലയിരുത്തലിലാണ് നാട്ടുകാരും വനപാലകരും.
ടാപ്പിങ് നടത്തുന്ന തോട്ടങ്ങളിൽ പോലും കാട് കയറി കിടക്കുകയാണ്. വർഷങ്ങളായി തെളിക്കാറില്ല. അതിനാൽ കുട്ടിവനം പോലെയാണ്.
കാട്ടാന മിക്കപ്പോഴും ഇവിടെ ഉണ്ട്. കേഴ, കാട്ടുപന്നി, മയിൽ, കുരങ്ങ്, മരപ്പട്ടി തുടങ്ങിയവയും ഉണ്ട്. അടുത്തിടെ പല ദിവസവും കാട്ടാനയെ ടാപ്പിങ് തൊഴിലാളികൾ കാണുന്നുണ്ട്.
ലൈറ്റടിയ്ക്കുമ്പോൾ അവ തിരിഞ്ഞു പോകുന്നതിനാൽ ഭയമില്ല. എന്നാൽ കടുവ ഏത് നിമിഷവും തങ്ങൾക്കു നേരെ ചാടി വരുമെന്ന ഭീതിയിലാണ് നാട്ടുകാർ.
‘ടോർച്ച് വെളിച്ചത്തിൽ കണ്ണുകൾ തിളങ്ങി, കടുവ’
സമയം പുലർച്ചെ 2.30.
പതിവ് പോലെ അന്നും പ്ലാന്റേഷനിൽ റബർ ടാപ്പിങ്ങിനിറങ്ങി. 400 മരങ്ങളാണ് ഒരു ദിവസം വെട്ടേണ്ടത്.
റോഡിനു വശത്തുനിന്ന് റബർ വെട്ടിത്തുടങ്ങി. ഏകദേശം ഒൻപതാമത്തെ മരമെത്തിക്കാണും. അപ്പോഴാണ് കരിയില അനങ്ങുന്ന ശബ്ദം കേട്ടത്.
ഞാനല്ലാതെ വേറെയാരാവും കരിയില അനക്കുന്നത്? ഈ ചിന്തയിൽ അനക്കം കേട്ട സ്ഥലത്തേക്ക് തിരിഞ്ഞുനോക്കി.
തലയിൽ വെച്ചിരുന്ന ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു; രണ്ട് വലിയ ചുവന്ന കണ്ണുകൾ!. അവയിൽനിന്ന് തീപാറുന്ന പോലെ, തിളക്കവും.
ഒന്നു നടുങ്ങി. അപ്പോഴാണ് അതിന്റെ രണ്ട് ചെവികളും കൂർത്തത്.
ശരീരത്തിൽ കറുത്ത വരകളും.
കടുവ!. ഞാൻ നന്നായൊന്ന് കിടുങ്ങി.
അപ്പോഴേക്കും കടുവ പതുങ്ങി. എനിക്കപ്പോൾ മനസ്സിലായി.
എവിടൊക്കെയോ വായിച്ചിട്ടുണ്ട്, പതുങ്ങുന്നത് ചാടി വീഴാനാണെന്ന്. ഏകദേശം 20 അടിയുണ്ടാവും ഞങ്ങൾ തമ്മിലുള്ള അകലം.
എന്റെ പകുതിയോളം വലിപ്പവും. പെട്ടെന്ന് ഞാൻ ലൈറ്റണച്ചു.
പിന്നെയൊന്നും ആലോചിച്ചില്ല, ഓടി. പ്ലാന്റേഷനിൽ കൂടെ റബർ വെട്ടിക്കൊണ്ടിരുന്ന ഒന്നു രണ്ടു പേരുടെ അടുത്തേക്ക്.
ചെങ്ങറ സമരഭൂമിക്കടുത്താണ് കണ്ടത്.
ഭാഗ്യത്തിന് അടുത്തുതന്നെയായിരുന്നു റോഡ്. ഇല്ലെങ്കിൽ കടുവ എന്നെ പൂട്ടിയേനെ.
ശരീരമാകെ തളർന്നപോലെയായി. ആശുപത്രിയിൽ പോയിട്ടാണ് അവസ്ഥ ഭേദപ്പെട്ടത്.
ഞാൻ പിന്നെ ജോലിക്കു പോയില്ല. ഇന്നലെ രാവിലെ 6നാണു റബർ വെട്ടാനിറങ്ങിയത്.
കടുവയെ പിടിക്കാൻ കൂടു സ്ഥാപിക്കാമെന്ന് വനംവകുപ്പ് ഉറപ്പു പറഞ്ഞിട്ടുണ്ട്. 39 വർഷമായി ഞാൻ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുറുമ്പറ്റി ഡിവിഷനിൽ ജോലി തുടങ്ങിയിട്ട്.
ആനയെയും മ്ലാവിനെയും പന്നിയെയുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും കടുവ ആദ്യമായാണ്.
ഡിസംബറിൽ ജില്ലയിൽ പിടിച്ചത് 2 കടുവകളെ
റാന്നി കുമ്പളത്താമണ്ണിൽ ഫാമിലെ പോത്തിനെ കൊന്ന കടുവ അതിനടുത്തു തന്നെ കൂട്ടിൽ കുടുങ്ങിയിരുന്നു. കണ്ണിനു കാഴ്ച കുറഞ്ഞ പരുക്കേറ്റ ഈ കടുവയെ തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റി. ഇതിനു ശേഷം ചിറ്റാറിൽ ജനവാസ മേഖലയിൽ കടുവ കിണറ്റിൽ വീണു.
ഈ കടുവയെയും വനംവകുപ്പ് പിടികൂടി ഗവി വനമേഖലയിൽ തുറന്നുവിട്ടു. പെരിയാർ കടുവാ സങ്കേതത്തിൽ കടുവാ സർവേ ഡിസംബറിൽ നടത്തിയിരുന്നു.
ഇതിന്റെ കണക്കുകൾ വരാനുണ്ട്. തുടർച്ചയായി കടുവകൾ ജനവാസ മേഖലയിലെത്തുന്നത് സമീപവാസികളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

