
ശബരിമല ∙ സന്നിധാനത്തേക്കുള്ള തീർഥാടകരുടെ തിരക്ക് നിയന്ത്രണത്തിനുള്ള ശാസ്ത്രീയ പഠനത്തിന് എഐ ക്യാമറകളും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യത. പുല്ലുമേട് വഴി വരുന്ന തീർഥാടകരെ നിയന്ത്രിച്ച് പതിനെട്ടാംപടി കയറ്റിവിടാൻ പ്രത്യേക ക്യൂ കോംപ്ലക്സ് വേണമെന്ന ആവശ്യവും പരിഗണനയിലാണ്.
കരിമല വഴി കാൽനടയായി എത്തുന്ന തീർഥാടകർക്ക് പതിനെട്ടാംപടി കയറാൻ പ്രത്യേക പാസ് ഒഴിവാക്കും. നിലയ്ക്കൽ മുതൽ സന്നിധാനം വരെ 3മേഖലയായി തിരിച്ച് വിശദമായ പദ്ധതി തയാറാക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിക്കും.
തിരക്കു നിയന്ത്രണത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാൻ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ശബരിമലയിൽ ശാസ്ത്രീയ തിരക്കു നിയന്ത്രണം നടപ്പാക്കാൻ വിശദമായ പഠനം വേണമെന്നും ഓരോ സ്ഥലത്തും കേന്ദ്രീകരിക്കുന്ന തീർഥാടകരുടെ എണ്ണം ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിക്കണമെന്നും അതിനനുസരിച്ചുള്ള സംവിധാനം എല്ലായിടത്തും ഉണ്ടാകണമെന്നും ഇതിനുള്ള പഠനത്തിനു തങ്ങൾക്കു പദ്ധതി ഉണ്ടെന്നു കെഎസ്ആർടിസി അറിയിച്ചു.
എഐ ക്യാമറയുടെ സഹായത്തോടെ വിശദമായ പഠനം നടത്താമെന്ന നിർദേശം തിരുവനന്തപുരം എൻജിനീയറിങ് കോളജും മുന്നോട്ടുവച്ചു. മുൻവർഷങ്ങളിലെ പോരായ്മകൾ മനസ്സിലാക്കി തിരക്കു ഒഴിവാക്കാൻ കഴിയുന്ന കർമ പദ്ധതിയാണ് ശബരിമലയ്ക്കു വേണ്ടതെന്നു എഡിജിപി: എസ്.ശ്രീജിത്ത് അറിയിച്ചു.
റിട്ട.ജസ്റ്റിസ് എസ്.സിരിജഗൻ അധ്യക്ഷനായിരുന്നു. ദേവസ്വം ബോർഡ് അംഗം എ.അജികുമാർ, ചീഫ് എൻജിനീയർ (ജനറൽ) രഞ്ജിത്ത് ശേഖർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
യോഗത്തിലെ മറ്റ് നിർദേശങ്ങൾ
∙കരിമല വഴി കാൽനടയായി എത്തുന്ന തീർഥാടകർക്കു പതിനെട്ടാംപടി കയറാൻ പ്രത്യേക പാസ് നൽകിയത് തിരക്കു നിയന്ത്രണത്തിനു തടസ്സമായി.
∙ എരുമേലിയിൽ നിന്ന് കാൽനടയായി പുറപ്പെടുന്നവർക്കാണു പ്രത്യേക പാസ് ഉദ്ദേശിച്ചത്. ഇത് നടപ്പാക്കിയതോടെ മുക്കുഴി വരെ വാഹനത്തിൽ എത്തിയ ശേഷം കാൽനടയായി സന്നിധാനത്തേക്ക് വരുന്ന തീർഥാടകർ ഏറി.
ഇത് തിരക്കു നിയന്ത്രണത്തെ കാര്യമായി ബാധിച്ചു. ∙ക്യൂ നിൽക്കാതെ എത്തുന്ന തീർഥാടകർ പതിനെട്ടാംപടി കയറാൻ മഹാകാണിക്ക, ആഴി, വാവരുനട, വലിയ നടപ്പന്തൽ എന്നിവിടങ്ങളിൽ തടിച്ചു കൂടി തിക്കും തിരക്കും ഉണ്ടാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇത് പൂർണമായും ഒഴിവാക്കണം. ∙പുല്ലുമേട് വഴി എത്തുന്നവർക്കുള്ള പ്രത്യേക ക്യൂവിൽ വാവരു നടയുടെ ഭാഗത്ത് ക്യൂ നിൽക്കാതെ വരുന്നവർ ഇടിച്ചു കയറുന്നത് തിരക്കു നിയന്ത്രണം പാളാൻ ഇടയാക്കുന്നു.
∙ പമ്പ–നിലയ്ക്കൽ ചെയിൻ സർവീസ് ബസുകൾ കയറാൻ ത്രിവേണിയിൽ തിക്കും തിരക്കുമാണ്.
ഇവിടെ പ്രത്യേക ക്രമീകരണം വേണം. ∙പമ്പയിൽ ഗതാഗത തടസ്സമില്ലാതെ വാഹനങ്ങൾ നിർത്തി തീർഥാടകരെ ഇറക്കാനുള്ള മാർഗങ്ങൾ വേണം.
∙ പമ്പാ മണപ്പുറം, ഗണപതികോവിൽ എന്നിവിടങ്ങളിലെ തിരക്കു നിയന്ത്രണം വേണം. .സന്നിധാനത്ത് തിരക്കു കൂടുമ്പോൾ പമ്പയിൽ തീർഥാടകരെ തടഞ്ഞു നിർത്തുമ്പോൾ അവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം വേണം.
∙ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള ക്യൂ കോംപ്ലക്സുകൾ പ്രയോജനപ്പെടുത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]