
പത്തനംതിട്ട ∙ 1983 ജൂലൈ 13ന് സിപിഎം പത്തനംതിട്ട
ജില്ലാ കമ്മിറ്റിയുടെ രൂപീകരണ പ്രഖ്യാപനം നടത്തിയത് അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസായിരുന്നു. പത്തനംതിട്ട
എൻഎസ്എസ് ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. 13 അംഗ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതും വിഎസ് ആണ്.ഭക്ഷ്യമന്ത്രിയായിരുന്ന ഇ.ജോൺ ജേക്കബ് മരണത്തെ തുടർന്ന് 1979ൽ നടന്ന തിരുവല്ല ഉപതിരഞ്ഞെടുപ്പിൽ സിപിഎം ചുമതല നൽകിയത് വിഎസിനെ ആയിരുന്നു.
കുറ്റൂരിലെ തടി ഫാക്ടറിയിൽനിന്നു പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സിഐടിയു സമരം ചെയ്യുന്ന കാലം.
സമരം ഒത്തുതീർപ്പാക്കാതെ ഉപതിരഞ്ഞെടുപ്പിൽ ഇറങ്ങില്ലെന്നു കുറ്റൂരുകാർ വാശിപിടിച്ചു. ജനപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് അന്ന് വിഎസ് തെളിയിച്ചു.
ഫാക്ടറി തൊഴിലാളി യൂണിയൻ നേതാവ് കെ.അനന്തഗോപൻ നിരാഹാര സമരം തുടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1979 മേയ് 25ന് അനന്തഗോപൻ നിരാഹാര സമരം തുടങ്ങി.
171 ദിവസം നീണ്ട സമരം ജൂൺ ഒന്നിന് ഒത്തുതീർപ്പായതും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ്.1997ൽ പരുമല കോളജിലെ വിദ്യാർഥികളുടെ മരണം, കോട്ടായി സമരം എന്നിവ നടന്നപ്പോഴും വിഎസ് ഓടി എത്തിയത് അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ.അനന്തഗോപൻ ഓർക്കുന്നു.
2009ൽ ലോക്സഭയിലേക്ക് അനന്തഗോപൻ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തതും വിഎസ് തന്നെ.
മുഖ്യമന്ത്രിയായിരിക്കെ, ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്ക് വിഎസ് എത്തിയതും സാമ്പത്തിക സഹായം പ്രഖ്യാപിച്ചതും സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറിന്റെ ഓർമകളിലുണ്ട്.പമ്പ, അച്ചൻകോവിൽ നദികളിൽ നിന്നുള്ള വെള്ളം തമിഴ്നാട്ടിലെ മേക്കര ഡാമിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയെ ആദ്യം എതിർത്തത് വിഎസ് ആയിരുന്നു. 2003ൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കെ നിയമസഭയിൽ സബ്മിഷനിലൂടെ വിഷയം എത്തിച്ചു.
മേക്കര അണക്കെട്ടിലേക്ക് 15 കിലോമീറ്റർ നീളത്തിൽ ടണൽ നിർമിച്ച് തമിഴ്നാട് വെള്ളം ചോർത്തുന്നു എന്നായിരുന്നു ആരോപണം.
എന്നാൽ, അങ്ങനെയൊരു ടണൽ നിർമിച്ചിട്ടില്ല എന്നായിരുന്നു അന്നത്തെ ജലസേചന മന്ത്രി ടി.എം.ജേക്കബ് സഭയെ അറിയിച്ചത്. വിഎസ് വിട്ടുകൊടുത്തില്ല.
മേക്കര അണക്കെട്ടിലെ വെള്ളത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന നിലപാടിൽ ഉറച്ചുനിന്നു.ഗൗരവമേറിയ പ്രശ്നമെന്ന നിലയിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റി ഡാം സന്ദർശിച്ചു സ്ഥിതി അറിയിക്കാൻ അന്നു സ്പീക്കറായിരുന്ന വക്കം പുരുഷോത്തമൻ നിർദേശിച്ചു. നദികളെ സംരക്ഷിക്കാനുള്ള സമരത്തിനു തുടക്കമിട്ട് വിഎസ് പത്തനംതിട്ടയെത്തി.
രാത്രി ഇവിടെ വിശ്രമിച്ചശേഷം മേക്കരയിലേക്കു പോയത് ഒപ്പമുണ്ടായിരുന്ന സിപിഎം നേതാക്കളായ രാജു ഏബ്രഹാം, കെ.അനന്തഗോപൻ എന്നിവർ ഓർക്കുന്നു.വിഎസിനു പത്തനംതിട്ട ജില്ലയോടു മറ്റൊരു സ്നേഹബന്ധമുണ്ട്.
അദ്ദേഹം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പത്തനംതിട്ട ജില്ലയുടെ പകുതിയിലേറെ ഭാഗം ആലപ്പുഴയുടെ ഭാഗമായിരുന്നു.
തിരുവല്ല, പന്തളം, ഇലവുംതിട്ട, മെഴുവേലി, പുല്ലാട്, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടിയെ വളർത്തിയത് അഴിമതിക്കും അസമത്വത്തിനും എതിരെയുള്ള സമരത്തിലൂടെയാണ്.
ദുർഘടമായ പാതകൾ താണ്ടി മലയോര ഗ്രാമങ്ങളിൽ അദ്ദേഹമെത്തി. അധികാര രാഷ്ട്രീയം കണ്ടില്ലെന്നു നടിച്ച ജില്ലയിലെ ചെറിയ സംഭവങ്ങൾക്കു പോലും അദ്ദേഹം പോർമുഖങ്ങൾക്ക് ഇന്ധനമായതു സിഐടിയു നേതാവ് കെ.സി.രാജഗോപാലിന്റെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നു.
ആറന്മുളയ്ക്കും മറക്കാനാവാത്ത നേതാവ്
∙ വിമാനത്താവളത്തിനെതിരായ സമരത്തിന്റെ 17ാം ദിവസമാണ് വിഎസ് പങ്കെടുക്കാനെത്തിയത്. 2014 ഫെബ്രുവരി 14നായിരുന്നു അത്.
‘ആറന്മുളക്കാർ കഞ്ഞി കുടിച്ചു കഴിയുന്നത് സഹിക്കാൻ കഴിയാത്തവരാണ് ഡൽഹിയെയും യുഡിഎഫ് സർക്കാരിനെയും സ്വാധീനിച്ച് വിമാനത്താവളം ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നതെന്ന്’ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. വിമാനത്താവളത്തിന്റെ കാര്യത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ആറന്മുളയിലെ ജനങ്ങൾ തെറ്റുതിരുത്തി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘വയലും തോടുംകൊണ്ട് പ്രകൃതിരമണീയമായ നാടിനെ ശുഷ്കമാക്കാനാണ് ശ്രമം.
ആരെയും എന്തും വിലയ്ക്കു വാങ്ങാൻ കഴിയുമെന്ന ധാർഷ്ട്യത്തിനെതിരേ ജനകീയ കോട്ട ഉയരുന്നത് ആവേശകരമാണ്.
ഏതാനും പ്രമാണിമാർക്ക് ആകാശ സഞ്ചാരം നടത്താനാണ് വിമാനത്താവള പദ്ധതി. അതിനായി ആരെയും സ്വാധീനിക്കാൻ അവർ തയാറാണ്.
വയലും തോടുമുണ്ടെങ്കിലേ ജീവിക്കാനാകൂ എന്നു തിരിച്ചറിഞ്ഞ് ജനങ്ങൾ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നൽകേണ്ടത് നമ്മുടെ കടമയാണ്. എത്രകാലം സമരം ചെയ്തായാലും നാടിനെ സംരക്ഷിക്കണം. കൃഷി വികസിപ്പിക്കാനും സുഖമായി ജീവിക്കാനും വേണ്ടിയുള്ള സമരമാണിത്.
ആറന്മുളയിൽ വിമാനം ഇറക്കാനുള്ള ഗൂഢനീക്കത്തെ എല്ലാ വിധത്തിലും പ്രതിരോധിക്കണമെന്നും’ അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിനെതിരെ നടന്ന സമരങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ നുണകൾ കൊണ്ടൊരു വിമാനത്താവളം എന്ന കൈപ്പുസ്തകം കവയിത്രി സുഗതകുമാരി പ്രകാശനം ചെയ്തിരുന്നു.
വി.എസ്.അച്യുതാനന്ദൻ അന്ന് ഏറ്റുവാങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]