
ആങ്ങമൂഴി ഗവി– വനപാത; രണ്ട് വർഷം കൊണ്ട് റോഡ് വീണ്ടും കുഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീതത്തോട് ∙ ആങ്ങമൂഴി–ഗവി റോഡിന്റെ മിക്ക ഭാഗവും കുണ്ടും കുഴിയും. റോഡിലേക്കു വളർന്ന് നിൽക്കുന്ന ഈറ്റകൾ വാഹനയാത്രക്കാർക്കു ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.നടപടികൾ സ്വീകരിക്കാതെ മരാമത്ത് വകുപ്പ്.സംസ്ഥാനത്തെ പ്രധാന ടൂറിസം മേഖലയായ ഗവിയിലേക്കുള്ള റോഡ് രണ്ട് വർഷം മുൻപാണ് കോടികൾ വിനിയോഗിച്ച് വിവിധ കരാറുകാരുടെ നേതൃത്വത്തിൽ ടാറിങ് ചെയ്തത്. ഇവയെല്ലാം നിശ്ചിത കാലാവധി തികയും മുൻപേ കുണ്ടും കുഴിയുമായി.ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് മുതൽ മൂഴിയാർ 40 ഏക്കർ വരെയുള്ള 20 കിലോമീറ്ററിനുള്ളിൽ 25ൽ അധികം വലിയ കുഴികളാണുള്ളത്.
കരാർ കാലാവധി പ്രകാരം ഈ കുഴികൾ എല്ലാം അടച്ച് സഞ്ചാരയോഗ്യമാക്കേണ്ട ചുമതല കരാറുകാർക്കാണുള്ളത്. റോഡിന്റെ ശോച്യാവസ്ഥ പലതവണ മരാമത്ത് വിഭാഗം അധികൃതരെ സ്ഥലവാസികൾ അടക്കം അറിയിച്ചിരുന്നെങ്കിലും കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികൾ നീളുകയാണ്. നിലവിലുള്ള കുഴികളിൽ ഇറങ്ങുമ്പോൾ വാഹനങ്ങളുടെ അടി ഭാഗം ഇടിച്ച് കേടുപാടുകൾ സംഭവിക്കുന്നത് പതിവാണ്. ഗവിയിലേക്കു എത്തുന്ന സഞ്ചാരികളിൽ ഏറെയും ചെറിയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
സഞ്ചാരികളെ കൂടാതെ പൊലീസ്, വനം, കെഎസ്ഇബി തുടങ്ങിയ വകുപ്പുകളിലെ വാഹനങ്ങൾ അടക്കം ദിവസവും 50 അധികം ചെറിയ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. കെഎസ്ആർടിസിയുടെ 3 സ്ഥിരം സർവീസുകളും 5ൽ കുറയാതെ ഉല്ലാസ സംഘങ്ങളുടെ ബസുകളും ഈ റൂട്ടിലെ പതിവ് യാത്രക്കാരാണ്. റോഡിലേക്കു വളർന്ന് നിൽക്കുന്ന ഈറ്റകൾ കാരണം വാഹനം ഓടിക്കുവാൻ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണന്നാണ് ഡ്രൈവർമാർ പറയുന്നത്. പല സ്ഥലത്ത് ഈറ്റകൾ റോഡിലേക്കു ഒടിഞ്ഞ് കിടപ്പുണ്ട്.
അടുത്ത സമയം ഇതുവഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ദേഹത്ത് ഈറ്റ കൊണ്ടു ഗുരുതരമായി പരുക്കേറ്റിരുന്നു.മൂഴിയാർ മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ നേതൃത്വത്തിൽ പല തവണ ഈറ്റകൾ മുറിച്ച് മാറ്റിയിരുന്നു. റോഡ് വക്കുകളിൽ കാട്ടാനകൾ നിന്നാൽ കാണാത്ത വിധം ഈറ്റകൾ വളർന്ന് നിൽക്കുകയാണ്. ഈ അവസ്ഥയിൽ ഇതുവഴിയുള്ള ഡ്രൈവിങ് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴക്കാലം കൂടിയായാൽ കോടമഞ്ഞ് മൂടി കിടക്കുന്ന റോഡിലൂടെയുള്ള ഡ്രൈവിങ് ഏറെ പ്രയാസമാകും.