
ചിറ്റാർ∙കാരിക്കയത്ത് കാട്ടാന ശല്യം അതിരൂക്ഷം. ഏക്കർ കണക്കിനു സ്ഥലത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
ഒരു മാസമായി കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.ഈ അവസ്ഥ തുടർന്ന് ജീവൻ തന്നെ അപകടത്തിലാകുമെന്ന ആശങ്കയിലാണ് സ്ഥലവാസികൾ.ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഏതാനും മീറ്റർ മാത്രം ദൂരത്തായുള്ള കൃഷിയിടങ്ങളിലാണ് ആനക്കൂട്ടം സ്ഥിരമായി എത്തുന്നത്. മനോജ് കുളത്തുങ്കൽ, മോഹനൻ തട്ടാമണ്ണിൽ, സുധാകരപണിക്കർ തടത്തേൽ, വിജയൻ തട്ടാമണ്ണിൽ, ലിനു കുളത്തുങ്കൽ എന്നിവരുടെ റബർ, വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളാണ് പ്രധാനമായും നശിപ്പിച്ചത്.മോഹനൻ, മനോജ് എന്നിവർക്കു പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചത്.
മോഹനന്റെ 8 വർഷം പ്രായം വരുന്ന തെങ്ങുകളും നൂറിലധികം വാഴകളും പൂർണമായും നശിപ്പിച്ചു. ഈ പ്രദേശത്ത് ജനവാസം തുടങ്ങിയിട്ട് 80 വർഷത്തോളമായി.
ആദ്യമായാണ് ആനകൾ ഇത്രയും നാശം വരുത്തുന്നതെന്നു മോഹനൻ പറയുന്നു.വീടുകൾക്കു സമീപം വരെയും ആനകൾ രാത്രി എത്തുന്നുണ്ട്.ഭീതിയോടെയാണ് ഇവർ രാത്രി കഴിച്ച് കൂട്ടുന്നത്.വീടുകൾ ആക്രമിക്കുമെന്ന ഭയത്തിലാണ് മിക്കവരും കഴിയുന്നത്.
വനത്തിൽ നിന്നും കാരിക്കയം തോട്ടം വഴിയാണ് കൃഷിയിടങ്ങളിലേക്കു ആനക്കൂട്ടം എത്തുന്നത്. ചില ദിവസങ്ങളിൽ ഒറ്റയാൻ മാത്രമാണ് എത്തുന്നത്.
ഈ ആനയുടെ കാൽപാദത്തിന്റെ അളവനുസരിച്ച് നല്ല വലുപ്പമുള്ള ആനയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ.
മുൻപ് കാരിക്കയം തോട്ടത്തിന്റെ അതിർത്തികളിൽ നല്ല വലുപ്പത്തിലുള്ള ഇരുവാപ്പടകൾ ഉണ്ടായിരുന്നു. ആ സമയത്ത് ആനകൾക്കിറങ്ങാൻ കഴിയില്ലായിരുന്നു.ഇപ്പോൾ പലയിടത്തും ഇരുവാപ്പടകൾ തകർന്നു.
അതു വഴിയാണ് ആനകൾ കൃഷിയിടങ്ങളിലേക്കു ഇപ്പോൾ എത്തുന്നത്. സന്ധ്യയോടെ എത്തുന്ന ആനകൾ നേരം പുലരുവോളം കൃഷിയിടങ്ങളിൽ ഉണ്ടാവും.
വനാതിർത്തികളിൽ കിടങ്ങുകൾ കുഴിച്ചും സൗരോർജ വേലിയോ,ഇരുവാപ്പടകളോ നിർമിച്ചും ആനകളുടെ കടന്നു കയറ്റം തടയാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് സ്ഥലവാസികളുടെ പ്രധാന ആവശ്യം.ആനകളെ തുരത്തുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് കാരിക്കയം നിവാസികൾ വനം വകുപ്പിൽ നിവേദനം നൽകി കാത്തിരിക്കുകയാണ്. രാത്രികാല റോന്ത് ചുറ്റ് ഊർജിതമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]